X

കവളപ്പാറയില്‍ വീണ്ടും വിള്ളല്‍ കണ്ടെത്തി; രണ്ട് മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു

കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തിന് സമീപം വീണ്ടും വിള്ളല്‍ കണ്ടെത്തി. ദുരന്തമുണ്ടായ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ അകലെ മുത്തപ്പന്‍കുന്നിന്റെ ഇടത്തെ അറ്റത്താണ് വിള്ളല്‍ കണ്ടെത്തിയത്. അഞ്ഞൂറ് മീറ്ററിലധികം നീളത്തിലാണ് വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്. അഞ്ച് ഇഞ്ച് മുതല്‍ 2 അടിയോളം വീതിയിലാണ് ഭൂമി വിണ്ടുകീറിയത്. ചിലയിടങ്ങളില്‍ ഭൂമി താഴ്ന്ന നിലയിലും കണ്ടെത്തി. പ്രദേശത്ത് വീണ്ടും വിള്ളല്‍ രൂപപ്പെട്ടത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

അതേസമയം കവളപ്പാറ ദുരന്തത്തില്‍ ഇന്ന് രണ്ട് മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. സൂത്രത്തില്‍ വിജയന്റെ മകനും മിലിട്ടറി ഉദ്യോഗസ്ഥനുമായ വിഷണുവിന്റെ(25) മൃതദേഹവും തിരച്ചറിയാനാകാത്ത ഒരു മൃതദേഹവുമാണ് കണ്ടെടുത്തത്. ഇതോടെ ദുരന്തത്തില്‍ മരണം 40 ആയി. 19 മൃതദേഹങ്ങള്‍കൂടി ദുരന്തഭൂമിയില്‍ നിന്നും കണ്ടെടുക്കാനുണ്ട്. പതിനഞ്ചോളം മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇന്നലെ തിരച്ചില്‍ നടത്തിയത്. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. മണ്ണിനടിയില്‍ കിടക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങളുമായി ഹൈദരാബാദില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ ആറംഗ സംഘം നിലമ്പൂരിലെത്തിയെങ്കിലും സമയം വൈകിയതിനാല്‍ ദുരന്ത സ്ഥലത്തേക്ക് പോയില്ല. സംഘം ഇന്ന് രാവിലെ കവളപ്പാറയില്‍ മൃതദേഹങ്ങള്‍ക്കായി ശാസ്ത്രീയ പരിശോധന നടത്തും. ഇന്നലെ നടന്ന തെരച്ചില്‍ വൈകീട്ട് ആറ് മണിയോടെ അവസാനിപ്പിച്ചു. വിഷ്ണുവിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

അതേസമയം പുത്തുമലയിൽ കഴിഞ്ഞ അഞ്ച് ദിവസമായി നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹം പോലും കണ്ടെത്താനായില്ല. ഇനി ഏഴ് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. ജിപിആർ സംവിധാനം പുത്തുമലയില്‍ ഉപയോഗിക്കാനും ആലോചനയുണ്ട്. ദുരിതബാധിതരായ ആദിവാസികളെ  പുനരധിവസിപ്പിക്കാൻ സർക്കാർ പ്രത്യേക പരിഗണന നൽകും. മറ്റുള്ളവരെ മുണ്ടേരിയിലെ സർക്കാർ  ഭൂമിയിൽ പുനരധിവസിപ്പിക്കാനുള്ള നിര്‍ദേശമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. 

chandrika: