X

ടോട്ടനം താരം ഡാലെ അലിക്കായി റയല്‍ മാഡ്രിഡും ബാര്‍സിലോണയും

ലണ്ടന്‍: ടോട്ടനം ആരാധകര്‍ അതീവ ടെന്‍ഷനിലാണിപ്പോള്‍…, ടീം മാനേജ്‌മെന്റും..! ഡാലെ അലി എന്ന പുത്തന്‍ സൂപ്പര്‍ താരത്തിന്റെ സേവനം ക്ലബിന് നഷ്ടമാവുമോ എന്നതാണ് ടെന്‍ഷന്റെ അടിസ്ഥാനം. അലിടെ നോട്ടമിട്ടിരിക്കുന്നത് ചില്ലറക്കാരല്ല. കഴിഞ്ഞ വാരത്തില്‍ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെതിരെ വെംബ്ലിയില്‍ നേടിയ ഇരട്ട ഗോള്‍ പെരുമയില്‍ റയല്‍ മാനേജ്‌മെന്റ് തന്നെയാണ് ആദ്യം ഇംഗ്ലീഷ് താരത്തിനായി ചൂണ്ടയിട്ടത്. ഇപ്പോഴിതാ ബാര്‍സിലോണക്കായി സാക്ഷാല്‍ മെസി തന്നെ രംഗത്ത് വന്നതായാണ് റിപ്പോര്‍ട്ട്.

21 കാരനായ അലിയെ എത്രയും വേഗം ബാര്‍സ ക്യാമ്പിലെത്തിക്കണമെന്നാണ് മെസി ക്ലബ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആന്ദ്രെ ഇനിയസ്റ്റ, ഇവാന്‍ റാക്റ്റിച്ച് തുടങ്ങിയവരുടെ കാലം കഴിയുന്ന സാഹചര്യത്തില്‍ തനിക്ക് പുതിയ ശക്തരായ താരങ്ങളുടെ സഹായം വേണമെന്നാണ് മെസി വ്യക്തമാക്കിയിരിക്കുന്നത്. അലിക്ക് വേണ്ടി റയലും ബാര്‍സയും രംഗത്ത് വന്നതോടെ ആ താരത്തിന്റെ ഡിമാന്‍ഡ് കുത്തനെ വര്‍ധിച്ചതോടെ ടോട്ടനം ആരാധകര്‍ പ്രതീക്ഷ കൈവിട്ട മട്ടാണ്. മൂന്ന് പേരെയാണ് ഇടക്കാല ട്രാന്‍സ്ഫര്‍ സമയത്ത് ബാര്‍സ നോട്ടമിട്ടിരിക്കുന്നത്. അലിക്ക് പുറമെ ജര്‍മന്‍ ബുണ്ടസ് ലീഗില്‍ ഷാല്‍ക്കെക്കായി തിളങ്ങുന്ന ലിയോണ്‍ ഗോയട്‌സ്‌ക്ക, ലിവര്‍പൂളിന്റെ ഫിലിപ്പോ കുട്ടിനോ എന്നിവരെയാണ് ബാര്‍സക്കും മെസിക്കും താല്‍പ്പര്യം.

ഈ മൂന്ന് പേരില്‍ അലിക്കാണ് മെസി ആദ്യ മാര്‍ക്ക് നല്‍കിയിരിക്കുന്നത്. അതിലൂടെ രണ്ട് കാര്യങ്ങള്‍ നേടാനാവുമെന്നും സൂപ്പര്‍ താരം കരുതുന്നു. ഒന്ന് മികച്ച യുവതാരത്തെ സ്വന്തമാക്കാം. മറ്റൊന്ന് ഫുട്‌ബോള്‍ വിപണിയില്‍ റയലിനെ പരാജയപ്പെടുത്താം. ഇനിയസ്റ്റയും താനും തമ്മിലുള്ള കോമ്പിനേഷന്‍ പോലെ അലിക്കൊപ്പം പുതിയ പാര്‍ട്ട്ണര്‍ഷിപ്പ് ഉണ്ടാക്കാനാണ് അര്‍ജന്റീനിയന്‍ താരം ആഗ്രഹിക്കുന്നത്. പക്ഷേ അലിയോട് മെസിക്കുള്ളയത്ര താല്‍പ്പര്യം ബാര്‍സ മാനേജ്‌മെന്റ് പരസ്യമായി പ്രകടിപ്പിക്കുന്നില്ല. അവരുടെ നോട്ടം അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് അന്റോണിയോ ഗ്രീസ്മാനെ സ്വന്തമാക്കാനാണ്.

chandrika: