X
    Categories: Views

സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം: സംഘാടകസമിതി യോഗത്തില്‍ അവഗണന; സി.പി.ഐ നേതാക്കള്‍ ഇറങ്ങിപ്പോയി

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് രൂപീകരിച്ച സംഘാടക സമിതിയില്‍ അവഗണനനേരിട്ടതിനെ തുടര്‍ന്ന് സി.പി.ഐ നേതാക്കള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ജൂണ്‍ അഞ്ചിന് കോഴിക്കോട് നടക്കുന്ന പരിപാടിയുടെ രൂപീകരണ യോഗത്തില്‍ നിന്നാണ് സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, നേതാക്കളായ അഡ്വ. പി ഗവാസ്, എം കെ എം കുട്ടി എന്നിവര്‍ ഇറങ്ങിപ്പോയത്.

സി.പി.എം നേതാക്കളും അവര്‍ നേതൃത്വം നല്‍കുന്ന വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പാനല്‍ തയാറാക്കിയത്. സാധാരണ സര്‍ക്കാര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാറുള്ള റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരായ എ ഡി എം, ആര്‍ ഡി ഒ, തഹസില്‍ദാര്‍ എന്നിവരെ കമ്മിറ്റികളില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കി. സി പി എം കൈകാര്യം ചെയ്യുന്ന ടൂറിസം വകുപ്പിനാണ് ആഘോഷ പരിപാടികളുടെ ചുമതല.
സംഘാടക സമതിയുടെ ‘ഭാരവാഹികളെ തീരുമാനിച്ചത് സി പി എം നേതാക്കളും അവരുടെ വകുപ്പുകളിലെ ഉദ്യേഗസ്ഥരും ചേര്‍ന്നാണെന്ന് സി പി ഐ നേതാക്കള്‍ കുറ്റപ്പെടുത്തി. സി പി ഐ നേതാക്കളുമായി ആരും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. ഭരണമുന്നണിയിലെ പ്രധാന പാര്‍ട്ടിയായ സി പി ഐയുടെ നേതാക്കള്‍ക്ക് കമ്മിറ്റികളില്‍ ‘ഭാരവാഹിത്വം ഇല്ല. സി പി ഐ അംഗമായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടങ്ങാട്ട് മാത്രമാണ് ഒരു കമ്മിറ്റിയുടെ ചെയര്‍മാനായിട്ടുള്ളത്. മറ്റു കമ്മിറ്റികളുടെ തലപ്പത്തെല്ലാം സി പി എമ്മുമായി ബന്ധപ്പെട്ടവര്‍ മാത്രമാണ്.
അഞ്ചിന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലാണ് ലക്ഷങ്ങള്‍ ചെലവിട്ട് പരിപാടി സംഘടിപ്പിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളുടെ സഹകരണത്തോടെ നഗരം ദീപാലംകൃതമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

chandrika: