X

കൂടത്തായ് കൊലപാതകം; ജോളിയും മാത്യുവും സ്വര്‍ണപണിക്കാരനും അറസ്റ്റിൽ


വടകര: കോഴിക്കോട് കൂടത്തായിയില്‍ അടുത്തബന്ധുക്കളായ ആറുപേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുന്നത് തുടരുന്നു. മരിച്ചവരുടെ അടുത്ത ബന്ധുവായ ജോളിയെയും ഇവര്‍ക്ക് സയനൈഡ് എത്തിച്ചുനല്‍കിയെന്ന് കരുതുന്ന ജ്വല്ലറി ജീവനക്കാരനെയുമാണ് വടകര റൂറല്‍ എസ്.പി. ഓഫീസില്‍വെച്ച് ചോദ്യം ചെയ്യുന്നത്.

അതിനിടെ, സംഭവത്തില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും, ഇയാളുടെ പിതാവിനെയും നടത്തിയ ചോദ്യംചെയ്യലില്‍ സംഭവത്തില്‍ പങ്കില്ലെന്നാണ് ഷാജു മൊഴിനല്‍കിയിരുന്നതെങ്കിലും ഇയാളെ വിശദമായി ചോദ്യംചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

അതേസമയം, കേസില്‍ നിലവില്‍ കസ്റ്റഡിയിലായ ജോളിയും ജ്വല്ലറി ജീവനക്കാരനും കുറ്റസമ്മതം നടത്തിയെന്നും വിവരമുണ്ട്. അങ്ങനെയാണെങ്കില്‍ ശനിയാഴ്ച ഉച്ചയോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. മരിച്ചവരുടെ മൃതദേഹം കല്ലറകളില്‍നിന്ന് പുറത്തെടുത്ത് കഴിഞ്ഞദിവസം പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ഫോറന്‍സിക് ലാബില്‍നിന്ന് ലഭിച്ചതിനുശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് െ്രെകംബ്രാഞ്ച് നേരത്തെ തീരുമാനിച്ചതെങ്കിലും ഇവര്‍ കുറ്റം സമ്മതിച്ച സാഹചര്യത്തില്‍ ശനിയാഴ്ച തന്നെ അറസ്റ്റ് രേഖപ്പെടുത്താമെന്നാണ് അന്വേഷണസംഘത്തിന് കിട്ടിയ നിയമോപദേശം.

chandrika: