X

എല്‍.ഡി.എഫ്. സമരം നടത്തേണ്ടത് കോടതികള്‍ക്കുമുന്നില്‍:ആര്‍.എം.പി.ഐ

സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരെ നീക്കുന്ന വിഷയത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇന്ന് രാജ്ഭവനു മുന്നില്‍ നടത്തുന്ന പ്രതിഷേധ കൂട്ടായ്മ ഫിഷറീസ് സര്‍വ്വകലാശാല നിയമനം കേരള ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ അടിയന്തിരമായി റദ്ദാക്കണമെന്ന് ആര്‍.എം.പി.ഐ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. കേരള രാഷ്ട്രീയം കണ്ടിട്ടുള്ള ഏറ്റവും വലിയ കപട തന്ത്രങ്ങളിലൊന്നാണ് ഇന്ന് രാജ്ഭവനു മുന്നില്‍ അരങ്ങേറുന്നതെന്നും ആര്‍.എം.പി.ഐ സംസ്ഥാന കമ്മറ്റി പ്രസിഡണ്ട് ടി.എല്‍. സന്തോഷ്,സെക്രട്ടറി എന്‍. വേണു എന്നിവര്‍ സംയുക്തമായി പ്രസ്താവയില്‍ പറഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണരൂപം

സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരെ നീക്കുന്ന വിഷയത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇന്ന് രാജ്ഭവനു മുന്നില്‍ നടത്തുന്ന പ്രതിഷേധ കൂട്ടായ്മ ഫിഷറീസ് സര്‍വ്വകലാശാല നിയമനം കേരള ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ അടിയന്തിരമായി റദ്ദാക്കണമെന്ന് ആര്‍.എം.പി.ഐ ആവശ്യപ്പെട്ടു. കേരള രാഷ്ട്രീയം കണ്ടിട്ടുള്ള ഏറ്റവും വലിയ കപട തന്ത്രങ്ങളിലൊന്നാണ് ഇന്ന് രാജ്ഭവനു മുന്നില്‍ അരങ്ങേറുന്നത്.

വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ നിയമ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു തുടക്കമിട്ടത്. കണ്‍കറന്റ് ലിസ്റ്റില്‍ പെടുന്ന വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന നിയമങ്ങള്‍ പരസ്പരവിരുദ്ധമായാല്‍ കേന്ദ്ര നിയമമാണ് ബാധകമായിരിക്കുക എന്നത് ഭരണഘടനാ വ്യവസ്ഥയാണ്. അതിനോട് നമുക്ക് യോജിക്കുകയോ ചെയ്യാം. കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തില്‍ യു.ജി.സി. വ്യവസ്ഥപ്പെടുത്തിയപ്രകാരം വൈസ്ചാന്‍സലര്‍മാരെ നിയമിക്കുന്നതിന് യോഗ്യതയുള്ളവരുടെ പാനല്‍ ചാന്‍സലര്‍ക്കു നല്‍കാതെ ഒരു പേരു മാത്രം നല്‍കിയ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വി.സി. നിയമനമാണ് സുപ്രീം കോടതി റദ്ദാക്കിയത്. മറ്റു സര്‍വ്വകലാശാലകളിലും പാനല്‍ നല്‍കാതെ ഒരു പേരു മാത്രം നല്‍കി നടത്തിയ നിയമനങ്ങള്‍ അസാധുവാണെന്ന നിലപാടാണ് ഗവര്‍ണര്‍ എടുത്തത്. സുപ്രീം കോടതി വിധി സാങ്കേതിക സര്‍വ്വകലാശാലക്കു മാത്രം ബാധകമാണെന്ന സര്‍ക്കാരിന്റേയും എല്‍.ഡി.എഫ് ന്റേയും നിലപാട് അസാധുവാക്കുന്ന വിധിയാണ് ഇന്നലെ ഫഷറീസ് സര്‍വ്വകലാശാല വി.സി. നിയമനം റദ്ദാക്കിയതു വഴി ഹൈക്കോടതിയില്‍ നിന്നുണ്ടായത്. അതുകൊണ്ടു തന്നെ ഇന്നത്തെ എല്‍.ഡി.എഫ് ന്റെ രാജ്ഭവന്‍സമരം വേണ്ടെന്നു വെച്ച് സുപ്രീം കോടതിയിലും ഹൈക്കോടതിയിലും സമരം നടത്തുന്നതാണ് ഉചിതമെന്ന് ആര്‍.എം.പി.ഐ അഭിപ്രായപ്പെട്ടു.

കേരളത്തിലെ സര്‍വ്വകലാശാലകളില്‍ നടക്കുന്ന ബന്ധു നിയമനങ്ങളിലും വഴി വിട്ട നടപടികളിലും ഗവര്‍ണര്‍ പ്രതിഷേധിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. തനിക്കിങ്ങനെ നിഷ്‌ക്രിയനായി ഫയലുകള്‍ ഒപ്പിടാനാവില്ലെന്നും ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കിത്തരണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് ആ നിര്‍ദ്ദേശം സ്വീകരിച്ചാല്‍ സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ കൊണ്ട് ഗവര്‍ണര്‍ പദവി ഒഴിഞ്ഞു എന്ന നിലവരും. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി ഗവര്‍ണറെ സാന്ത്വനിപ്പിച്ചു ചുമതലയില്‍ തുടരാന്‍ പ്രേരിപ്പിച്ചു. തുടര്‍ന്നു പുകച്ചു പുറത്തുചാടിക്കാന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ഗവര്‍ണര്‍ പദവിയല്ല ചാന്‍സലറുടേത്. സംസ്ഥാന നിയമസഭ നിയമപ്രകാരം നല്‍കിയതാണ്. അതിനു സര്‍ക്കാര്‍ നിയന്ത്രണമുണ്ടെന്നു വാദിക്കുന്നതില്‍ പ്രസക്തിയില്ല.

വി.സി.നിയമനം സുപ്രീം കോടതി റദ്ദാക്കിയ സന്ദര്‍ഭത്തില്‍ കേരളത്തിലെ സര്‍വ്വകലാശാലകളിലുണ്ടാകാവുന്ന ഭരണസ്തംഭനം ഒഴിവാക്കാന്‍ ഗവര്‍ണറുമായി കൂടിയാലോചിച്ച് നടപടിയെടുക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ടായിരുന്നു. അതു ചെയ്യാതെ ഗവര്‍ണറെ ഏകപക്ഷീയമായി പ്രവര്‍ത്തിക്കാന്‍ പ്രരിപ്പിച്ചത് ഒരു ഗൂഢാലോചനയായേ കാണാനാവൂ. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു നീക്കുന്നതിനു പൊതുസമ്മതി കണ്ടെത്തുന്ന കപടതന്ത്രത്തിന്റെ സമാപനമാണ് ഇന്ന് രാജ്ഭവനില്‍ അരങ്ങേറുന്നത്. ഇന്നലെ ഫിഷറീസ് സര്‍വ്വകലാശാല നിയമനം ഹൈക്കോടതി റദ്ദാക്കിയതോടെ സമരമുദ്രാവാക്യം തന്നെ മുന്‍കൂര്‍ അസാധുവായെന്ന് ആര്‍.എം.പി.ഐ സംസ്ഥാനകമ്മിറ്റി ചൂണ്ടിക്കാട്ടി.

web desk 3: