X

നികുതിക്കൊള്ള :യു.ഡി.എഫ് കരിദിനം ഇന്ന്

തിരുവനന്തപുരം: ജനദ്രോഹ നികുതികള്‍ പ്രാബല്യത്തില്‍ വരുന്ന ഇന്ന് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് കരിദിനം ആചരിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ പറഞ്ഞു.മുഴുവന്‍ പഞ്ചായത്തിലും നഗരങ്ങളിലും പകല്‍സമയത്ത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിച്ച് കരിങ്കൊടി ഉയര്‍ത്തി പന്തം കൊളുത്തി പ്രതിഷേധിക്കും. തിരുവനന്തപുരത്ത് രാവിലെ 11ന് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് പ്രകടനം നടത്തും.യു.ഡി.എഫ് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കും. വെള്ളക്കരം,വൈദ്യുതി ചാര്‍ജ്,വീട്ടുകരം,ഇന്ധനവില എന്നിവ ഒരു നിയന്ത്രണവും ഇല്ലാതെ അശാസ്ത്രീയമായി വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക് എല്ലാ മേഖലകളിലും ദുര്‍ദിനമാണ് സമ്മാനിക്കുന്നത്. ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത് വെള്ളത്തിന് പോലും നികുതി ഏര്‍പ്പെടുത്തി ജനങ്ങളുടെ വെള്ളംകുടി മുട്ടിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇന്ധനവില വര്‍ധനവ് സമസ്തമേഖലിലും വിലവര്‍ധനവിന് വഴിവെയ്ക്കും.

ഇന്ധന സെസ് നിലവില്‍ വരികയും വിവിധ സേവനങ്ങള്‍ക്ക് നിരക്ക് വര്‍ധിക്കുകയും ചെയ്തതോടെഇന്നു മുതല്‍ ജീവിത ചെലവേറും. കേന്ദ്ര, സംസ്ഥാന ബജറ്റുകളിലെ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നു. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും മാത്രമല്ല, ജീവന്‍രക്ഷാമരുന്നുകള്‍ക്കു പോലും വില കൂടി. ഭൂമിയുടെ ന്യായവിലയും വാഹനനികുതിയും വര്‍ധിച്ചു. സംസ്ഥാനത്ത് ദേശീയപാതയിലെ ടോളുകളിലും ഇന്നുമുതല്‍ നിരക്ക് ഉയരും. അരി, പലവ്യഞ്ജനം, പച്ചക്കറി ഇനങ്ങള്‍ക്ക് പെട്രോള്‍, ഡീസല്‍ നികുതിയെ അടിസ്ഥാനമാക്കി അടുത്തദിവസങ്ങളില്‍ തന്നെ വില ഉയര്‍ന്നേക്കുമെന്നും സൂചനയുണ്ട്.

സാധാരണക്കാരന്റെയും പാവപ്പെട്ടവരുടെയും തലയില്‍ അധികഭാരം അടിച്ചേല്‍പ്പിച്ചുള്ള നികുതി കൊള്ളയ്‌ക്കെതിരെയാണ് യു.ഡി.എഫ് പ്രക്ഷോഭം ശക്തമാക്കുന്നതെന്നും അത് വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളും മുന്നോട്ട് വരണമെന്നും ഹസ്സന്‍ പറഞ്ഞു.

 

Chandrika Web: