X
    Categories: indiaNews

ഹിമാചല്‍ ആര് ചലിപ്പിക്കും; നിയമസഭാ കക്ഷിയോഗം ഇന്ന്

ഷിംല: ഹിമാചല്‍ പ്രദേശില്‍ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ അടുത്ത മുഖ്യമന്ത്രിയെ കുറിച്ചുള്ള ചര്‍ച്ച സജീവമാക്കി കോണ്‍ഗ്രസ് നേതൃത്വം.ഷിംലയിലെ കോണ്‍ഗ്രസ് ആസ്ഥാനമായ രാജീവ് ഭവനില്‍ ഇന്ന് 40 കോണ്‍ഗ്രസ് എംഎല്‍എമാരുടെ നിയമസഭാ കക്ഷി യോഗം ചേരും. സംസ്ഥാനത്തെ 68 നിയമസഭാ സീറ്റുകളില്‍ 40ലും വിജയിച്ച സന്തോഷത്തിലാണ് കോണ്‍ഗ്രസ്. എല്ലാ എംഎല്‍എമാരുമായും കൂടിയാലോചിച്ച ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ പേര് തീരുമാനിക്കുക.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങിന്റെ ഭാര്യ പ്രതിഭ സിങിനാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്. നിലവില്‍ വീര്‍ഭദ്ര സിങിന്റെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന മാണ്ഡിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് പ്രതിഭ സിങ്.

ഫലപ്രഖ്യാപനത്തിന് പിന്നാലെ വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ പ്രതിഭാ സിങിന്റെ ഷിംലയിലെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു. നിലവിലെ പ്രതിപക്ഷ നേതാവ് സുഖ്‌വീന്ദര്‍ സുഖു, മുതിര്‍ന്ന നേതാവ് മുകേഷ് അഗ്‌നിഹോത്രി എന്നിവരുടെ പേരും കോണ്‍ഗ്രസിന്റെ പരിഗണനയിലുണ്ട്. വീര്‍ഭദ്ര സിങിന്റെ മകനെന്ന നിലയില്‍ മുഖ്യമന്ത്രി പദവി അമ്മയെ ഏല്‍പിക്കണമെന്ന് മകനും എം.എല്‍.എയുമായ വിക്രമാദിത്യ പറഞ്ഞു. താന്‍ ഉത്തരവാദിത്തമുള്ള നേതാവാണെന്നും വിക്രമാദിത്യ തുടര്‍ന്നു. പാര്‍ട്ടി എന്താണോ തീരുമാനിക്കുന്നത് അത് രണ്ടുകൈയും നീട്ടി സ്വീകരിക്കും. ജനങ്ങള്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രിയെ ആയിരിക്കും പാര്‍ട്ടി തിരഞ്ഞെടുക്കുക എന്ന് ഉറപ്പുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയുടെ അട്ടിമറി നീക്കം തടയാന്‍ സുഖ്‌വീന്ദര്‍ സുഖുവിനെ മുഖ്യമന്ത്രിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. അതേസമയം മുഖ്യമന്ത്രിയുടെ കാര്യം എം.എല്‍.എമാരുമായി ചര്‍ച്ച ചെയ്ത ശേഷം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് പാര്‍ട്ടി നിരീക്ഷകന്‍ രാജീവ് ശുക്ല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബി. ജെ.പിയുടെ നീക്കത്തെ കരുതലോടെ നേരിടുമെന്നും എം.എല്‍.എമാരുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ മുഖ്യമന്ത്രിയെ തീരുമാനിക്കുകയുള്ളൂ എന്നും പാര്‍ട്ടി ഇന്‍ചാര്‍ജ് തജീന്ദര്‍ സിങ് ബിട്ടു പ്രതികരിച്ചു.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഹരിയാനയിലെ മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ എന്നിവരും ഉടന്‍ വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം ചേരുന്നുണ്ട്.

web desk 3: