X

ലാഭം കൊയ്ത് കൊച്ചി മെട്രോ; 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നേട്ടം

കൊച്ചി: പ്രവര്‍ത്തന ലാഭത്തിലൂടെ അഭിമാനാര്‍ഹമായ നേട്ടവുമായി കൊച്ചി മെട്രോ. മെട്രോ 2017 ജൂണിലാണ് സര്‍വ്വീസ് ആരംഭിച്ചത്. ആരംഭിച്ച 2017 ജൂണില്‍ 59,894 ആളുകളാണ് മെട്രോയില്‍ യാത്ര ചെയ്തത്. 2017 ആഗസ്റ്റ് മാസം അത് 32,603 ആയി കുറഞ്ഞെങ്കിലും ഡിസംബറില്‍ എണ്ണം 52,254 ആയി ഉയര്‍ന്നു. 2018ല്‍ യാത്രക്കാരുടെ എണ്ണം നാല്‍പ്പതിനായിരത്തിന് മുകളില്‍ പോയില്ല. എന്നാല്‍ 2019 ഒക്ടോബറിനും ഡിസംബറിനുമിടയില്‍ അറുപതിനായിരത്തിലധികം പേര്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തു. മറ്റെല്ലാ മേഖലയും പോലെ കൊച്ചി മെട്രോയെയും കൊവിഡ് പ്രതിസന്ധിയിലാക്കി.

കൊവിഡ് കാലത്ത് 2021 മെയ് മാസം യാത്രക്കാരുടെ എണ്ണം 5300 ആയി കുറഞ്ഞിരുന്നു. കൊവിഡിന് ശേഷം 2021 ജൂലൈയില്‍ യാത്രക്കാരുടെ എണ്ണം 12,000 ആയി ഉയര്‍ന്നു. പിന്നീട് കെഎംആര്‍എല്ലിലെ വിവിധ വിഭാഗങ്ങളുടെ തുടര്‍ച്ചയായ പരിശ്രമം കൊണ്ടും വിവിധ പ്രചരണ പരിപാടികളിലൂടെയും ഓഫറുകളിലൂടെയും യാത്രക്കാരെ കൊച്ചി മെട്രോയിലേക്കെത്തിക്കാന്‍ സാധിച്ചു. 2022 സെപ്തംബറിനും നവംബറിനുമിടക്ക് യാത്രക്കാരുടെ ശരാശരി എണ്ണം 75000 കടന്നു. 2023 ജനുവരിയില്‍ ശരാശരി യാത്രക്കാരുടെ എണ്ണം 80,000 കടക്കുകയും പിന്നീട് സ്ഥിരതയോടെ ഉയര്‍ന്ന് ഒരു ലക്ഷത്തിലധികം യാത്രക്കാരിലേക്കെത്തി. യാത്രക്കാരുടെ എണ്ണത്തിലെ വര്‍ദ്ധന ഫെയര്‍ ബോക്‌സ് വരുമാനം ഉയരുന്നതിനും സഹായകരമായി. 2020-21 കാലത്ത് 12.90 കോടി രൂപയായിരുന്ന ഫെയര്‍ ബോക്‌സ് വരുമാനം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 75.49 കോടി രൂപയിലേക്കുയര്‍ന്നു. 2020-21 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 485 ശതമാനം വര്‍ദ്ധനവാണിത്. നോണ്‍ ഫെയര്‍ ബോക്‌സ് വരുമാനത്തിനും മികച്ച വളര്‍ച്ചയാണുണ്ടായത്. നോണ്‍ ഫെയര്‍ ബോക്‌സ് വരുമാനം 2020-21 സാമ്പത്തിക വര്‍ഷം 41.42 കോടി രൂപയില്‍ നിന്ന് 2022-23 വര്‍ഷത്തില്‍ 58.55 കോടി രൂപയായി ഉയര്‍ന്നു. അതായത് ഫെയര്‍ ബോക്‌സ്, നോണ്‍ ഫെയര്‍ ബോക്‌സ് വരുമാനങ്ങള്‍ കൂട്ടുമ്പോള്‍ 2020-21 വര്‍ഷത്തിലെ ഓപ്പറേഷണല്‍ റവന്യു 54.32 കോടി രൂപയില്‍ നിന്ന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 134.04 കോടി രൂപയായി ഉയര്‍ന്നു. 145 ശതമാനം വളര്‍ച്ചയാണിത്.

2022-23 വര്‍ഷത്തില്‍ കൊച്ചി മെട്രോയുടെ രണ്ട് സ്റ്റേഷനുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും 2020-21 വര്‍ഷത്തേക്കാള്‍ ഏകദേശം 15 ശതമാനം വര്‍ദ്ധനവ് മാത്രമാണ് പ്രവര്‍ത്തന ചെലവില്‍ വന്നിരിക്കുന്നത്. വിവിധ ചെലവ് ചുരുക്കല്‍ നടപടികളിലൂടെയാണ് ഇത് സാധ്യമായത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 56.56 കോടി രൂപയില്‍ നിന്ന് 2021-2022 ല്‍ ഓപ്പറേഷല്‍ ലോസ് 34.94 കോടി രൂപയിലേക്ക് കുറയ്ക്കാന്‍ കെഎംആര്‍എല്ലിന് സാധിച്ചിരുന്നു. തുടര്‍ച്ചയായ പരിശ്രമത്തിലൂടെ ഓപ്പറേഷല്‍ ലോസ് ഇല്ലാതാക്കാനും ആദ്യമായി 5.35 കോടി രൂപ ഓപ്പറേഷല്‍ പ്രോഫിറ്റ് നേടാനും 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി മെട്രോയ്ക്ക് സാധ്യമായി.

വിദ്യാര്‍ത്ഥികള്‍ക്കും സ്ഥിരം യാത്രികര്‍ക്കുമായുള്ള വിവിധ സ്‌കീമുകള്‍ ഏര്‍പ്പെടുത്തിയതും സെല്‍ഫ് ടിക്കറ്റിംഗ് മഷീനുകള്‍ സ്ഥാപിച്ചതും യാത്രക്കാരെ ആകര്‍ഷിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ക്യാംപെയിനുകളും വിജയം കണ്ടു. യാത്രക്കാര്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നത് വഴിയും കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാന്‍ സാധിച്ചു. പ്രവര്‍ത്തനമാരംഭിച്ച് കുറഞ്ഞ കാലയളവില്‍ ഒപ്പേറഷണല്‍ പ്രോഫിറ്റ് എന്ന ഈ നേട്ടം കെഎംആര്‍എല്ലിന്റെ തുടര്‍ച്ചയായ പരിശ്രമങ്ങളുടെ ഫലമാണ് എന്ന് മാനേജിങ് ഡയറക്ടര്‍ ശ്രീ ലോക്‌നാഥ് ബെഹ്റ പറഞ്ഞു.

webdesk11: