X

ജലീലിനെ തൊടാന്‍ മുഖ്യമന്ത്രിക്കും ധൈര്യമില്ല; നുണകളാണ് കൊച്ചാപ്പയുടെ ആയുധം

 

ലുഖ്മാന്‍ മമ്പാട്

ന്യൂനപക്ഷ വകുപ്പിന് കീഴിലെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ തലപ്പത്തിരിക്കാന്‍ കേരളത്തില്‍ ഒരേയൊരു പരമ യോഗ്യനേയുള്ളൂ. അതു മന്ത്രി കെ.ടി ജലീലിന്റെ മൂത്താപ്പാന്റെ പേരമകന്‍ കെ.ടി അദീബ് ആയത് തീര്‍ത്തും ആകസ്മികം. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ സീനിയര്‍ മാനേജരായ അദ്ദേഹം അവിടെ ലഭിക്കുന്ന അലവന്‍സുകളും വാര്‍ഷിക ഇന്‍ക്രിമെന്റും ഒഴിവാക്കി പാവങ്ങളെ സഹായിക്കാനായി മാത്രം ഡെപ്യൂട്ടേഷനില്‍ ജനറല്‍ മാനേജര്‍ പദവി ഏറ്റെടുക്കുകയായിരുന്നു.
പരസ്യം കൊടുക്കാതെ ഒരു വാര്‍ത്താ കുറിപ്പുകൊണ്ട് തന്നെ ഏഴു പേരാണ് അപേക്ഷിച്ചത്. യോഗ്യര്‍ അഞ്ചായിരുന്നെങ്കിലും ഇന്റര്‍വ്യൂവില്‍ പങ്കെടുത്തത് മൂന്നു പേര്‍. എം.ബി.എയും പ്രവൃത്തിപരിചയവുമൊക്കെ ഉണ്ടെങ്കിലും ആര്‍ക്കും യോഗ്യതയില്ല. ഒരേയൊരു യോഗ്യന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തില്ല. പക്ഷെ, സിമിയില്‍ നിന്ന് എം.എസ്.എഫിലും യൂത്ത്‌ലീഗിലും എത്തിയെങ്കിലും ലീഗിലെത്താനുള്ള മൂപ്പാവും മുമ്പ് പിണറായി വിജയനെ തിരിച്ചറിഞ്ഞ് അനുയായിയായി പോയ ദീര്‍ഘദൃക്കിന് അടങ്ങിയിരിക്കാനാവുമോ.
മന്ത്രി ജലീല്‍ തന്നെ വീട്ടിലെത്തി ഇന്റര്‍വ്യൂവില്‍ പോലും പങ്കെടുക്കാത്ത കെ.ടി അദീബിനെ നിര്‍ബന്ധിക്കുന്നു. കോര്‍പ്പറേഷനില്‍ നിന്ന് ഒട്ടേറെ ലീഗുകാര്‍ ലോണ്‍ എടുത്ത് തിരിച്ചടച്ചിട്ടില്ല. അതെല്ലാം തിരിച്ചു പിടിക്കണം. അറുനൂറ് കോടിയോളം വാര്‍ഷിക ബിസിനസ്സ് ഉള്ള സ്ഥാപനത്തില്‍ തൊണ്ണൂറായിരം രൂപ മാത്രം ശമ്പളമുളള ജോലിയില്‍ ഒരോയൊരു യോഗ്യന്‍ ജനറല്‍ മാനേജരായി കെ.ടി അദീബ് എത്തുന്നത് അങ്ങിനെയാണ്. കെ.ടി അദീബ് വന്നതോടെ ലീഗുകാരുടെ ലോണെല്ലാം തിരിച്ചു പിടിക്കാന്‍ തുടങ്ങി.
മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ വെടി പൊട്ടി. ജലീലിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഉണ്ടയില്ലാ വെടി. അന്വേഷണം ആവശ്യമില്ലെന്നും കെ.ടി അദീബ് ശക്തമായി മുന്നോട്ടു പോകുമെന്നും മന്ത്രി കെ.ടി ജലീല്‍. ഉണ്ടയില്ലാ വെടി കൊണ്ട് പുളഞ്ഞ കെ.ടി ജലീല്‍ ഓരോ ദിവസവും വാ തുറന്നപ്പോഴും കുരുക്ക് മുറുകി കൊച്ചാപ്പാന്റെ സ്വന്തം കൊച്ചനുജന്‍ പുറത്ത്. ആത്മാഭിമാനം വൃണപ്പെട്ടതാണ് കാരണമെത്രെ. എല്ലാം അടഞ്ഞ അധ്യായമാണെന്നും ഒരു അന്വേഷണവും ആവശ്യമില്ലെന്നും മന്ത്രി കൊച്ചാപ്പ സ്വയം പ്രഖ്യപിച്ചെങ്കിലും അടക്കാനാവാത്ത ചോദ്യങ്ങള്‍ ബാക്കി.

കല്ലു വെച്ചകള്ളങ്ങള്‍
2013 ജൂണ്‍ 29ലെ മന്ത്രിസഭ തീരുമാന പ്രകാരം സംസ്ഥാനത്തെ നൂറോളം ബോര്‍ഡ്-കോര്‍പ്പറേഷനുകളില്‍ ജനറല്‍ മാനേജര്‍ തസ്തികക്കുള്ള യോഗ്യത എം.ബി.എയും മൂന്നു വര്‍ഷം പ്രവൃത്തി പരിചയവുമാണ്. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ഒഴികെ എല്ലായിടത്തും ഇപ്പോഴും അതു തുടരുന്നു. 2016 ജൂലൈ 28ന് മന്ത്രി കെ.ടി ജലീല്‍ തന്റെ കീഴിലുളള ന്യൂനപക്ഷ വകുപ്പിലേക്ക് ഒരു കത്ത് നല്‍കി. ബിരുദാനന്തര ബിരുദമായ എം.ബി.എക്ക് ഒപ്പം ബിരുദം മാത്രമായ ബി.ടെക്കും പി.ജി.ഡി.ബി.എയും കൂടി ഉള്‍പ്പെടുത്തി യോഗ്യത പുതുക്കി ഉത്തരവിറക്കാനായിരുന്നു നിര്‍ദേശം.
ബിരുദാനന്തര ബിരുദമായ എം.ബി.എക്കൊപ്പം ബിരുദം മാത്രമായ ബി.ടെക്കും കേരളത്തില്‍ അംഗീകാരം പോലും ഇല്ലാത്ത ഒരു ഡിപ്ലോമയും (പി.ജി.ഡി.ബി.എ) ഉള്‍പ്പെടുത്തുന്നത് നിയമ വിരുദ്ധമാണെന്ന് തിരിച്ചറിഞ്ഞ വകുപ്പ് സെക്രട്ടറി എ ഷാജഹാന്‍ ഐ.എ.എസ് ‘2013 ജൂണ്‍ 29ന് മന്ത്രിസഭയാണ് തസ്തികയും യോഗ്യതയും നിശ്ചയിച്ചതെന്നും അതില്‍ മാറ്റം വരുത്താന്‍ മന്ത്രിസഭയുടെ അംഗീകാരം ആവശ്യമല്ലേ എന്നത് മുഖ്യമന്ത്രിക്ക് ചംക്രമണം ചെയ്യണമെന്നും’ നിര്‍ദേശിച്ച് മന്ത്രി ജലീലിന്റെ നിര്‍ദേശം 2016 ഓഗസ്റ്റ് മൂന്നിന് മടക്കുന്നു.
ബിരുദാനന്തര ബിരുദത്തോടൊപ്പം എല്ലാ ബിരുദവും ഉള്‍പ്പെടുത്താതെ ‘ബി.ടെക്കും പി.ജി.ഡി.ബി.എ’യും എന്ന സ്വന്തം ബന്ധുവിന് മാത്രമുള്ള യോഗ്യത തിരുകി കയറ്റാനുള്ള ശ്രമം ചീഫ് സെക്രട്ടറി പങ്കെടുക്കുന്ന മന്ത്രി സഭയോഗത്തില്‍ പൊളിയുമെന്ന് തിരിച്ചറിഞ്ഞ മന്ത്രി ജലീല്‍, തൊട്ടടുത്ത ദിവസം (2016 ഓഗസ്റ്റ് നാല്) തന്നെ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് കൈമാറുന്നു. ‘കോര്‍പ്പറേഷനില്‍ പുറം ജോലി/ തസ്തിക സൃഷ്ടിക്കല്‍ എന്നീ കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിനാണ് മന്ത്രിസഭയില്‍ വെച്ചതെന്നും അധിക യോഗ്യത നിശ്ചയിച്ചുകൊണ്ടുള്ള തീരുമാനത്തിന് അത് ആവശ്യമില്ലെന്നും ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണെന്നും’ പറയുന്ന ജലീലിന്റെ കത്തില്‍ അഞ്ചാം നാള്‍ (2016 ഓഗസ്റ്റ് ഒമ്പത്) മുഖ്യമന്ത്രി ഒപ്പുവെക്കുന്നു.
അധിക യോഗ്യതയെന്ന് മുഖ്യമന്ത്രിയെ (തെറ്റിദ്ധരിപ്പിക്കുകയോ) ധരിപ്പിച്ച മന്ത്രി ജലീല്‍ അടിസ്ഥാന യോഗ്യതയിലാണ് കുറവു വരുത്തിയതെന്ന്് വ്യക്തമായ വകുപ്പ് സെക്രട്ടറി എ ഷാജഹാന്‍ ഐ.എ.എസ്, മന്ത്രിയുടെ കത്ത് തന്നെ (ഖണ്ഡിക ആറിലെ ഉത്തരവ്) അടിസ്ഥാനമാക്കി 2016 ഓഗസ്റ്റ് 18ന് ഉത്തരവിറക്കുന്നു. തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് പരസ്യം നല്‍കുന്നതിന് പകരം ഒരാഴ്ചക്ക് അകം വാര്‍ത്താ കുറിപ്പിറക്കി. പരസ്യം നല്‍കി വ്യക്തത നല്‍കാത്തതിനാലും ഡെപ്യൂട്ടേഷന്‍ നിയമനം ആയതിനാലും ഏഴു പേരാണ് അപേക്ഷിച്ചത്.
ഇന്റര്‍വ്യൂ നിശ്ചയിച്ചതിന്റെ തലേന്ന് മന്ത്രി ഇ.പി ജയരാജന്‍ ബന്ധു നിയമനത്തില്‍ കുടുങ്ങി രാജിവെക്കുന്നു. മുന്‍ നിശ്ചയപ്രകാരം ഇന്റര്‍വ്യൂ നടന്നെങ്കിലും വിവാദം ഭയന്ന് കെ.ടി അദീബ് അതില്‍ നിന്ന് വിട്ടു നില്‍ക്കുന്നു. ഏഴില്‍ അഞ്ച് പേര്‍ എത്തിയതില്‍ മൂന്നു പേര്‍ക്ക് വിജ്ഞാപനത്തില്‍ പറയുന്ന യോഗ്യതകളുണ്ടായിരുന്നു. പക്ഷെ, കെ.ടി അദീബ് ഇന്റര്‍വ്യൂവിന് എത്താത്തതിനാല്‍ നിയമനം ഉണ്ടായില്ല.
ബന്ധുനിയമനം ആവര്‍ത്തിക്കാതിരിക്കാന്‍, ‘കോര്‍പ്പറേഷന്‍ ഉന്നത തസ്തികകളായ മാനേജിംഗ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍ തസ്തികയില്‍ ദേശീയ തലത്തില്‍ അംഗീകാരമുള്ള സാങ്കേതിക വിദഗ്ദരുടെ മേല്‍ നോട്ടത്തില്‍ തെരഞ്ഞെടുക്കണമെന്നും വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാണെന്നും’ 2016 ഒക്ടോബര്‍ 13ന് മന്ത്രിസഭ തീരുമാനിക്കുന്നു.
രണ്ടു വര്‍ഷത്തോളം ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തിക ഒഴിച്ചിട്ട ശേഷം വീണ്ടും അപേക്ഷ ക്ഷണിക്കാതെ 2018 ഒക്ടോബര്‍ എട്ടിന് കെ.ടി അദീബിനെ ജനറല്‍ മാനേജരായി പൊതുഭരണ വകുപ്പ് ഉത്തരവിടുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ജീവനക്കാരനായ കെ.ടി അദീബിനെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചത് വിവാദമായപ്പോള്‍ ഉണ്ടയില്ലാ വെടിയെന്ന് പറഞ്ഞ് പരിഹസിച്ച മന്ത്രി ജലീല്‍ നുണകള്‍കൊണ്ട് തടയണ നിര്‍മ്മിക്കുന്നു.
സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് നാഷണലൈസിഡ് സ്ഥാപനമാണെന്നും സ്റ്റാറ്റിയൂട്ടറി ബോഡിയാണെന്നുമുളള ജലീലിന്റെ വാദം, ഫെഡറല്‍ ബാങ്ക് കേസിലെ സുപ്രീം കോടതി വിധി ഉയര്‍ത്തിയതോടെ പൊളിയുന്നു. കെ.ടി അദീബിന്റെ പി.ജി.ഡി.ബി.എക്ക് കേരളത്തില്‍ അംഗീകാരമില്ലെന്നും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നുള്ള ഡെപ്യൂട്ടേഷന് നിയമ പ്രാബല്ല്യമില്ലെന്നും വ്യക്തമായതോടെ ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്ന് രാജിവെക്കുന്നു. കോര്‍പ്പറേഷന്‍ ആവശ്യപ്പെടാതെ ബന്ധുവിനുള്ള യോഗ്യത മന്ത്രി സഭയെയും മുഖ്യമന്ത്രിയെയും കബളിപ്പിച്ച് എഴുതി ചേര്‍ത്ത് ഉത്തരവ് പുറപ്പെടുവിച്ച് ഇന്റര്‍വ്യൂ പോലും നടത്താതെയായിരുന്നു അനധികൃത ഡെപ്യൂട്ടേഷന്‍ നിയമനം എന്നതു പകല്‍പോലെ വ്യക്തമായി.
എന്നിട്ടും മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച് നിയമവും ചട്ടവും ലംഘിച്ച് സ്വജനപക്ഷപാതവും അഴിമതിയും നടത്തി സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി ജലീലിനെ സംരക്ഷിക്കുന്ന എല്‍.ഡി.എഫിനും മുഖ്യമന്ത്രി പിണറായി വിജയനും എന്തൊക്കെയോ ഒളിക്കാനുണ്ടെന്നും ഉറപ്പാണ്. തദ്ദേശസ്വയം ഭരണം, കുടുംബശ്രീ, ഹജ്ജ് വകുപ്പുകളിലും സ്വന്തം സ്റ്റാഫിലും നടത്തിയ അനധികൃത നിയമനങ്ങളും ക്രമക്കേടുകളും കെടുകാര്യസ്ഥതയുടെ പര്യായമായി മാറ്റിയ ജലീലിനെ ഗവര്‍ണറോ കോടതിയോ ഇടപെടും വരെ സംരക്ഷിക്കാനാണ് നീക്കം. ബിഡിയുണ്ടോ സഖാവേ തീപെട്ടിയെടുക്കാന്‍ എന്നു പറഞ്ഞിരുന്ന പാര്‍ട്ടി ബന്ധുവുണ്ടോ സഖാവേ ഒരു ജോലി എടുക്കാന്‍ എന്നു നയം മാറ്റുമ്പോള്‍ ജനത്തിന് മൂക്ക് പൊത്തുകയേ വഴിയുള്ളൂ.
(തുടരും)

chandrika: