X

വാക്‌സിന്‍ ചലഞ്ചിന്റെ പേരില്‍ കുടുംബശ്രീയില്‍ നിര്‍ബന്ധിത പിരിവ്

 

വാക്‌സിന്‍ ചലഞ്ചിന്റെ പേരില്‍ കുടുംബശ്രീയില്‍ നിര്‍ബന്ധിത പിരിവ് കോവിഡ് രണ്ടാം തരംഗം തീവ്രമായതോടെ വാക്‌സിന്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന യജ്ഞത്തിലേക്ക് കുടുംബശ്രീ അംഗങ്ങളില്‍നിന്ന് നിര്‍ബന്ധിത പിരിവ്. ഒരംഗം ഏറ്റവും കുറഞ്ഞത് 10 രൂപ നിര്‍ബന്ധമായി നല്‍കണമെന്നാണ് നിര്‍ദേശം. അതില്‍ കൂടുതല്‍ നല്‍കാന്‍ കഴിയുന്നവരോട് അതും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ വാക്‌സിന്‍ ചലഞ്ചിലേക്ക് സ്വമേധയാ നിരവധി പേരാണ് സംഭാവന നല്‍കിയത്. തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചും പൊതുകാര്യത്തിലുള്ള പങ്കാളിത്തം ഉറപ്പിച്ചുമാണ് ഓണ്‍ലൈനിലൂടെ സംഭാവന നല്‍കിയത്. എന്നാല്‍ കുടുംബശ്രീക്കാരോട് 10 രൂപ വീതം പണമായി നല്‍കാനാണ് ആവശ്യപ്പെട്ടത്. ഇന്നലെയാണ് പണം നല്‍കേണ്ട ദിവസമായി അറിയിച്ചിരുന്നത്. എന്നാല്‍ ലോക്ഡൗണ്‍ കടുപ്പിച്ചതോടെ നീട്ടി.

സംസ്ഥാനത്ത് 2.75 ലക്ഷം അയല്‍ക്കൂട്ടങ്ങളിലായി 44 ലക്ഷം അംഗങ്ങളാണുള്ളത്. ഒരു അയല്‍ക്കൂട്ടത്തില്‍ 20 കുടുംബങ്ങളാണുള്ളത്. ഇങ്ങിനെ ഓരോ വാര്‍ഡിലും 22 മുതല്‍ 28 വരെ  അയല്‍ക്കൂട്ടങ്ങളുണ്ട്. ഇവര്‍ 10 രൂപ വീതം നല്‍കിയാല്‍ തന്നെ 4.40 കോടി സര്‍ക്കാറിനു ലഭിക്കും. പലരും രണ്ടു ഡോസ് വാക്‌സിന് എന്നു കരുതി 20 രൂപവീതമാണ് നല്‍കുന്നത്. അതിലധികവും നല്‍കുന്നവരുണ്ട്. ഫലത്തില്‍ വാക്‌സിന്‍ ചാലഞ്ചിലേക്ക് കുടുംബശ്രീയില്‍ നിന്ന് എട്ടുകോടിയോളം രൂപ ലഭിക്കും.
അതതു എഡിഎസ്, സിഡിഎസ് വഴിയാണ് പണം സമാഹരിക്കുന്നത്. പാര്‍ട്ടി അനുകൂല അയല്‍ക്കൂട്ടങ്ങളില്‍ വലിയ തുക പിരിച്ചെടുക്കുന്നുണ്ട്. ചലഞ്ചില്‍ പങ്കാളികളാവാന്‍ താല്‍പര്യമുള്ള എല്ലാവരില്‍നിന്നും ഇവര്‍ സംഭാവന സ്വീകരിക്കുന്നുണ്ട്.
നേരത്തെ പ്രളയ സമയത്തും കുടുംബശ്രീയില്‍ നിന്ന് പണം സമാഹരിച്ചിരുന്നു. പല സമയത്തായി 11 കോടിയോളം രൂപയാണ് കുടുംബശ്രീ സര്‍ക്കാറിലേക്ക് നല്‍കിയത്. അതേ സമയം കോവിഡ് ദുരിതാശ്വാസമായി നല്‍കിയ വായ്പക്ക് സര്‍ക്കാര്‍ പലിശ ഈടാക്കുന്നുമുണ്ട്.

web desk 3: