X
    Categories: CultureMoreNewsViews

ജലീലിന് കുരുക്കായി ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്റെ വിശദീകരണം

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന് മേലുള്ള കുരുക്ക് മുറുക്കി ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്റെ വാര്‍ത്താസമ്മേളനം. ജലീലിനെ പ്രതിരോധിക്കാനാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. എന്നാല്‍ ചെയര്‍മാന്റെ വിശദീകരണം കഴിഞ്ഞതോടെ ജലീലിനെതിരെ യൂത്ത് ലീഗ് ഉന്നയിച്ച ആരോപണം ശരിയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെട്ടു.

ജനറല്‍ മാനേജര്‍ നിയമനത്തിനുള്ള യോഗ്യതയില്‍ ബിടെക് ഉള്‍പ്പെടുത്തണമെന്ന് കോര്‍പറേഷന്‍ ആവശ്യപ്പെട്ടിട്ടില്ല. യോഗ്യതയില്‍ മാറ്റം വരുത്തിയത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണെന്നും ചെയര്‍മാന്‍ പറഞ്ഞു. സൌത്ത് ഇന്ത്യന്‍ ബാങ്ക് സ്റ്റാറ്റിയൂട്ടറി പദവിയില്‍ വരുമോയെന്ന കാര്യം തര്‍ക്കത്തിലുള്ള വിഷയമാണെന്നും ചെയര്‍മാന്‍ എ.പി അബ്ദുല്‍വഹാബ് വിശദീകരിച്ചു.

കെ.ടി ജലീലിന് പിന്തുണയുമായാണ് വഹാബ് വാര്‍ത്താസമ്മേളനം വിളിച്ചത്. അദീബിന് മാത്രമേ യോഗ്യതയുണ്ടായിരുന്നുള്ളൂ, മറ്റ് ഏഴ് പേര്‍ക്ക് യോഗ്യതയുണ്ടായിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞതും. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ വിശദീകരണങ്ങള്‍ ഫലത്തില്‍ ജലീലിനെ കുരുക്കുന്നതാണ്. ജനറല്‍ മാനേജര്‍ നിയമനത്തിനുള്ള യോഗ്യതയില്‍ മാറ്റം വരുത്താന്‍ കോര്‍പറേഷന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന വിശദീകരണം മന്ത്രിയെ കൂടുതല്‍ പ്രതിരോധത്തിലാക്കും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: