X
    Categories: CultureNewsViews

ഇനിയും മാര്‍ക്ക്ദാനം നടത്തും; ചട്ടങ്ങളും വകുപ്പുകളും തള്ളിപ്പറഞ്ഞ് കെ.ടി ജലീലിന്റെ പരസ്യവെല്ലുവിളി

മുക്കം: മാര്‍ക്കുദാന വിവാദത്തില്‍ ഇടതുമുന്നണി കൂടി കൈവിട്ട് പ്രതിരോധത്തിലായതോടെ തന്റെ പ്രവത്തികള്‍ക്ക് അനുകമ്പയുടെ പ്രതിരോധം തീര്‍ക്കാന്‍ മന്ത്രി കെ.ടി.ജലീലിന്റെ വിഫല ശ്രമം. ചട്ടങ്ങളെയും വകുപ്പുകളെയും തള്ളിപ്പറഞ്ഞ് തന്റെ നിലപാട് ശരിയെന്നു വരുത്താന്‍ മന്ത്രി നടത്തിയ ശ്രമം കൂടുതല്‍ കുരുക്കിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചത്. മുക്കത്ത് ബി.പി മൊയ്തീന്‍ സേവാ സെന്റര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു മന്ത്രി ചട്ടങ്ങളേയും വകുപ്പുകളേയും തള്ളിപ്പറഞ്ഞത് താന്‍ ചെയ്തത് തെറ്റാണെങ്കില്‍ വീണ്ടും അതുതന്നെ ആവര്‍ത്തിക്കുമെന്ന് നിയമസംവിധാനങ്ങളെ വെല്ലുവിളിച്ചത്.
”ചട്ടങ്ങളും വകുപ്പുകളും മനുഷ്യന്റെ ക്ഷേമത്തിനു വേണ്ടിയാണ്. പഴയ സംഭവങ്ങളില്ലെങ്കില്‍ പുതിയ സംഭവങ്ങളുണ്ടാക്കണം. ഇതൊക്കെ അപരാധവും തെറ്റുമാണെങ്കില്‍, ചട്ടത്തിനും വകുപ്പിനും വിരുദ്ധമാണെങ്കില്‍, ആ തെറ്റുകള്‍ ആവര്‍ത്തിക്കാനാണെനിക്കിഷ്ടം. ആകാശം ഇടിഞ്ഞു വീണാലും ഭൂമി പിളര്‍ന്നാലും ആ നിലപാടുകളുമായി മുന്നോട്ടുപോകു”മെന്നും കെ.ടി ജലീല്‍ പറഞ്ഞു. ”കേരള ടെക്‌നിക്കല്‍ കോളജിന്റെ അദാലത്തില്‍ ചട്ടവും വകുപ്പും പറഞ്ഞ് കുട്ടിയുടെ ഭാവിക്കു കരിനിഴല്‍ വീഴ്ത്തിയിരുന്നെങ്കില്‍ ഒരു പക്ഷേ മന്ത്രിക്കെതിരെ ആത്മഹത്യാ കുറ്റത്തിനു കേസെടുക്കാന്‍ ആവശ്യപ്പെട്ടേക്കുമായിരുന്നു”വെന്നും മന്ത്രി ന്യായീകരിച്ചു. പ്രശ്‌നങ്ങളോട് മനുഷ്യത്വപരമായി സമീപിക്കാന്‍ വ്യക്തിക്കായാലും ജനപ്രതിനിധികള്‍ക്കായാലും ഭരണാധികാരികള്‍ക്കായാലും സാധിക്കണമെന്ന അഭിപ്രായത്തിലൂടെ, തന്നെ കൈവിടുന്ന മുന്നണി നേതാക്കളെ ചേര്‍ത്തു പിടിക്കാനുള്ള ശ്രമമാണ് മന്ത്രി നടത്തിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: