X

പിണറായിയെ വിടാതെ ലാവ്‌ലിന്‍ പ്രേതം

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട നിയമക്കുരുക്ക് ചെറിയൊരു ഇടവേളക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് തന്നെ തിരിച്ചെത്തുന്നു. കുറ്റമുക്തനാക്കിയ കേരള ഹൈക്കോടതി വിധി പുനഃപ്പരിശോധിക്കുമെന്ന സുപ്രീംകോടതി നിര്‍ദേശമാണ് പിണറായിക്ക് തിരിച്ചടിയാകുന്നത്. പിണറായിയേയും മറ്റു രണ്ടു പ്രതികളേയും കുറ്റവിമുക്തരാക്കി കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീംകോടതി ശരിവെക്കുമോ റദ്ദാക്കുമോ എന്നാണ് ഇനി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഹൈക്കോടതി വിധി ശരിവെച്ചാല്‍ പിണറായിക്ക് വലിയ ആശ്വാസമാകും. അതേസമയം ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഒരിക്കല്‍കൂടി ക്രിമിനല്‍, അഴിമതി കേസുകളില്‍ പ്രതിയാകുന്ന സാഹചര്യം ഉരുത്തിരിയും. ഹൈക്കോടതി വിധി ശരിവെച്ചാല്‍ തങ്ങളേയും കുറ്റമുക്തരാക്കണമെന്ന ആവശ്യം മറ്റു രണ്ടു പ്രതികള്‍ വീണ്ടും ഉന്നയിക്കാനും ഇത് മറ്റൊരു നിയമക്കുരുക്കിന് വഴിയൊരുക്കാനും സാധ്യതയുണ്ട്. ജസ്റ്റിസുമാരായ എന്‍.വി രാമണ, അബ്ദുല്‍ നസീര്‍ എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ചാണ് ഇന്നലെ കേസ് പരിഗണിച്ചത്.

chandrika: