X

പരാജയങ്ങളുടെ പാപഭാരം സൈനുദ്ദീന്‍ സിദാന്റെ ചുമലില്‍ തന്നെ

ലണ്ടന്‍: പരാജയങ്ങളുടെ പാപഭാരം സൈനുദ്ദീന്‍ സിദാന്റെ ചുമലില്‍ തന്നെ… സ്പാനിഷ് ലാലീഗയിലും യുവേഫ ചാമ്പ്യന്‍സ് ലീഗിലും പരാജയമുഖത്ത് നില്‍ക്കുന്ന റയല്‍ മാഡ്രിഡ് വളരെ പെട്ടെന്ന് ശനിയകറ്റാത്ത പക്ഷം അടുത്ത സീസണില്‍ പരിശീലക സ്ഥാനത്ത് സിദാനുണ്ടാവില്ലെന്ന് സൂചനകള്‍. പോയ സീസണില്‍ കിരീടങ്ങള്‍ പലതും ക്ലബിന് സമ്മാനിച്ച പരിശീലകനോട് ദയയില്ലാത്ത സമീപനമാണ് ഇപ്പോള്‍ തന്നെ ഫ്‌ളോറന്റീനോ പെരസ് പ്രസിഡണ്ടായുള്ള റയല്‍ മാനേജ്‌മെന്റ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ലീഗില്‍ റയലിനെ 3-1ന് തോല്‍പ്പിച്ച ടോട്ടനത്തിന്റെ പരിശീലകന്‍ മൗറീസിയോ പോച്ചറ്റീനോയെ ബെര്‍ണബുവിലെത്തിക്കാന്‍ ചിലര്‍ ശ്രമം തുടങ്ങിയതായാണ് ലണ്ടനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

റയല്‍-ടോട്ടനം മല്‍സരം കാണാന്‍ വെംബ്ലിയില്‍ ഫ്‌ളറോന്റീനോ പെരസ് ഉള്‍പ്പെടുന്ന റയല്‍ മാനേജ്‌മെന്റ് തലത്തിലെ ഉന്നതര്‍ എത്തിയിരുന്നു. സിദാന് ടീമിനെ രക്ഷിക്കാന്‍ കഴിയാത്തപക്ഷം പുതിയ സീസണില്‍ മൗറീസിയോയെ ടോട്ടനത്തില്‍ നിന്നും റയലിലെത്തിക്കാനാണ് ശ്രമം. മൗറീസിയോക്ക് ഇതില്‍ താല്‍പ്പര്യമുണ്ട്. കൂടാതെ ഇപ്പോള്‍ ടോട്ടനത്തിന്റെ ശക്തികളായ ഹാരി കെയിന്‍, ദാലെ അലി എന്നിവരെയും റയലില്‍ എത്തിക്കാനാണ് നീക്കം. എന്നാല്‍ ഇത്തരത്തിലൊരു നീക്കത്തിന് റയല്‍ സ്ഥീരീകരണം നല്‍കുന്നില്ല.

മൗറീസിയോയും ഫ്‌ളോറന്റീനോ പെരസും തമ്മില്‍ അടുത്ത വ്യക്തിബന്ധമുണ്ട്. ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തിന് ശേഷം അദ്ദേഹം ടോട്ടനം ഡ്രസ്സിംഗ് റൂമിലെത്തി മൗറീസിയോയെ കണ്ടിരുന്നു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ പെരസുമായി തനിക്ക് മികച്ച വ്യക്തിബന്ധമാണുളളതെന്നും റയല്‍ മാഡ്രിഡ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്ലബാണെന്നും മൗറീസിയോ പറഞ്ഞിരുന്നു.

പരിശീലകന്‍ എന്ന നിലയില്‍ സിദാന്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. സൂപ്പര്‍ താരങ്ങളെല്ലാമുണ്ടായിട്ടും ടീമിന്റെ തോല്‍വികള്‍ക്ക് വ്യക്തമായ ഉത്തരം അദ്ദേഹത്തിനുണ്ട്. പക്ഷേ എല്ലാം പരസ്യമാക്കാന്‍ താല്‍പ്പര്യമില്ല. പെരസുമായുളള സംഭാഷണത്തില്‍ തന്റെ നീരസം സിദാന്‍ പ്രകടിപ്പിച്ചിട്ടുണ്ട്. പരിശീലകന്‍ എന്ന നിലയില്‍ പൂതിയ സീസണിലേക്ക് താന്‍ നിര്‍ദ്ദേശിച്ച പല താരങ്ങളുടെയും കാര്യത്തില്‍ മാനേജ്‌മെന്റ്് അനുകൂലമായല്ല പ്രതികരിച്ചത്. റൊണാള്‍ഡോയെ അമിതമായി ആശ്രയിക്കുന്നത് മൂലം അദ്ദേഹത്തിന്റെ ഫോം ടീമിനെ ബാധിക്കുന്നുണ്ട്. ലാലീഗയില്‍ ഇത് വരെ ഒരു ഗോള്‍ മാത്രമാണ് അദ്ദേഹം സ്‌ക്കോര്‍ ചെയ്തത്. ചാമ്പ്യന്‍സ് ലീഗിലും ആവേശകരമല്ല ചാമ്പ്യന്‍ താരത്തിന്റെ പ്രകടനം. ലാലീഗയില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുളള ബാര്‍സിലോണയില്‍ നിന്നും എട്ട് പോയന്റ്് അകലെയാണ് റയല്‍. ചാമ്പ്യന്‍സ് ലീഗിലാവട്ടെ ഗ്രൂപ്പ് എച്ചില്‍ ടോട്ടനത്തിന് പിറകില്‍ രണ്ടാം സ്ഥാനത്തും. ലാലീഗയിലും ചാമ്പ്യന്‍സ് ലീഗിലും ചാമ്പ്യന്മാരായ ടീമാണ് ഈ വിധം പിറകില്‍ നില്‍ക്കുന്നത്.

chandrika: