X
    Categories: kerala

മുഖ്യമന്ത്രി കേരളത്തെ കൊള്ള സംഘത്തിന് വിട്ടുകൊടുത്തു: കെ.പി.എ മജീദ്

കോഴിക്കോട്: മുഖ്യമന്ത്രി കേരളത്തെ കൊള്ളസംഘത്തിന് വിട്ടുകൊടുത്തിരിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ഒരുവശത്ത് സ്വര്‍ണ്ണ കള്ളക്കടത്തും മറുവശത്ത് ലഹരി മരുന്ന് കച്ചവടത്തിനുമാണ് സര്‍ക്കാരും സി.പി.എമ്മും ഒത്താശ ചെയ്തുകൊടുത്തത്. ബിനീഷ് കോടിയേരി കേവലം ഒരു വ്യക്തിയല്ല. പാര്‍ട്ടിയിലും ഭരണത്തിലും സ്വാധീനമുള്ള വ്യക്തിയാണ്.

സി.പി.എം നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും അറിവോടെയല്ലാതെ മയക്കുമരുന്ന് കച്ചവടം നടത്താനുള്ള ധൈര്യം ബിനീഷിന് ലഭിക്കില്ല. സ്വര്‍ണ്ണ കള്ളക്കടത്ത് സംഘവും മയക്കുമരുന്ന് സംഘവും തമ്മില്‍ ബന്ധമുണ്ട്. മയക്കുമരുന്ന്, സ്വര്‍ണ്ണക്കടത്ത്, ഹവാല ഇടപാട് എന്നിങ്ങനെ എല്ലാ അധോലോക പ്രവര്‍ത്തനങ്ങളിലും ബന്ധപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍. സ്വര്‍ണ്ണക്കടത്തിനും മയക്കുമരുന്ന് കേസിനും പിന്തുണ പ്രഖ്യാപിച്ച രീതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസും എ.കെ.ജി സെന്ററും പെരുമാറുന്നത്.- അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിന്റെ നേതൃത്വത്തില്‍ അധോലോക പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇന്ത്യയിലെ ചെറുപ്പക്കാരെ മുഴുവന്‍ തകര്‍ക്കുന്ന ലഹരിമരുന്ന് കച്ചവടത്തിനാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തെ ഒന്നടങ്കം അപമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇത്രത്തോളം നാണംകെട്ട ഒരു ഗവണ്‍മെന്റ് കേരളത്തില്‍ ഉണ്ടായിട്ടില്ല. അപമാനം കൊണ്ട് തലകുനിക്കേണ്ട അവസ്ഥയിലായിട്ടും പിണറായിക്കോ കോടിയേരിക്കോ ഒരു കുലുക്കവുമില്ല. അധികാര ദുര്‍വിനിയോഗം നടത്തി കേരളത്തെ കൊള്ളസംഘങ്ങള്‍ക്ക് വിട്ടുകൊടുത്തത് ചെറിയ കുറ്റമല്ല. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട ഈ സര്‍ക്കാര്‍ ഉടന്‍ രാജിവെച്ച് ഒഴിയണം. -കെ.പി.എ മജീദ് പറഞ്ഞു.

web desk 1: