X

ഭരണഘടനയുടെ വെളിച്ചത്തില്‍ മുന്നേറാം

എ.എന്‍ ഷംസീര്‍
(കേരള നിയമസഭാ സ്പീക്കര്‍)

രാജ്യത്തിന്റെ അടിത്തറയെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യയുടെ ഭരണഘടനക്ക് അംഗീകാരം ലഭിച്ചിട്ട് ഇന്നേക്ക് എഴുപത്തിമൂന്ന് വര്‍ഷം പൂര്‍ത്തിയാവുന്നു. ഇന്ത്യന്‍ ഭരണഘടന, രാജ്യത്തെ ഓരോ പൗരന്റേയും അവകാശങ്ങളെയും ചുമതലകളെയും കുറിച്ച് ബോധ്യപ്പെടുത്തുന്നുണ്ട്. രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും ഊട്ടിയുറപ്പിക്കുന്ന, പൗരാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടന സംരക്ഷിക്കപ്പെടേണ്ടത് വര്‍ത്തമാനകാലത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

ഓരോ ഇന്ത്യക്കാരന്റേയും ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുന്ന, ദിശാബോധം നല്‍കുന്ന ആധികാരിക മാര്‍ഗരേഖയാണ് ഭരണഘടന. രാജ്യത്തിന്റെ സംസ്‌കാരം എന്നത് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ബഹുസ്വരതയാണ്. ജനാധിപത്യവും മതനിരപേക്ഷതയുമാണ് ഭരണഘടനയുടെ ഉള്‍ക്കാമ്പ്. ഭരണനിര്‍വഹണം, നിയമനിര്‍മാണം, നീതിന്യായ പരിപാലനം തുടങ്ങിയ ഭരണയന്ത്രത്തിന്റെ വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലും കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകള്‍, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ വ്യത്യസ്ത മേഖലകള്‍ തമ്മിലുമുള്ള ബന്ധങ്ങള്‍ നിര്‍ണയിക്കുകയും നിര്‍വചിക്കുകയും ചെയ്യുന്നത് ഭരണഘടനയാണ്. പ്രാരംഭത്തില്‍ 22 ഭാഗവും 395 അനുച്ഛേദങ്ങളും 9 പട്ടികയുമുണ്ടായിരുന്ന ഭരണഘടനയായിരുന്നു. തുടര്‍ന്നുവന്ന നൂറിലധികം ഭേദഗതികളിലൂടെ അമ്പതിലധികം അനുച്ഛേദങ്ങളും 3 പട്ടികകളും ഭരണഘടന യില്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

ഭരണഘടനയില്‍ ഭേദഗതികളും പൊളിച്ചെഴുത്തും കൂട്ടിച്ചേര്‍ക്കലും വേണമെന്ന് പല ഘട്ടങ്ങളിലും പലരും ആവശ്യപ്പെട്ടിട്ടുണ്ട്. അതില്‍ മിക്ക ആവശ്യങ്ങളും ഭരണഘടനയുടെ ജനാധിപത്യത്തിന്റെയും സമത്വാശയങ്ങളുടെയും ഭാഗം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു. ആ കാഴ്ചപ്പാടിലാവണം ഓരോരുത്തരും ഇന്ത്യന്‍ ഭരണഘടനയെ സമീപിക്കേണ്ടത്.

ഭരണകൂടത്തെ ഉപയോഗിച്ചുകൊണ്ട് ഭരണഘടനയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്ന ആക്ഷേപം ശക്തമായുണ്ട്. പൗരത്വ നിയമഭേദഗതി പാര്‍ലമെന്റില്‍ പാസാക്കിയത് ഇതിനൊരു ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ‘ഭരണഘടന എത്ര നല്ലതാണെങ്കിലും അത് നടപ്പാക്കുന്നവര്‍ നല്ലതല്ലെങ്കില്‍ അത് ചീത്തയാകു’മെന്ന് 1949 നവംബര്‍ 25ന് ഭരണഘടനാഅസംബ്ലിയില്‍ അംബേദ്കര്‍ നല്‍കിയ മുന്നറിയിപ്പാണ് ഇത്തരം നീക്കങ്ങളുണ്ടാവുമ്പോള്‍ ഓര്‍മ്മവരുന്നത്. രാജ്യത്ത് പതിനൊന്നോളം സംസ്ഥാനങ്ങള്‍ക്ക് ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പ്രത്യേക പദവികളോ പരിഗണനകളോ ഉണ്ട്. അതെല്ലാം നിലനിര്‍ത്തിക്കൊണ്ടുതന്നെ ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയുന്നത് കണ്ടു. കാര്‍ഷിക ഭേദഗതി നിയമം, തൊഴില്‍ നിയമം, അയോധ്യാ വിധി നടപ്പാക്കല്‍ തുടങ്ങിയവയെല്ലാം ഭരണഘടനാപരമായിരുന്നോ എന്ന കാര്യത്തിലും വ്യാപകമായ ചര്‍ച്ചകള്‍ നടന്നുവരുന്നു. മതത്തിന്റെ പേരില്‍ പൗരത്വം നിഷേധിക്കാന്‍ പാടില്ലെന്നും വിവേചനമോ പ്രീണനമോ പാടില്ലെന്നും ഭരണഘടന ഊന്നുന്നുണ്ട്. പരമാധികാര, സോഷ്യലിസ്റ്റ്, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക് എന്നാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന് ഭരണഘടന നല്‍കിയ വിശേഷണങ്ങള്‍. ഇതിലെ മതനിരപേക്ഷത ഉള്‍പ്പെടെയുള്ള വിശേഷണങ്ങള്‍ അനാവശ്യമാണെന്ന് പറഞ്ഞുകൊണ്ട് അത്തരം മൂല്യങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും അരങ്ങേറുന്നുണ്ട്. ഭരണഘടനയെ പിച്ചിച്ചീന്താനുള്ള ഇത്തരം നീക്കങ്ങളെ ജനാധിപത്യ, മതനിരപേക്ഷ വാദികള്‍ ചെറുത്തുതോല്‍പ്പിക്കണം. ഭരണഘടനാസംരക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇന്ത്യന്‍ ഭരണഘടനയോട് പ്രതിബദ്ധത പുലര്‍ത്തി പ്രവര്‍ത്തിക്കാനും ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷ ജനാധിപത്യം, ഫെഡറലിസം, സാമൂഹ്യനീതി, സാമ്പത്തിക പരമാധികാരം തുടങ്ങിയവയെല്ലാം സംരക്ഷിക്കാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നിന്ന് ഉയര്‍ന്നുവരണം.

ഭരണഘടനയെ കുറിച്ചുള്ള അറിവ് ഈ കാലഘട്ടത്തില്‍ പരമപ്രധാനമായ ഒന്നാണ്. ഓരോ മലയാളിക്കും ഭരണഘടനാ സാക്ഷരത പകര്‍ന്നുനല്‍കാനുള്ള വിപുലമായ കാമ്പയിന് രാജ്യത്തിന്റെ ഭരണഘടനാ ദിനമായ ഇന്ന് കേരള നിയമസഭ തുടക്കം കുറിക്കുകയാണ്. കുടുംബശ്രീയുമായി സഹകരിച്ച് നടപ്പിലാക്കുന്ന കാമ്പയിനിലൂടെ സംസ്ഥാനത്തെ 45 ലക്ഷത്തിലേറെ കുടുംബങ്ങളിലേക്ക് ഭരണഘടനയെ കുറിച്ചുള്ള അറിവ് എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടുംബശ്രീയുടെ യൂണിറ്റ് മുതലുള്ള വിവിധ തലങ്ങളില്‍ നടക്കുന്ന ക്യാമ്പയിനിലൂടെ ഭരണ ഘടനയുടെ ആവിര്‍ഭാവത്തെ കുറിച്ചും ഭരണഘടനാമൂല്യങ്ങളെ സംബന്ധിച്ചും വിപുലമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. രാജ്യത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്നവര്‍ക്ക് ഭരണഘടനയെ പ്രകാശിപ്പിക്കാതിരിക്കാനാവില്ല. അതിന്റെ വെളിച്ചത്തിലാണ്‌വരും തലമുറ വളരേണ്ടത്.

 

web desk 3: