X
    Categories: CultureNewsViews

മുത്തലാഖ് നിരോധിക്കപ്പെടേണ്ടത് തന്നെ; മോദി സര്‍ക്കാറിന് പരസ്യ പിന്തുണയുമായി കോടിയേരി

തിരുവനന്തപുരം: മുത്തലാഖ് വിഷയത്തില്‍ മോദി സര്‍ക്കാറിന് പരസ്യ പിന്തുണയുമായി സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുത്തലാഖ് നിരോധിക്കാന്‍ മോദി സര്‍ക്കാര്‍ ഉന്നയിക്കുന്ന ന്യായവാദങ്ങള്‍ അതേപടി ഏറ്റുപിടിക്കുന്ന കോടിയേരി ആദ്യമായി ഇതിനെതിരെ രംഗത്ത് വന്നത് സി.പി.എം ആണെന്നും അവകാശപ്പെടുന്നു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്.

തങ്ങള്‍ മുസ്ലിങ്ങള്‍ക്കൊപ്പമാണെന്ന് തോന്നിപ്പിക്കാന്‍ മുത്തലാഖ് ബില്ലില്‍ മുസ്ലിം സമുദായത്തിന് അനുകൂലമായി നിലപാടെടുത്ത സി.പി.എം കോടിയേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ തങ്ങളുടെ തനിനിറം പുറത്താക്കിയിരിക്കുകയാണ്. ഇസ്ലാമിലെ മുത്തലാഖ് എന്ന സമ്പ്രദായം മനുഷ്യത്വരഹിതവും അന്തസ്സില്ലാത്തതും സ്ത്രീവിരുദ്ധവുമാണെന്നാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കോടിയേരി പറയുന്നത്. ഇതിനെതിരെ ആദ്യം നിലപാട് സ്വീകരിച്ചത് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ 1980 കളുടെ രണ്ടാം പകുതിയില്‍ സി.പി.എമ്മാണ്. അന്നത്തെ ശരീഅത്ത് വിരുദ്ധ നിലപാടുകളില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

ഇസ്ലാമിക ശരീഅത്ത് കാലഹരണപ്പെട്ടതാണെന്നും അത് കാലത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോവുമെന്നുമായിരുന്നു ശരീഅത്ത് വിവാദ കാലത്ത് ഇ.എം.എസ് പറഞ്ഞത്. മുത്തലാഖ് മാത്രമല്ല ബഹുഭാര്യത്വം, സ്ത്രീക്കും പുരുഷനും തുല്യമായ സ്വത്തവകാശം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ശരീഅത്ത് വിരുദ്ധമായ നിലപാടാണ് അന്ന് ഇ.എം.എസ്. സ്വീകരിച്ചത്. ആ നിലപാടുകളിലെല്ലാം തങ്ങള്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുവെന്നാണ് കോടിയേരി പറയുന്നത്.

സി.പി.എമ്മിന്റെ മുസ്ലിം സ്‌നേഹം കാപട്യമാണെന്നും തരം കിട്ടിയില്‍ അവര്‍ സംഘപരിവാറിന് സമാനമായി ഇസ്ലാമിക വിരുദ്ധ നിലപാട് സ്വീകരിക്കുമെന്ന വിമര്‍ശനം സത്യമാണെന്ന് തെളിയിക്കുന്നതാണ് ശരീഅത്ത് വിരുദ്ധ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്ന കോടിയേരിയുടെ പുതിയ നിലപാട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: