X

കൂട്ടുത്തരവാദിത്വമില്ലാത്ത മന്ത്രിസഭയെന്ന ഹൈക്കോടതി പരാമര്‍ശം സര്‍ക്കാറിനുള്ള കുറ്റപത്രം: കെ.പി.എ മജീദ്

 

കോഴിക്കോട്: കൂട്ടുത്തരവാദിത്വമില്ലാത്ത മന്ത്രിസഭയാണ് കേരളത്തിലേതെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പരാമര്‍ശം സര്‍ക്കാറിനുള്ള കുറ്റപത്രമാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സംസ്ഥാന സര്‍ക്കാറിന് എതിരെ ഒരു മന്ത്രി തന്നെ കോടതിയെ സമീപിച്ച അപൂര്‍വ്വ സംഭവം ഗൗരവമേറിയതാണ്. കോടതി നിരീക്ഷണവും നിലവിലെ സാഹചര്യവും, തോമസ് ചാണ്ടിയുടെ രാജികൊണ്ട് മാത്രം തീരുന്നതല്ല.

സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനമെടുത്ത് ആലപ്പുഴ കളക്ടര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിനെ സര്‍ക്കാരിന്റെ ഭാഗമായ മന്ത്രി തന്നെ ചോദ്യം ചെയ്യുന്നത് ഭരണഘടനാ ലംഘനമാണ്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയോട് രാജിവെക്കണമെന്ന് കോടതി തന്നെ പരോക്ഷ ആവശ്യം ഉന്നയിച്ചിട്ടും ചെറുവിരല്‍ അനക്കാന്‍ മുഖ്യമന്ത്രി ഭയന്നു.

മന്ത്രി തോമസ് ചാണ്ടിക്ക് മുഖ്യമന്ത്രിയിലും സര്‍ക്കാരിലും വിശ്വാസമില്ലെന്നും കായല്‍ കയ്യേറ്റ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട ഗൗരവം കാണിച്ചില്ലെന്നുമുള്ള നിരീക്ഷണം മുഖ്യമന്ത്രിക്ക് എതിരെയുള്ള പ്രഹരമാണ്. മന്ത്രിസഭാ തീരുമാനത്തെ ചേദ്യം ചെയ്യുന്നത് അപക്വമായ നടപടിയാണെന്ന ഹൈക്കോടതി ശാസന ഗൗരവമേറിയതാണ്.

കൂട്ടുത്തരവാദിത്വമില്ലാത്ത സര്‍ക്കാരെന്ന കോടതി പരാമര്‍ശം സംസ്ഥാന സര്‍ക്കാരിനുള്ള തീരാകളങ്കമാണ്. കായലും മലയും കയ്യേറുന്നവരുടെയും നിയമവാഴ്ചയെ വെല്ലുവിളിക്കുന്നവരുടെയും അഭയകേന്ദ്രമായി എല്‍.ഡി.എഫ് മാറി. സര്‍വ്വ മേഖലയിലും പരാജയമായ സര്‍ക്കാറിന്റെ വഴിവിട്ട പോക്കിനെതിരായ ഹൈക്കോടതിയുടെ താക്കീത് ഉള്‍ക്കൊള്ളണമെന്നും കെ.പി.എ മജീദ് കൂട്ടിച്ചേര്‍ത്തു.

chandrika: