X

തിരുവനന്തപുരത്ത് നിന്ന് മൂന്നര മണിക്കൂറില്‍ വൃക്ക കോഴിക്കോട് മിംസില്‍ എത്തിച്ചു; അനുയോജ്യനായ ആളെയും കണ്ടെത്തി

കോഴിക്കോട്: തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസിലേക്ക് അവയവും പേറിയുള്ള ജീവന്‍ രക്ഷാദൗത്യം തുടര്‍ച്ചയായ രണ്ടാം ദിവസവും ആവര്‍ത്തിച്ചു. അങ്കമാലിയില്‍ മസ്തിഷ്‌കമരണം സ്ഥിരീകരിച്ച ആല്‍ബിന്‍ പോളിന്റെ വൃക്കയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മസ്തിഷ്‌കാഘാതം സംഭവിച്ച് മരണപ്പെട്ട മുഗുഡേശ്വരിന്റെ കരള്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തിരുന്നു. ആല്‍ബിന്‍ പോളിന്റിന്‍െ ഇരുവൃക്കകളും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് നല്‍കാമെന്നാണ് ആദ്യം ധാരണയായിരുന്നത്. ഇതേ തുടര്‍ന്ന് പെട്ടെന്ന് തന്നെ വൃക്ക തിരുവനന്തപുരത്തെത്തിക്കുകയും ചെയ്തു. എന്നാല്‍ സാങ്കേതികമായ കാരണങ്ങള്‍ ഒരു വൃക്കമാത്രമേ അവിടെ സ്വീകരിക്കുവാന്‍ സാധിക്കുമായിരുന്നുള്ളൂ.

എത്രയും പെട്ടെന്ന് അനുയോജ്യനായ സ്വീകര്‍ത്താവിനെ കണ്ടെത്തി വൃക്കമാറ്റിവെക്കല്‍ നടത്തുക എന്നത് വലിയ വെല്ലുവിളിയായതിനെ തുടര്‍ന്ന് നിയോഗം കോഴിക്കോട് ആസ്റ്റര്‍ മിംസ് ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി 11 മണിയോടെ വൃക്കയുമായി ആംബുലന്‍സ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് പുറപ്പെട്ടു. ഈ സമയത്തിനിടയില്‍ ആസ്റ്റര്‍ ഗ്രൂപ്പ് കേരള ആന്റ് ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്റെയും ഡോ. ഫിറോസ് അസിസിന്റെയും നേതൃത്വത്തില്‍, ട്രാന്‍സ്പ്ലാന്റ് ഡോക്ടര്‍മാരും ട്രാന്‍സ്പ്ലാന്റ് മാനേജര്‍ അന്‍ഫി മിജോ, അമൃത, ഹോസ്പിറ്റല്‍ മാനേജര്‍ മിര്‍സാദ് എന്നിവരും ചേര്‍ന്ന് രോഗിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അസമയമായതിനാലും അടിയന്തരമായി കണ്ടെത്തേണ്ടി വരുന്നതിനാലും വലിയ വെല്ലുവിളിയാണ് ഇവര്‍ നേരിട്ടത്.

പുലര്‍ച്ചെ മൂന്നരയോടെ തിരുവനന്തപുരത്ത് നിന്ന് അവയവും വഹിച്ചുള്ള ആംബുലന്‍സ് കോഴിക്കോടെത്തുമ്പോഴേക്കും കോഴിക്കോട് സ്വദേശിയായ ഫൈസലിന് വൃക്ക അനുയോജ്യമാണെന്ന് കണ്ടെത്തുകയും അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് തയ്യാറാക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നിന്ന് വെറും മൂന്നര മണിക്കൂര്‍ സമയം മാത്രമെടുത്താണ് ആംബുലന്‍സ് കോഴിക്കോടെത്തിയത്. തുടര്‍ന്ന് 7 മണിയോടെ ഫൈസലിനെ ഓപ്പറേഷന്‍ തിയ്യറ്ററിലേക്ക് പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് ഡോ. രവികുമാറിന്റെ നേതൃത്വത്തിലുള്ള നെഫ്രോളജി ടീമും, ഡോ. സജിത്ത് നാരായണന്റെ നേതൃത്വത്തിലുള്ള റിനല്‍ ട്രാന്‍സ്പ്ലാന്റ് ടീമും നേതൃത്വം വഹിച്ചു.

web desk 1: