X

നോമ്പ്കാലം; മരുന്ന് കഴിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Dr. Manojan Thekkedath
Senior Consultant
MBBS, MD (General Medicine)
aster mims calicut

വ്രതവിശുദ്ധിയുടെ നാളുകളാണിനി. മനസ്സും ശരീരവുമൊക്കെ ഒന്ന് പോലെ വിശുദ്ധമാകുന്ന കാലം. നോമ്പെടുക്കുക എന്നത് വിശ്വാസിയെ സംബന്ധിച്ച് ഏറ്റവും വലിയ പുണ്യമാണ്. എന്നാല്‍ അസുഖ ബാധിതരായവര്‍ക്ക്, പ്രത്യേകിച്ച് മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് സ്വാഭാവികമായ ചില സംശയങ്ങള്‍ ഈ സമയത്തുണ്ടാകാനിടയുണ്ട്. പൊതുവായ ചില സംശയങ്ങളും ഉത്തരങ്ങളും.

1) ഞാന്‍ സ്ഥിരമായി മരുന്ന് കഴിക്കുന്ന
വ്യക്തിയാണ്. എനിക്ക് നോമ്പെടുക്കാമോ?

ഈ കാര്യത്തില്‍ പൊതുവായ ഒരു അഭിപ്രായം ആധികാരികമായി പറയാന്‍ സാധിക്കില്ല. പ്രമേഹം പോലുള്ള അസുഖമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുവാനുള്ള സാധ്യതയുണ്ട്. അതുപോലെ തന്നെ ചിലരില്‍ നിര്‍ജ്ജലീകരണം മൂലമുള്ള പ്രശ്നങ്ങളും ഉണ്ടാകും. ഇതിന് പുറമെ ഏത് അസുഖമാണ്, ഏത് രീതിയിലുള്ള മരുന്നാണ് കഴിക്കുന്നത് എന്നൊക്കെ വിലയിരുത്തിയ ശേഷമേ നിര്‍ദ്ദേശം നല്‍കുവാന്‍ സാധിക്കുകയുള്ളൂ. ഇതിന് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം ഡോക്ടറെ സന്ദര്‍ശിച്ച് കാര്യത്തില്‍ വ്യക്തത വരുത്തുക എന്നതാണ്. പൊതുവെ മരുന്നുകള്‍ ഉപയോഗിക്കുന്ന സമയക്രമത്തില്‍ മാറ്റം വരുത്തിയ ശേഷം നോമ്പ് എടുക്കാവുന്ന രീതിയാണ് നിര്‍ദ്ദേശിക്കപ്പെടാറുള്ളത്. എല്ലാവരിലും ഇത് സാധ്യമായെന്ന് വരില്ല.

2) കഴിഞ്ഞ തവണ ഡോക്ടര്‍ മരുന്നിന്റെ സമയക്രമം മാറ്റിത്തന്നിരുന്നു. ഇത്തവണയും അത് ആവര്‍ത്തിച്ചാല്‍ മതിയോ?

അങ്ങിനെ ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. രോഗിയുടെ അവസ്ഥ, രോഗത്തിന്റെ അവസ്ഥ, മരുന്നുകളുടെ ഫലപ്രാപ്തി എന്നിവയിലെല്ലാം മുന്‍വര്‍ഷത്തേതിനെ അപേക്ഷിച്ച് മാറ്റം ഉണ്ടായിരിക്കാം. അതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തിനനുസരിച്ച് മാത്രമേ തീരുമാനമെടുക്കാവൂ.

3) മരുന്നിന്റെ ഡോസില്‍ മാറ്റം വരുത്തേണ്ടി വരുമോ?

ഡോക്ടറാണ് തീരുമാനിക്കേണ്ടത്. പലവിധ കാരണങ്ങള്‍ പരിശോധിച്ച ശേഷമാണ് ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കുക.

4) മരുന്ന് നിര്‍ത്താമോ?

ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ നിര്‍ത്തരുത്.

5) വ്യായാമം നിര്‍ത്തണമോ?

കഠിനമായ വ്യായാമം താല്‍ക്കാലികമായി ഒഴിവാക്കുന്നതാണ് നല്ലത്. ചെറിയ നടത്തം പോലുള്ള വ്യായാമങ്ങള്‍ തുടരാം.

6) ഭക്ഷണക്രമം?

അമിത ഭക്ഷണത്തിനുള്ള ലൈസന്‍സല്ല നോമ്പ്കാലം എന്നോര്‍മ്മിക്കുക. മധുരം, കൊഴുപ്പ് കൂടിയ ഭക്ഷണം എന്നിവ പരമാവധി ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക. പഴവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തു, ഫൈബര്‍, പ്രോട്ടീന്‍ എന്നിവ ഉറപ്പ് വരുത്തുക, മാംസത്തിന്റെ അമിത ഉപയോഗം പരിമിതപ്പെടുത്തുക. വൃക്കരോഗികളും മറ്റും ആവശ്യമായ നിര്‍ദ്ദേശത്തിന് ഡോക്ടറെ സമീപിക്കണം.

webdesk11: