X

സഊദി-ഇറാന്‍ സൗഹൃദം പൂത്തുലയട്ടെ-എഡിറ്റോറിയല്‍

പശ്ചിമേഷ്യയില്‍, പ്രത്യേകിച്ച് ഗള്‍ഫ് മേഖലയില്‍ സമാധാനം പുലര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഏറെ ആഹ്ലാദം പകരുന്നതാണ് സഊദി-ഇറാന്‍ അനുരഞ്ജന കരാര്‍. ചൈനീസ് മധ്യസ്ഥതയില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ച ഫലം കാണുകയായിരുന്നു. എംബസികള്‍ തുറന്ന് അംബാസഡര്‍മാരെ നിയമിക്കാനും ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കുന്നതിനെക്കുറിച്ച് കൂടിയാലോചിക്കാനും സഊദി, ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ ഉടന്‍ യോഗം ചേരും. നയതന്ത്രതലത്തില്‍ ഉണ്ടായിരിക്കേണ്ട അവശ്യ ബന്ധങ്ങളെല്ലാം രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ ഉരുത്തിരിയാന്‍ പോകുന്നുവെന്നാണ് മനസ്സിലാകുന്നത്. സഊദിയും ഇറാനും കരാറിനെ ശുഭപ്രതീക്ഷയോടെ സമീപിക്കുന്നുവെന്നത് തന്നെ തുടര്‍ നടപടിക്രമങ്ങള്‍ ശരിയായ ദിശയില്‍ നീങ്ങുന്നതിന്റെ സൂചനകളാണ്. ഏഴ് വര്‍ഷത്തോളം നയതന്ത്ര വാതിലുകളെല്ലാം അടച്ച് ബദ്ധവൈരികളെപ്പോലെ കഴിഞ്ഞിരുന്ന രണ്ട് മുസ്‌ലിം രാഷ്ട്രങ്ങള്‍ ശത്രുത വെടിഞ്ഞ് കൈകോര്‍ക്കാന്‍ സന്നദ്ധത കാണിച്ചത് സമാധാന കാംക്ഷികളെ അത്യധികം സന്തോഷിപ്പിക്കുന്നുണ്ട്. പശ്ചിമേഷ്യന്‍ മേഖലയിലെ വര്‍ത്തമാന സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ മൊട്ടിട്ടു തുടങ്ങിയ സൗഹൃദത്തിന് പ്രാധാന്യം കൂടുതലാണ്.

മുസ്‌ലിം ലോകത്ത് മാത്രമല്ല, അന്താരാഷ്ട്രതലത്തില്‍ മുഴുക്കെയും സഊദിക്ക് സവിശേഷ സ്ഥാനമുണ്ട്. എണ്ണ സമ്പന്നമെന്ന നിലയില്‍ ലോകത്ത് അല്‍പം മേല്‍കൈയുള്ള രാജ്യം കൂടിയാണത്. അമേരിക്കയുള്‍പ്പെടുന്ന പാശ്ചാത്യ രാജ്യങ്ങള്‍ സഊദിയുടെ വിശ്വാസം ആര്‍ജിക്കാന്‍ നോക്കുന്നതും സാമ്പത്തികാടിത്തറ കണക്കിലെടുത്തുകൊണ്ടാണ്. എണ്ണ, പ്രകൃതി വാതക കേന്ദ്രീകൃത സമ്പദ്ഘടനയാണ് ഇറാന്റെയും ഊര്‍ജം. ക്രയശേഷിയില്‍ ലോകത്ത് 21-ാം സ്ഥാനത്തുള്ള രാജ്യം. സമീപ കാലത്ത് കോവിഡ് മഹാമാരിയും യു.എസ് ഉപരോധങ്ങളും സമ്പദ്ഘടനയെ ചെറിയ തോതില്‍ തളര്‍ത്തിയിട്ടുണ്ടെങ്കിലും ക്ഷീണം പുറത്തറിയിക്കാതെ നിവര്‍ന്നുനില്‍ക്കാന്‍ ഇറാന്‍ ശ്രമിക്കുന്നുണ്ട്. പാകിസ്താന്‍ കഴിഞ്ഞാല്‍ ആയുധ ശേഷിയും മോശമല്ല. സ്വന്തമായി ആണവ സാങ്കേതിക വിദ്യ കൈവശമുള്ള രാജ്യമെന്ന നിലയില്‍ ഇറാന്റെ നീക്കുപോക്കുകള്‍ അന്താരാഷ്ട്ര സമൂഹം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. എല്ലാം കൊണ്ടും ഭേദപ്പെട്ട നിലയിലുള്ള രണ്ട് രാജ്യങ്ങളായതുകൊണ്ടാണ് സഊദിയുടെയും ഇറാന്റെയും പിണക്കങ്ങളും ഇണക്കങ്ങളും രാജ്യാന്തര തലത്തില്‍ ചര്‍ച്ചയാകുന്നത്.
എട്ട് വര്‍ഷമായി യമനില്‍ തുടരുന്ന രക്തചൊരിച്ചിലിന് അറുതിയാകുമെന്നതാണ് സഊദി-ഇറാന്‍ അനുരഞ്ജന കരാറിന്റെ ഏറ്റവും വലിയ ഗുണഫലം. യു.എന്‍ കണക്കു പ്രകാരം ഒന്നര ലക്ഷത്തോളം പേര്‍ കൊല്ലപ്പെടുകയും 227000 പേര്‍ പട്ടിണി കിടന്ന് മരിക്കാന്‍ ഇടയാവുകയും ചെയ്ത യുദ്ധം പശ്ചിമേഷ്യയില്‍ ആഴത്തിലുള്ള മുറിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ദശലക്ഷങ്ങളെ അഭയാര്‍ഥി ക്യാമ്പുകളിലേക്ക് തള്ളുകയും കുട്ടികളടക്കം രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഭക്ഷണം കിട്ടാതെ അലയുകയും ചെയ്യുന്ന സാഹചര്യം ഒഴിവായിക്കിട്ടാനുള്ള പ്രാര്‍ഥനയിലാണ് ലോകം. യമനിലെ ഹൂത്തി തീവ്രവാദികള്‍ക്ക് ഇറാന്‍ ആയുധങ്ങള്‍ എത്തിച്ചുകൊടുത്തും കൂലിപ്പടയാളികളെ അയച്ചും സഹായിക്കുന്നുണ്ടെന്നത് വാസ്തവമാണ്. മറുഭാഗത്ത് അന്താരാഷ്ട്ര അംഗീകാരമുള്ള ഭരണകൂടത്തെ സഹായിക്കാന്‍ സഊദിയും യുദ്ധ രംഗത്തുണ്ട്. ഇരുശക്തികളുടെ വാള്‍തലപ്പുകള്‍ക്കിടയില്‍ പിടഞ്ഞുമരിക്കുന്നത് പാവപ്പെട്ട യമനികളാണ്. എരിതീയില്‍ എണ്ണ പകരുന്നത് നിര്‍ത്തി സമാധാനത്തെക്കുറിച്ച് ചിന്തിക്കാനുള്ള മികച്ച അവസരമാണ് ചരിത്രപ്രധാന തീരുമാനത്തിലൂടെ കൈവന്നിരിക്കുന്നത്. അത് പ്രയോജനപ്പെടുത്തി മുന്നോട്ടുനീങ്ങാന്‍ ഇരുപക്ഷവും തയാറായാല്‍ ലോക സമാധാനത്തിന് വലിയ മുതല്‍ക്കൂട്ടാകും.

ചൈനയുടെ മേല്‍നോട്ടത്തിലുള്ള കരാര്‍ പൊളിഞ്ഞു കാണണമെന്ന് ആഗ്രഹിക്കുന്ന വന്‍ ശക്തികള്‍ ചുറ്റുമുണ്ട്. ലോകത്ത് വര്‍ധിച്ചുവരുന്ന ചൈനീസ് മേല്‍ക്കോയ്മയെ അസഹിഷ്ണുതയോടെയാണ് അമേരിക്ക കാണുന്നത്. ഗള്‍ഫ് യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയില്‍ യു.എസ് കൂടുതല്‍ പിടിമുറുക്കിയിട്ടുണ്ട്. തങ്ങളുടെ തട്ടകത്തില്‍ ചൈന ഇറങ്ങിക്കളിക്കുന്നത് കണ്ടുനില്‍ക്കാന്‍ യു.എസിന് ക്ഷമയുണ്ടാകില്ല. സഊദി-ഇറാന്‍ അനുരഞ്ജന നീക്കങ്ങളോട് ഉള്ളുതുറന്ന് പ്രതികരിക്കാന്‍ അവര്‍ക്ക് സാധിക്കാത്തതും അതുകൊണ്ടാണ്. സഊദിയും ഇറാനും തമ്മിലടിച്ച് ചാവുന്നത് കാണാന്‍ കൊതിച്ചിരിക്കുകയാണ് ഇസ്രാഈല്‍. അതിനിടയ്ക്ക് അവര്‍ കൊമ്പു കോര്‍ക്കുന്നത് നിര്‍ത്തി കൈകോര്‍ക്കുന്നത് ഇസ്രാഈലിനെ സംബന്ധിച്ചിടത്തോളം കയ്‌പേറിയ വാര്‍ത്തയാണ്.

ഈ ഇടപാടില്‍ ചൈന കാണുന്നത് സമാധാനത്തിനപ്പുറം വിശാലമായ മാര്‍ക്കറ്റുകളാണ്. വര്‍ഷങ്ങളായി തങ്ങളോടൊപ്പം നിലകൊള്ളുന്ന ഇറാനോടൊപ്പം സഊദിയെയും കൂട്ടുപിടിക്കാന്‍ സാധിച്ചാല്‍ പണക്കൊഴുപ്പുള്ള വിപണികള്‍ തുറന്നുകിട്ടുമെന്ന് ബെയ്ജിങ് കണക്കുകൂട്ടുന്നു. കരാറിന് തുരങ്കം വെക്കാന്‍ പുറത്ത് ആളുണ്ടെന്നതുപോലെ ചരിത്രപരമായ ചില ഘടകങ്ങള്‍ അകത്തും പ്രശ്‌നങ്ങളുണ്ടാക്കിയേക്കുമെന്ന ആശങ്ക ശക്തമാണ്. 1979ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം സഊദി-ഇറാന്‍ ഉഭയകക്ഷി ബന്ധത്തില്‍ ഉണ്ടായിട്ടുള്ള ഉയര്‍ച്ചാ താഴ്ചകള്‍ ഇപ്പോഴത്തെ കരാറിനെയും ബാധിച്ചേക്കുമെന്ന നയതന്ത്ര പ്രവചനങ്ങളെ നിസ്സാരമായി തള്ളിക്കൂടാ. പഴയതെല്ലാം മറന്നും വിട്ടുവീഴ്ച ചെയ്തും പുതിയ കാല്‍വെപ്പുകള്‍ക്ക് തയാറായാല്‍ കരാറുകൊണ്ട് സഊദിയെക്കാള്‍ കൂടുതല്‍ പ്രയോജനം ലഭിക്കുക തങ്ങള്‍ക്കാണെന്ന യാഥാര്‍ഥ്യം ഇറാന്‍ ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം.

 

webdesk11: