X

എംബാപ്പെ തിയറി ഹെന്‍ട്രിയെക്കാള്‍ മികച്ചവനെന്ന് ഫ്രഞ്ച് കോച്ച്

പാരീസ്: റഷ്യന്‍ ലോകകപ്പിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട കെയ്‌ലിയന്‍ എംബാപ്പെ ഈ പ്രായത്തില്‍ തിയറി ഹെന്‍ട്രി കാഴ്ചവെച്ചതിനെക്കാള്‍ മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് ഫ്രഞ്ച് കോച്ച് ദിദിയന്‍ ദെഷാംപ്‌സ്. എംബാപ്പെ ബുദ്ധിമാനായ കളിക്കാരനാണ്. എന്ത് ചെയ്യണമെന്ന് അവനറിയാം. അവന്‍ നന്നായി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഞാന്‍ അവനോട് പറയാറുണ്ട്. മോശം കാര്യങ്ങള്‍ ഉണ്ടാവുമ്പോള്‍ അതും പറയാറുണ്ട്. അത് അവന്റെ കളിയുടെ അഞ്ച് ശതമാനം മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂ-ഒരു അഭിമുഖത്തില്‍ ദേഷാംപ്‌സ് പറഞ്ഞു.

1998ല്‍ ഡേവിഡ് ട്രെസെഗേറ്റും തിയറി ഹെന്‍ട്രിയും അദ്ദേഹത്തിന്റെ പ്രായമായിരുന്നു. പക്ഷെ അവര്‍ എംബാപ്പെക്ക് സമാനരായിരുന്നില്ല. ഇപ്പോള്‍ അവന്‍ എന്ത് ചെയ്യുന്നു എന്നതാണ് ഭാവിയില്‍ അവന്‍ എന്ത് ചെയ്യാന്‍ പോവുന്നു എന്നതിനെക്കാള്‍ പ്രധാനം. അവന്‍ ഒരു ഫ്രഞ്ചുകാരനാണ് എന്നതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു-ദെഷാംപ്‌സ് വ്യക്തമാക്കി.

ഫൈനലില്‍ ക്രൊയേഷ്യയെ 4-2ന് തോല്‍പിച്ചാണ് ഫ്രാന്‍സ് ലോക ചാമ്പ്യന്‍മാരായത്. കോച്ചായും ക്യാപ്റ്റനായും ലോക കിരീടം ചൂടിയ രണ്ടാമത്തെ വ്യക്തിയാണ് ദെഷാംപ്‌സ്. 1998ല്‍ ഫ്രാന്‍സ് ലോക ചാമ്പ്യന്‍മാരായപ്പോള്‍ ക്യാപ്റ്റന്‍ ദെഷാംപ്‌സ് ആയിരുന്നു. ജര്‍മനിയുടെ ഇതിഹാസ താരമായ ഫ്രാന്‍സ് ബെക്കന്‍ബോവറാണ് സമാന നേട്ടമുള്ള മറ്റൊരാള്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: