X
    Categories: MoreViews

ലാവ്‌ലിന്‍: സി.ബി.ഐ അപ്പീല്‍ നല്‍കി പിണറായിക്കെതിരെ തെളിവുണ്ട്

 

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സി.ബി.ഐ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. അഭിഭാഷകനായ മുകേഷ് കുമാര്‍ മറോറിയയാണ് സി.ബി.ഐക്കു വേണ്ടി അപ്പീല്‍ സമര്‍പ്പിച്ചത്.
പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടി വിധി റദ്ദാക്കി പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്നാണ് സി.ബി.ഐ അപ്പീല്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ ശക്തമായ തെളിവുണ്ടെന്നും ലാവ്‌ലിനുമായുള്ള ഇടപാട് അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ അറിയാതെ നടക്കില്ലെന്നും സി.ബി.ഐ അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്. പിറണായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്നും സി.ബി.ഐ വ്യക്തമാക്കി. നേരത്തെ പിണറായി വിജയനെ ഹൈക്കോടതി ലാവ്‌ലിന്‍ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കേസില്‍ മൂന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ മാത്രം വിചാരണ നേരിട്ടാല്‍ മതിയെന്നും പിണറായി ഉള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. ഉദ്യോഗസ്ഥര്‍ മാത്രം വിചാരണ നേരിടണമെന്ന ഉത്തരവ് ന്യായീകരിക്കാനാവില്ലെന്നും, പിണറായിക്കും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നുമാണ് സി.ബി.ഐയുടെ വാദം. ഒരേ കേസില്‍ മൂന്ന് പേര്‍ വിചാരണ നേരിടണമെന്നും മറ്റുള്ളവര്‍ വിചാരണ നേരിടേണ്ട എന്നും പറയുന്നത് അസാധാരണ വിധിയാണെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടുന്നു.
വൈദ്യുതി മന്ത്രിയായിരിക്കെ ചെങ്കുളം-പള്ളിവാസല്‍ -പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്‌ലിനുമായി ഉണ്ടാക്കിയ 374 കോടി കരാര്‍ സര്‍ക്കാറിനും വൈദ്യുതി വകുപ്പിനും നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സി.ബി.ഐ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെ അതിനുവേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നില്ല. അപ്പീല്‍ നല്‍കാതെ സി.ബി.ഐ ഒളിച്ചുകളിക്കുന്നത് ദുരൂഹമാണെന്നും, ലാവ്‌ലിനില്‍ ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണിതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

chandrika: