X

സോളാര്‍: സര്‍ക്കാരിന് ആശയക്കുഴപ്പം; അന്വേഷണം സങ്കീര്‍ണമാകും

തിരുവനന്തപുരം: സോളാര്‍ കേസിലെ തുടരന്വേഷണ കാര്യത്തില്‍ സര്‍ക്കാരിന് ആശയക്കുഴപ്പം. ഏതൊക്കെ കാര്യങ്ങളാണ് അന്വേഷിക്കേണ്ടതെന്നത് സംബന്ധിച്ചാണ് ആശയക്കുഴപ്പം. പതിവ് രീതികളും സോളാറില്‍ തെറ്റി. സര്‍ക്കാര്‍ ഉത്തരവ് ലഭിക്കാത്തതിനാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട തുടര്‍നടപടികളൊന്നും ഡി.ജി.പി രാജേഷ് ദിവാന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഉത്തരവ് സംബന്ധിച്ച് ആശയക്കുഴപ്പം ഉള്ളതുകൊണ്ടാണ് എസ്.എ.ടി തലവന് നിര്‍ദേശം കൈമാറാത്തതെന്നാണ് വിവരം. വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശമെങ്കിലും കേസിന്റെ സങ്കീര്‍ണത മൂലം അന്വേഷണം നീളുമെന്ന് ഉറപ്പാണ്.
ഐ.പി.സി, സി.ആര്‍.പി.സി, അഴിമതി വിരുദ്ധ നിയമം എന്നിവ ഉപയോഗിച്ച് നടപടികളെടുക്കണമെന്ന് മാത്രമാണ് സര്‍ക്കാര്‍ ഉത്തരവില്‍ ഉള്ളത്. അതായത് എന്തൊക്കെ കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് പ്രത്യേകസംഘം തീരുമാനിക്കണമെന്ന് ചുരുക്കം. ഇവിടെ പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെന്നതാണ് സര്‍ക്കാര്‍ നിലപാട്. അതുകൊണ്ട് സരിതയുടെ പുതിയ ലൈംഗിക പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്താനുമാവില്ല. നിലവില്‍ എ.പി അബ്ദുള്ളക്കുട്ടി പീഡിപ്പിച്ചെന്ന സരിതയുടെ പരാതിയും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. പുതിയ അന്വേഷണ സംഘത്തിന് മുന്നിലും ഈ പരാതിയെത്തും. ഒരേ കാര്യത്തില്‍ രണ്ട് എഫ്.ഐ.ആര്‍ പാടില്ലന്നതാണ് നിയമം.
ഈ സാഹചര്യത്തില്‍ സരിതയുടെ എല്ലാ പരാതികളും പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കി ഉത്തരവിറക്കിയില്ലെങ്കില്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന കാര്യം ഡി.ജി.പി തന്നെ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. സോളാര്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലുള്ള ഐ.ജി ദിനേന്ദ്ര കശ്യപുമായി നേരത്തെ മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. പഴുതകളടച്ചുള്ള അന്വേഷണം വേഗത്തില്‍ തീര്‍പ്പാക്കണമെന്ന നിര്‍ദേശം ദിനേന്ദ്രകശ്യപിന് മുഖ്യമന്ത്രി നല്‍കിയതായാണ് വിവരം. മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്റെ വിവരങ്ങള്‍ കശ്യപ് ഡി.ജി.പി രാജേഷ് ദിവാനെ അറിയിച്ചിട്ടുണ്ട്. ഉടന്‍ അന്വേഷണ സംഘം യോഗം ചേരും. അഴിമതി ആരോപണങ്ങള്‍ സംഘത്തിലുള്ള വിജിലന്‍സ് ഉദ്യോഗസ്ഥരും, പീഡന പരാതികള്‍ ക്രൈംബ്രാഞ്ച്, പൊലീസ് ഉദ്യോഗസ്ഥരും അന്വേഷിക്കാനാണ് നിലവിലെ തീരുമാനം. സോളാര്‍ തട്ടിപ്പിലെ പരാതിക്കാരുടെയും പ്രതികളായ സരിത എസ.് നായരുടെയും ബിജു രാധാകൃഷ്ണന്റെയും മൊഴി രേഖപ്പെടുത്തുന്ന നടപടികളും ഉടനുണ്ടാകും.
ഉമ്മന്‍ചാണ്ടിക്ക് എതിരെ ലൈംഗിക പീഡനകേസ് ചുമത്തി കേസെടുക്കുമെന്ന പിണറായി വിജയന്റെ പ്രഖ്യാപനം നടപ്പാകാനുള്ള സാധ്യത മങ്ങിയതോടെ സര്‍ക്കാറിനും വേണ്ടത്ര ചൂടില്ല. ഈ സാഹചര്യത്തില്‍ തുടരന്വേഷണം നടത്തി കേസിനെക്കുറിച്ചു അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടാല്‍ മാത്രം കേസ് റജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നാണ് തീരുമാനം. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരവും സരിതയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കുറ്റത്തിന് മാനഭംഗക്കേസും റജിസ്റ്റര്‍ ചെയ്യുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്.

chandrika: