X

കൊറിയയ്ക്ക് മുകളില്‍ വട്ടമിട്ട് യു.എസ് ബോംബര്‍ വിമാനങ്ങള്‍

സോള്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദക്ഷിണകൊറിയ സന്ദര്‍ശിക്കാനിരിക്കെ കൊറിയന്‍ ഉപഭൂഖണ്ഡത്തിനുമേല്‍ രണ്ട് യുഎസ് ബോംബര്‍ വിമാനങ്ങള്‍ പറന്നു. ഇതിനൊപ്പം ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും പോര്‍ വിമാനങ്ങളും ഒപ്പമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബോംബര്‍ വിമാനങ്ങള്‍ പറന്നതിനെ വിമര്‍ശിച്ചു കൊണ്ട് ഉത്തരകൊറിയ രംഗത്തെത്തി.

നാളെ മുതല്‍ 14 വരെയാണ് ട്രംപ് ദക്ഷിണകൊറിയ സന്ദര്‍ശിക്കുന്നത്. ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ട്രംപ് കൊറിയയിലെത്തുന്നത്. പസഫിക് സമുദ്രത്തിലെ ഗുവാം ദ്വീപിലുള്ള ആന്‍ഡേഴ്‌സണ്‍ എയര്‍ഫോഴ്‌സ് ബേസില്‍നിന്നാണ് ബോംബര്‍ വിമാനങ്ങള്‍ പറന്നുയര്‍ന്നത്. കൊറിയയുടെ തെക്ക് വശത്തും ജപ്പാന്റെ പടിഞ്ഞാറ് വശത്തുമായാണ് വിമാനങ്ങള്‍ സൈനികാഭ്യാസം നടത്തിയത്. കൊറിയന്‍ വ്യോമാതിര്‍ത്തിയില്‍ മഞ്ഞക്കടല്‍ മേഖലയില്‍ കൊറിയന്‍ പോര്‍ വിമാനങ്ങളുമായി പരിശീലനം നടത്തിയതിന് ശേഷമാണ് ഈ വിമാനങ്ങള്‍ തിരികെയെത്തിയത്.

നേരത്തേ തീരുമാനിച്ച ഉഭയകക്ഷി പരിശീലനത്തിന്റെ ഭാഗമായ ദൗത്യമായിരുന്നുവെന്നും ഇപ്പോഴുള്ള സംഭവ വികാസങ്ങളുമായി കൂട്ടിച്ചേര്‍ക്കേണ്ടെന്നും യുഎസ് വക്താക്കള്‍ വിശദീകരിച്ചു. എന്നാല്‍, ഈ അഭിപ്രായത്തെ ഉത്തര കൊറിയ വിമര്‍ശിച്ചു. ഗുണ്ടാസംഘങ്ങളെപ്പോലെയാണ് യുഎസ് പെരുമാറുന്നതെന്നും ആണവ ശക്തിയായ ഉത്തര കൊറിയയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആണവ യുദ്ധമുണ്ടാക്കാന്‍ യുഎസ് പ്രകോപനം സൃഷ്ടിക്കുകയാണെന്നും കുറ്റപ്പെടുത്തി.

തീവ്രവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നു

വീണ്ടും ഉത്തര കൊറിയയ്‌ക്കെതിരെ വിമര്‍ശനവുമായി യുഎസ്. ഉത്തര കൊറിയ തീവ്രവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുകയാണെന്നു വൈറ്റ്ഹൗസ് ആരോപിച്ചു. തീവ്രവാദത്തെ ഉത്തര കൊറിയ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്. ആര്‍ മക് മാസ്റ്റര്‍ പറഞ്ഞു. നോര്‍ത്ത് കൊറിയയ്‌ക്കെതിരെ ലോകത്ത് തന്ത്രപരമായ നീക്കമാണ് യുഎസ് പ്രസിഡന്റ് ലക്ഷ്യമിടുന്നത്. കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്‍ കിം ജോങ് നാമിന്റെ മരണത്തെക്കുറിച്ചും മക് മാസ്റ്റര്‍ ശക്തമായി പ്രതികരിച്ചു. കൊലയാളികളെ ഉപയോഗിച്ച് പൊതുസ്ഥലത്തു വച്ചു കൊലപാതകങ്ങള്‍ വരെ നടത്തുന്നു. സഹോദരന്റെ മരണത്തില്‍ പോലും ഭരണാധികാരികള്‍ സംശയത്തിന്റെ നിഴലിലാണ്. ഇതെല്ലാം മറ്റൊരു തീവ്രവാദത്തിന്റെ പകര്‍പ്പാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: