X

പീസ് സ്‌കൂള്‍ അടച്ചൂപൂട്ടാനുള്ള ഉത്തരവ് ദുരുദ്ദേശ്യപരം: കെ.പി.എ മജീദ്

കല്‍പ്പറ്റ: എറണാകുളം ചക്കരപ്പറമ്പിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് ദുരുദ്ദേശ്യപരമാണെന്നും കേരളത്തിലെ വിദ്യാഭ്യാസ രംഗം കാവിവല്‍കരിക്കാനുള്ള ശ്രമം ശക്തമാണെന്ന് സംശയിക്കേണ്ട സാഹചര്യമാണ് നിലിവലുള്ളതെന്നും മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. സ്‌കൂള്‍ പൂട്ടാനുള്ള യഥാര്‍ത്ഥം കാരണം വിശദീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സ്‌കൂളില്‍ മതവൈരം വളര്‍ത്തുന്ന പുസ്തകങ്ങള്‍ പഠിപ്പിക്കുന്നുണ്ടെങ്കില്‍ അത് ഏതാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത വിദ്യാഭ്യാസവകുപ്പിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ.പി.എ മജീദ്.

വിദ്യാഭ്യാസരംഗത്ത് കാവിവല്‍ക്കരണത്തിനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നതിനിടയില്‍ തന്നെ നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കുന്ന ഇത്തരം തീരുമാനങ്ങളുണ്ടാവുന്നത് സംശയാസ്പദമാണ്. സ്വാതന്ത്ര ദിനത്തില്‍ പാലക്കാട്ടെ സ്‌കൂളില്‍ ദേശീയപതാകയുയര്‍ത്തിയ ആര്‍.എസ്.എസ്. നേതാവ് മോഹന്‍ ഭഗവതിനെതിരെ നടപടിയെടുക്കാതിരിക്കുകയും വിഷയത്തില്‍ കൃത്യമായ നിലപാടെടുത്ത ജില്ലാ കലക്ടറെ സ്ഥലം മാറ്റുകയും ചെയ്തത് ഈ സര്‍ക്കാരാണ്. നിയമസഭയില്‍ ചോദ്യങ്ങളുയര്‍ന്നിട്ടുപോലും സംഭവത്തില്‍ മോഹന്‍ഭാഗവതിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷികം ആഘോഷിക്കാന്‍ പ്രത്യേക ഉത്തരവിറക്കുകയും ആര്‍.എസ്.എസ് കായിക പരിശീലനത്തിന് സ്‌കൂളുകള്‍ അനുവദിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സംശയത്തിന്റെ നിഴലിലാണ്. വിവാദ ഉള്ളടക്കങ്ങള്‍കൊണ്ട് വാര്‍ത്തയായ വിദ്യാഭാരതിയുടെ സ്‌കോളര്‍ഷിപ്പ് പുസ്തകം വിതരണം ചെയ്യാന്‍ ഡി.പി.ഐ തന്നെ നിര്‍ദ്ദേശം നല്‍കിയതും വലിയ വിവാദമുയര്‍ത്തിയിരുന്നു. വിദ്യാഭ്യാസവകുപ്പില്‍ നടക്കുന്ന ഇത്തരം കാവിശ്രമങ്ങള്‍ക്കെതിരെ നിസംഗത തുടരുന്ന വകുപ്പ് മന്ത്രിയും ഇടതുസര്‍ക്കാരും സംസ്ഥാനത്തെ സൗഹൃദാന്തരീക്ഷമാണ് തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നത്. സംസ്ഥാനത്ത് കേട്ടുകേള്‍വിയില്ലാത്ത ഇത്തരം നടപടികള്‍ കേരളത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു.

chandrika: