X

പെറ്റ് ഷോപ്പുകള്‍ക്കു ലൈസന്‍സ് നിര്‍ബന്ധമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അരുമ മൃഗങ്ങളെയും പക്ഷികളെയും വില്‍ക്കുന്ന സ്ഥാപനങ്ങളുടെ (പെറ്റ്ഷോപ്പുകള്‍) പ്രവര്‍ത്തനത്തിനു ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. ഇതു സംബന്ധിച്ച കേന്ദ്ര നിയമം കര്‍ശനമായി നടപ്പാക്കുവാന്‍ പുന:സംഘടിപ്പിച്ച സ്റ്റേറ്റ് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. പെറ്റ്സ് ഷോപ്പ്, ഡോഗ് ബ്രീഡിങ് സ്ഥാപന ഉടമസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ ജില്ലാതലത്തില്‍ ബോധവത്കരണം നല്‍കുമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായി എല്ലാ ജില്ലകളിലും സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സിന്റെ (എസ്.പി.സി.എ.) പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ഇതിന്റെ ഭാഗമായി ജില്ലാതല എസ്.പി.സി.എ മാനേജ്മെന്റ് കമ്മിറ്റിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനൊപ്പം ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി ജില്ലാ കലക്ടറേയും ഉള്‍പ്പെടുത്തും. അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരവും അനുമതിയും ലഭിച്ച സ്ഥാപനങ്ങളില്‍നിന്നു താത്പര്യപത്രം ക്ഷണിച്ച് തെരുവു നായ്ക്കളില്‍ വന്ധീകരണ പദ്ധതി നടപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കും.

ഹൈക്കോടതി വിധിയനുസരിച്ച് തെരുവു നായ്ക്കളെ സംരക്ഷിക്കുന്നതിനായി അനിമല്‍ ഷെല്‍ട്ടര്‍, അനിമല്‍ അഡോപ്ഷന്‍, ഫീഡിങ് പോയിന്റ് എന്നിവ നടപ്പാക്കുന്നതിനും വകുപ്പിനോടു ശുപാര്‍ശ ചെയ്യും. മൃഗസംരക്ഷണ വകുപ്പിന്റെ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ വെറ്ററിനറി സര്‍ജന്‍മാര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ സര്‍ജന്‍മാരെ നിയമിക്കും. എലിഫെന്റ് സ്‌ക്വാഡിലേക്ക് ഡോക്ടര്‍മാരെ കണ്ടെത്തി വെറ്ററിനറി കോളജുകളില്‍ പരിശീലനം നല്‍കി ജില്ലാതല സ്‌ക്വാഡുകള്‍ ശക്തിപ്പെടുത്തും. അനധികൃത അറവു തടയുന്നതിനും ആധുനിക അറവുശാലകള്‍ സ്ഥാപിക്കുന്നതിനും തദ്ദേശ സ്വയംഭരണ വകുപ്പിനു നിര്‍ദേശം നല്‍കും. മൃഗ സംരക്ഷണ വകുപ്പ് ജില്ലകളില്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും സ്റ്റേറ്റ് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തും. ഇവര്‍ക്ക് ജില്ലതിരിച്ചു ചുമതല നല്‍കുമെന്നും മന്ത്രി പറഞ്ഞു.

 

 

web desk 3: