X
    Categories: CultureMoreNewsViews

സാമ്പത്തിക സംവരണം വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള തന്ത്രം: കെ.പി.എ മജീദ്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണം മുന്നോക്ക സമുദായത്തിന്റെ വോട്ട് ലക്ഷ്യമിട്ടുള്ള തന്ത്രമാണെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഈ വിഷയത്തില്‍ എല്ലാ സംവരണ സമുദായങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കെ.എ.എസ് സംവരണ അട്ടിമറിക്കും സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നീക്കത്തിനുമെതിരേ എം.എസ്.എഫ് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.എ.എസിന്റെ രണ്ടും മൂന്നും സ്ട്രീമുകളില്‍ സംവരണം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത് കടുത്ത അനീതിയാണ്. നിയമ വകുപ്പും, എസ്.സി-എസ്.ടി കമ്മിഷനും, ന്യൂനപക്ഷ കമ്മിഷനും സംവരണം നല്‍കണമെന്ന് ശിപാര്‍ശ ചെയ്തിട്ടും സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല. എ.ജിയുടെ നിയമോപദേശമാണ് നടപ്പാക്കുന്നതെന്നാണ് വിശദീകരണം. എന്നാല്‍ എ.ജി മുഖ്യമന്ത്രിയുടെ താല്‍പര്യത്തിന് അനുസരിച്ച് മാത്രമേ നിയമോപദേശം നല്‍കുകയുള്ളൂ. പിന്നോക്ക സമുദായങ്ങള്‍ക്ക് സംവരണ ആനുകൂല്യം നല്‍കിയിട്ടും സര്‍ക്കാര്‍ സര്‍വീസുകളില്‍ പ്രാതിനിധ്യം കുറവാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് പോലും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.എന്‍.എ ഖാദര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കെ.എ.എസില്‍ സംവരണവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഭരണ ഘടന നല്‍കിയ വാഗ്ദാനങ്ങള്‍ ഇടതു സര്‍ക്കാര്‍ ലംഘിച്ചിരിക്കുകയാണ്. സാമ്പത്തിക സംവരണം ഇടതു മുന്നണിയുടെ പ്രകടന പത്രികയിലുണ്ടായിരുന്നുവെന്നും ഇടതുമുന്നണി പ്രഖ്യാപിച്ചത് മോദി നടപ്പാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംവരണ വിഷയത്തിലായാലും ഏക സിവില്‍കോഡ് വിഷയത്തിലായാലും ഫാസിസ്റ്റികളെ അതേ നിലപാടാണ് ഇടതുമുന്നണി സ്വീകരിക്കുന്നതെന്നും അദ്ദേഹം
പറഞ്ഞു.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷനായി. എം.എസ്.എഫ് ജനറല്‍ സെക്രട്ടറി എം.പി നവാസ് സ്വാഗതം പറഞ്ഞു. എം.എല്‍എ മാരായ അഡ്വ.എം. ഉമ്മര്‍, എന്‍.എ നെല്ലിക്കുന്ന്, പി.ഉബൈദുള്ള, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, പ്രൊഫ.തോന്നയ്ക്കല്‍ ജമാല്‍, കണിയാപുരം ഹലീം, എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ യൂസഫ് വല്ലാഞ്ചിറ, മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാര്‍, ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ യൂജിന്‍ പെരേര, ദലിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍, പിന്നോക്കക്ഷേമ വികസന വകുപ്പ് മുന്‍ ഡയറക്ടര്‍ വി.ആര്‍ ജോഷി, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ.പി നസീര്‍, എസ്.കെ.എസ്.എസ്.എഫ് സിറാജ് അഹ്മദ്, അഡ്വ സുള്‍ഫിക്കര്‍ സലാം, ഹാഷിം ബംബ്രാണി , നിഷാദ് കെ സലിം, സല്‍മാന്‍ ഹനീഫ് ,കെ കെ എ അസീസ് , ഹാരിസ് കരമന തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം ഫവാസ്, കെ.ടി റഹൂഫ്, ഷഫീക് വഴിമുക്ക്, ആബിദ് ആറങ്ങാടി, മുനീര്‍ വടകര, ബാദുഷ എറണാകുളം, അല്‍ത്താഫ് സുബൈര്‍, അന്‍വര്‍ ഇടുക്കി, അംജദ് കൊല്ലം,ഷജീര്‍ ഇക്ബാല്‍, അല്‍ റെസിന്‍, സദ്ദാം ഹരിപ്പാട്, ബിലാല്‍ റഷീദ്, അസ്ലഹ് ചടയമംഗലം, ഹാമീം വാമനപുരം, അബ്ദുല്ല കരുവള്ളി, ഹകീം വി.പി.സി, ഷഹബാസ് കാട്ടിലാന്‍, പി.പി ഷൈജല്‍ , റിയാസ് കല്ലുവയല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: