X

വിമതസ്ഥാനാര്‍ത്ഥിയുടെ ചിത്രം പകര്‍ത്തിയതിന് പത്ര ഫോട്ടോഗ്രാഫറെ കൊല്ലുമെന്ന് സിപിഎം ഭീഷണി

കോഴിക്കോട്: കോര്‍പറേഷനില്‍ വിമത സ്ഥാനാര്‍ത്ഥിയുടെ പത്രികാസമര്‍പ്പണം ക്യാമറയില്‍പകര്‍ത്തിയതിന് ഫോട്ടോഗ്രാഫറെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെയാണ് കേസെടുത്തത്. മലയാള മനോരമ സീനിയര്‍ ഫോട്ടോഗ്രാഫര്‍ സജീഷ് ശങ്കറിന് നേരെയാണ് സി.പി.എം അതിക്രമമുണ്ടായത്. ഫോട്ടോയെടുക്കുന്നതിനിടെ കൈയില്‍നിന്ന് ക്യാമറ പിടിച്ചുവാങ്ങിയെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ സജീഷ് പറയുന്നു. എടുത്ത ഫോട്ടോ നീക്കംചെയ്യിപ്പിച്ചശേഷമാണ് അക്രമിസംഘം മടങ്ങിയത്. സ്ഥാനാര്‍ത്ഥി നാമനിര്‍ദേശപത്രികാസമര്‍പ്പണത്തിന്റെ അവസാനദിവസമായ വ്യാഴാഴ്ച കോര്‍പറേഷന്‍ ഓഫീസിലെ ഹാളിന് സമീപത്തുവെച്ചാണ് മാധ്യമപ്രവര്‍ത്തകന്റെ ജോലിതടസപ്പെടുത്തി സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണിയും കൈയേറ്റവുമുണ്ടായത്.

കോര്‍പറേഷന്‍ 35ാം ഡിവിഷനായ ആഴ്ചവട്ടത്തെ സി.പി.എം കൗണ്‍സിലറായ പി.പി ഷഹീദയാണ് വിമതസ്ഥാനാര്‍ത്ഥിയായി പത്രികസമര്‍പ്പിച്ചത്. മുന്നണിയിലേക്ക് തിരിച്ചെത്തിയ എല്‍.ജെ.ഡിയ്ക്കാണ് എല്‍.ഡി.എഫ് ഈ സീറ്റ് നല്‍കിയത്. ഇതേതുടര്‍ന്നാണ് നിലവിലെ കൗണ്‍സിലര്‍ മുന്നണിതീരുമാനത്തിന് വിരുദ്ധമായി പത്രികസമര്‍പ്പിച്ചത്. സീറ്റ് ജെ.ഡി.യുവിന് കൈമാറിയതില്‍ ആഴ്ചവട്ടത്ത് വലിയ പ്രതിഷേധമുയരുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് കോര്‍പറേഷന്‍ ഓഫീസിലും അരങ്ങേറിയത്. സ്ഥാനാര്‍ത്ഥിയെ നിരീക്ഷിക്കാനെത്തിയവരാണ് ഫോട്ടോഗ്രാഫര്‍ക്കെതിരെ കൈയേറ്റം നടത്തിയത്.

സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രികസമര്‍പ്പിക്കുന്ന ചിത്രമെടുക്കുന്നത് തടഞ്ഞതിനെതിരെ വ്യാപകപ്രതിഷേധമാണുയര്‍ന്നത്. നഗരസിരാകേന്ദ്രമായ കോര്‍പറേഷന്‍ ഓഫീസില്‍വെച്ചാണ് ഇത്തരം സംഭവമുണ്ടായതെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു. വിമതസ്ഥാനാര്‍ത്ഥികളുടെ പത്രികാസമര്‍പ്പണവും പ്രചരണവുമെല്ലാം വാര്‍ത്തയാക്കുന്നതിലുള്ള സി.പി.എം അസഹിഷ്ണുതയാണ് ഇതിനുപിന്നിലെന്നും ആരോപണമുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമാധ്യമ പ്രവര്‍ത്തനത്തിനോടുള്ള വെല്ലുവിളിയാണെന്ന് പ്രതികളെ ഉടന്‍ പിടികൂടണമെന്നും പത്രപ്രവര്‍ത്തകയൂണിയന്‍ ജില്ലാ പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി.എസ് രാകേഷും പറഞ്ഞു.

 

web desk 3: