X

കിഴക്കമ്പലം നല്‍കുന്ന പാഠം-എഡിറ്റോറിയല്‍

സാമൂഹിക ഇടപെടലുകള്‍ കരുതലോടെ വേണമെന്ന് ഓര്‍മിപ്പിക്കുന്ന അനവധി സന്ദര്‍ഭങ്ങള്‍ ദൈനംദിന ജീവിതത്തില്‍ നമുക്ക് ഉണ്ടാകാറുണ്ട്. നിസ്സാരമെന്ന് കരുതുന്ന പലതും തിരിച്ചടികളായി തിരിഞ്ഞുകുത്തുമ്പോള്‍ മാത്രമേ നാം ഉണരൂ. ട്വന്റി ട്വന്റിക്കാര്‍ ഭരണം നടത്തുന്ന കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ അഴിച്ചുവിട്ട അക്രമങ്ങള്‍ ഇവ്വിധം പുനരാലോചനക്ക് നിര്‍ബന്ധിക്കുന്ന സംഭവങ്ങളിലൊന്നാണ്. ജനങ്ങള്‍ക്ക് സുരക്ഷയും സമാധാനവും ഉറപ്പാക്കാന്‍ ചുമതലപ്പെട്ട ആഭ്യന്തര വകുപ്പിന്റെ ഗാഢനിദ്ര എത്രമാത്രം അപകടകരമാണെന്ന് ഓര്‍മിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് കിഴക്കമ്പലത്തെ അക്രമങ്ങള്‍. സ്വാഭാവികമെന്നും ഒറ്റപ്പെട്ടതെന്നും മുദ്രകുത്തി അതിനെ അവഗണിക്കാനാവില്ല. അക്രമങ്ങളുടെ സ്വഭാവവും വ്യാപ്തിയും പരിശോധിക്കുമ്പോള്‍ അതില്‍ ആശങ്കപ്പെടേണ്ടതായി പലതമുണ്ട്.
ശനിയാഴ്ച രാത്രി 12 മണിയോടെ കിറ്റക്‌സിലെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് അക്രമങ്ങളുടെ തുടക്കം. ക്രിസ്മസ് ആഘോഷത്തിനിടെ തൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ കലാപമായി മാറുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസുകാരെയും നാട്ടുകാരെയും തൊഴിലാളികള്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചു. പൊലീസ് കണ്‍ട്രോള്‍ റൂം വാഹനം അടിച്ചുതകര്‍ത്ത അക്രമികള്‍ ജീപ്പ് കത്തിക്കുകയും ചെയ്തു. കുന്നത്തുനാട് സി.ഐ ഉള്‍പ്പെടെ അഞ്ച് പേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. അഞ്ഞൂറോളം പൊലീസുകാര്‍ എത്തിയാണ് അക്രമങ്ങള്‍ അടിച്ചൊതുക്കിയത്. 150ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാവിലെയും പൊലീസുകാര്‍ക്കുനേരെ ആക്രമണമുണ്ടായി. മണിക്കൂറുകള്‍ നീണ്ട കലാപത്തില്‍ പൊലീസുകാരെ ചുട്ടുകൊല്ലാന്‍ ശ്രമിക്കുന്ന രീതിയിലേക്ക് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ധൈര്യം കിട്ടിയത് എവിടെനിന്നാണെന്ന ചോദ്യം ഏറെ പ്രസക്തമാണ്. വാഹനത്തില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ ഡോര്‍ ചവിട്ടിപ്പിടിച്ച ശേഷമാണ് തീവെച്ചത്. പ്രാണരക്ഷാര്‍ത്ഥം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വാഹനത്തില്‍നിന്ന് ഇറങ്ങി ഓടേണ്ടിവന്നു. കേരളത്തില്‍ ഇത്തരമൊരു സംഭവം ആദ്യമാണ്. പൊലീസുകാര്‍ക്കു പോലും രക്ഷയില്ലാത്ത അവസ്ഥയിലേക്ക് സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നിരിക്കുന്നു. ഏകദേശം മൂവായിരത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശത്താണ് ഇത്രയും വലിയൊരു അഴിഞ്ഞാട്ടമുണ്ടായിരിക്കുന്നത്. ഇവരെക്കുറിച്ച് പ്രദേശവാസികള്‍ക്ക് പരാതികളുണ്ടായിരുന്നുവെന്ന്് അധികൃതര്‍ സമ്മതിക്കുന്നുണ്ട്. പക്ഷെ, അതെല്ലാം അവഗണിക്കപ്പെടുവെന്നുവേണം കരുതാന്‍. അതിന്റെ ദുരന്തഫലം കൂടിയാണ് ഇപ്പോഴത്തെ അക്രമങ്ങള്‍. കിറ്റക്‌സിന്റെ മാനേജ്‌മെന്റിന്റെ നിരുത്തരവാദപരമായ നിലപാടുകൂടിയാണ് ഇത്രയും ഭീകരമായൊരു ക്രമസമാധാന തകര്‍ച്ചക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. അഞ്ചുപേര്‍ക്ക് മാത്രം ജീവിക്കാവുന്ന കൂരകളില്‍ പത്തും പതിനഞ്ചും തൊഴിലാളികളെയാണ് മാനേജ്‌മെന്റ് താമസിപ്പിച്ചിരുന്നതെന്ന ആക്ഷേപം ശക്തമാണ്. ഇതേക്കുറിച്ചെല്ലാം അന്വേഷണവും തുടര്‍ നടപടികളും ഉണ്ടാകേണ്ടതുണ്ട്.

സമീപ കാലത്ത് കേരളത്തില്‍ തൊഴില്‍ തേടി എത്തുന്ന അന്യസംസ്ഥാനക്കാരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്. തുച്ഛമായ കൂലിക്ക് പണിയെടുക്കുന്ന ഇവര്‍ സംസ്ഥാനത്തെ സര്‍വ്വ തൊഴില്‍ മേഖലകളിലുമുണ്ട്. കൂലി കുറവാണെന്നതുകൊണ്ട് വ്യവസായ ശാലകളില്‍ ഉള്‍പ്പെടെ ഇവരുടെ തള്ളിക്കയറ്റം കൂടുതലാണ്. ബംഗാളികള്‍ എന്ന പേരില്‍ പൊതുവെ അറിയപ്പെടുന്ന ഇവരെക്കുറിച്ചുള്ള കൃത്യമായ കണക്കുകളും അനുബന്ധ വിവരങ്ങളും ആഭ്യന്തര വകുപ്പിന്റെ കയ്യിലില്ല. ഏകദേശം അരക്കോടിയോളം അന്യസംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്തുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. അന്യസംസ്ഥാന തൊഴിലാളികളുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും മറ്റ് വിവരങ്ങളും പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കണമെന്നാണ് നിയമം. ചുരുക്കം പേര്‍ മാത്രമാണ് അത് ചെയ്യാറുള്ളൂ. കേരളത്തിലേക്ക് വരുകയും പോകുകയും ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാൡകളെക്കുറിച്ച് പൊലീസിനോ സര്‍ക്കാരിനോ വ്യക്തമായ ധാരണയൊന്നുമില്ല. ഇന്ത്യന്‍ പൗരന്മാരെന്ന നിലയില്‍ രാജ്യത്ത് എവിടെയും ജോലി ചെയ്യാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ, ഒരു സംസ്ഥാനത്തിന്റെ ക്രമസമാധാനവും സാമൂഹിക കെട്ടുറപ്പും പരിഗണിക്കുമ്പോള്‍ പുറത്തുനിന്ന് എത്തുന്നവരെ കൃത്യമായി വീക്ഷിക്കാനും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാനും സംവിധാനമുണ്ടാകേണ്ടതാണ്.

അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി എത്തുന്നതോടൊപ്പം അവരുള്‍പ്പെട്ട ക്രിമിനല്‍ കേസുകളും കൂടുന്നുണ്ടെന്ന സത്യം ഗൗരവത്തോടെ കാണേണ്ടതുണ്ട്. കൊടും ക്രിമിനലുകള്‍ പോലും ഇവരുടെ കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കിഴക്കമ്പലത്തെ അക്രമങ്ങള്‍ക്ക് കാരണം ലഹരിയാണെന്ന് കിറ്റെക്‌സ് എം.ഡി തന്നെ സമ്മതിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളിലൂടെ കേരളത്തിലേക്ക് ലഹരി പദാര്‍ത്ഥങ്ങള്‍ വന്‍ തോതില്‍ ഒഴുകുന്നുവെന്ന വാര്‍ത്തയെ ശരിവെക്കുന്നതുകൂടിയാണ് കിഴക്കമ്പലം സംഭവം.കിഴക്കമ്പലത്തേത് ഒരു മുന്നറിയിപ്പാണ്. അനുഭവങ്ങളില്‍നിന്ന് പഠിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ കൂടുതല്‍ വലിയ ദുരന്തങ്ങളുണ്ടാക്കും.

 

web desk 3: