X

ജമ്മു ഇരട്ട സ്‌ഫോടനക്കേസ്: സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനായ ലഷ്‌കര്‍ ഭീകരന്‍ അറസ്റ്റില്‍

ജമ്മു ഇരട്ട സ്‌ഫോടനക്കേസില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനായ ലഷ്‌കര്‍ ഭീകരന്‍ അറസ്റ്റില്‍. റിയാസി ജില്ലക്കാരനായ ആരിഫ് ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും പെര്‍ഫ്യൂം ഐഇഡി കണ്ടെത്തി. ജമ്മുവിലെ നര്‍വാളിലെ ട്രാന്‍സ്‌പോര്‍ട്ട് നഗറിലെ ഏഴാം നമ്പര്‍ യര്‍ഡില്‍ ജനുവരി 21നാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ഒന്‍പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

ആരിഫിന് നിരോധിത തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ-തൊയ്ബയുമായി ബന്ധമുണ്ടെന്ന് ജമ്മു കശ്മീര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിംഗ് പറഞ്ഞു. കേന്ദ്രഭരണ പ്രദേശത്ത് ഇത്തരത്തിലൊരു ബോംബ് കണ്ടെത്തുന്നത് ആദ്യമാണെന്ന് ജമ്മുകശ്മീര്‍ പോലീസ് മേധാവി പറഞ്ഞു.

അറസ്റ്റിലായ ആരിഫ് പാകിസ്ഥാന്‍ ഹാന്‍ഡ്‌ലര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രവര്‍ത്തിച്ചത്. കഴിഞ്ഞ മേയില്‍ വൈഷ്‌ണോദേവി തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് ബോംബ് സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതില്‍ തനിക്ക് പങ്കുണ്ടെന്ന് സമ്മതിച്ചതായി സിംഗ് പറഞ്ഞു.

പാകിസ്ഥാന്‍ ഭീകരവാദം പ്രചരിപ്പിക്കുന്നതില്‍ കുപ്രസിദ്ധമാണെന്നും സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ വിഭജനം സൃഷ്ടിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നും ജമ്മു കശ്മീര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

webdesk13: