X

മന്ത്രി ജലീലിന്റെ ദ്രോഹ നിലപാടില്‍ പ്രതിഷേധം; വഖഫ് അദാലത്തില്‍ നിന്ന് സമസ്ത വിട്ടു നില്‍ക്കും

കോഴിക്കോട്: മന്ത്രി കെ.ടി ജലീലിന്റെ ഏകപക്ഷീയവും ദ്രോഹകരവുമായ നിലപാടില്‍ പ്രതിഷേധിച്ച് മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന വഖഫ് അദാലത്തില്‍ നിന്നും പിന്‍മാറാന്‍ സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു. തര്‍ക്കത്തിലിരിക്കുന്ന പള്ളി, മദ്‌റസകള്‍, സ്ഥാപനങ്ങള്‍, വഖഫ് വസ്തുക്കള്‍ എന്നിവക്ക് നീതിയുക്തവും രമ്യവുമായ പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച വഖഫ് ബോര്‍ഡ് അദാലത്തില്‍ സഹകരിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തയാറാകുകയും ഇത് സംബന്ധമായി മന്ത്രി വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അദാലത്ത് നടപടികളുമായി മുന്നോട്ടു പോകുന്നതിനിടയില്‍ മന്ത്രി കെ.ടി ജലീലിന്റെ ഭാഗത്തു നിന്നുണ്ടായ നിലപാടുകള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. സമസ്തക്കെതിരെ നിരന്തമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവരും വഖഫ് കേസുകളില്‍ ഇടപെടുന്നവരുമായ കാന്തപുരം വിഭാഗത്തിലെ രണ്ട് പ്രതിനിധികളെ മാത്രം വഖഫ് ട്രിബൂണലായി നിയമിക്കുകയും മഹല്ലുകളിലുണ്ടാകുന്ന തര്‍ക്കങ്ങളിലും കേസുകളിലും സമസ്തക്കെതിരെ നിലകൊള്ളുകയും ചെയ്യുന്ന മന്ത്രി ജലീലിന്റെ നിലപാട് നീതിക്ക് നിരക്കാത്തതാണെന്നും യോഗം വിലയിരുത്തി. വഖഫ് ട്രിബൂണല്‍ നിയമനം പുനപരിശോധിക്കാമെന്ന് മുഖ്യമന്ത്രി സമസ്ത നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുള്ള മുസ്‌ലിയാര്‍ സ്വാഗതവും മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, എം.എം മുഹയ്ദ്ദീന്‍ മൗലവി, കെ.ടി ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. എന്‍.എ.എം അബ്ദുള്‍ ഖാദിര്‍, ടി.കെ പരീക്കുട്ടി ഹാജി, വി മോയിമോന്‍ ഹാജി, എം.സി മായിന്‍ ഹാജി, അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു.

chandrika: