X
    Categories: MoreViews

ആരാധകര്‍ കൈയ്യടിച്ചാല്‍ മതി; ആരാധകരോടുള്ള ടീം മാനേജ്‌മെന്റിന്റെ അവഗണനയില്‍ പ്രതിഷേധം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കഴിഞ്ഞ മൂന്ന് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്‌സിന് അകമഴിഞ്ഞ പിന്തുണ നല്‍കിയ ലക്ഷ കണക്കിന് ആരാധകരെ അവഗണിക്കുന്ന ടീം മാനേജ്‌മെന്റിന്റെ നിലപാടിന് പുതിയ സീസണിലും മാറ്റമില്ല. ലീഗിലെ മറ്റു ക്ലബ്ബുകളെല്ലാം ആരാധകരെ കാര്യമായി പരിഗണിക്കുമ്പോഴാണ് രാജ്യത്തെ ഏറ്റവും മികച്ച ആരാധക സംഘത്തിനുള്ള പുരസ്‌കാരം വരെ നേടിയ ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് മാനേജ്‌മെന്റ് കടുത്ത അവഗണന തുടരുന്നത്. ടിക്കറ്റ് വില്‍പ്പനയിലടക്കം ഇത് പ്രകടമാണ്. തങ്ങള്‍ എന്തു ചെയ്താലും ഫാന്‍സുകാര്‍ കൂടെ നില്‍ക്കുമെന്ന ധാരണയാണ് ടീം മാനേജ്‌മെന്റിന് ഇപ്പോഴുമുള്ളതെന്ന് ഒരു വിഭാഗം ആരാധകര്‍ പറയുന്നു. മാനേജ്‌മെന്റ് തലത്തില്‍ മാറ്റങ്ങളുണ്ടായിട്ടും ടീമിന് ആരാധകരോടുള്ള സമീപനം മാറാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഇവര്‍ പറയുന്നു. ആരാധകരുടെ ശക്തമായ പിന്തുണയെ ചൂഷണം ചെയ്യുന്ന നിലപാടാണ് മാനേജ്‌മെന്റിന്റേതെന്നും ആരോപണമുയരുന്നുണ്ട്.

ലീഗിലെ കന്നിക്കാരായ ബെംഗളൂരു എഫ്.സി അടക്കമുള്ള ടീമുകള്‍ ആരാധകര്‍ക്കായി ടിക്കറ്റ് നിരക്കിലടക്കം ഇളവുകള്‍ നല്‍കുമ്പോള്‍ സീസണ്‍ ടിക്കറ്റ് സംവിധാനം പോലും നടപ്പില്‍ വരുത്താന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. ടിക്കറ്റ് നിരക്കാവട്ടെ വര്‍ധിപ്പിക്കുകയും ചെയ്തു. ആദ്യ സീസണില്‍ ഗാലറിക്ക് നൂറ് രൂപ ഈടാക്കിയിരുന്നത് നാലാം സീസണില്‍ 240 രൂപയായി. ഉദ്ഘാടന മത്സത്തിനും ബെംഗളൂരൂ, ചെന്നൈയിന്‍ എഫ്.സി ടീമുകള്‍ക്കെതിരായ ഹോം മത്സരത്തിനുമാണ് ഈ നിരക്ക്. മറ്റു മത്സരങ്ങള്‍ക്ക് 200 രൂപയാണ് നിരക്ക്. കഴിഞ്ഞ സീസണില്‍ 500 രൂപയായിരുന്നു കൂടിയ നിരക്കെങ്കില്‍ ഇത്തവണ അത് 3500 രൂപയായി വര്‍ധിച്ചു. ഗോള്‍ പോസ്റ്റിന് പിന്നിലെ ബി.ഡി ബ്ലോക്കുകള്‍ക്ക് 500 രൂപയും സി ബ്ലോക്കിന് 700 രൂപയും നല്‍കണം. വി.ഐ.പി ബോക്‌സിന് സമീപമുള്ള എ,ഇ ബ്ലോക്കുകള്‍ക്ക് 850 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.

ലീഗിലെ പുതിയ ടീമായ ജംഷഡ്പൂര്‍ എഫ്.സിയാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നത്. 50 രൂപയിലാണ് ഹോം മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. കൂടിയ ടിക്കറ്റിന് 240 രൂപ മാത്രമാണുള്ളത്. 150 രൂപയാണ് ചെന്നൈയിന്‍ എഫ്.സിയുടെ ഹോം മത്സരങ്ങള്‍ക്കുള്ള കുറഞ്ഞ നിരക്ക്. ടിക്കറ്റ് വില്‍പ്പനയെ കുറിച്ച് മാധ്യമങ്ങള്‍ വഴി കൃത്യമായ അറിയിപ്പ് നല്‍കുന്നതിലും ടീം മാനേജ്‌മെന്റ് പൂര്‍ണ പരാജയമാണ്. ഇന്നലെ ബോക്‌സ് ഓഫീസ് വഴി കൗണ്ടര്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങുമെന്നായിരുന്നു അനൗദ്യോഗിക വിവരം. ആരാധകരും മാധ്യമ പ്രവര്‍ത്തകരും ഇതേ കുറിച്ചുള്ള സ്ഥിരീകരണത്തിനായി മാനേജ്‌മെന്റ് പ്രതിനിധികളെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടിയുണ്ടായില്ല. ഫെയ്‌സ്ബുക്കിലടക്കം ഇതേ കുറിച്ചുള്ള ആരാധകരുടെ സംശയത്തിനും അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായില്ല. ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ ടിക്കറ്റ് വില്‍പ്പന പ്രതീക്ഷിച്ച് കലൂര്‍ സ്റ്റേഡിയത്തിന് മുന്നിലെത്തിയ ആരാധകര്‍ നിരാശരായാണ് മടങ്ങിയത്. ആരാധകര്‍ പ്രതിഷേധവുമായി എത്തിയതോടെ ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന നോട്ടീസ് സ്റ്റേഡിയത്തിന് മുന്നില്‍ പതിച്ചു.

ഇതോടെ ആരാധകര്‍ കൂടുതല്‍ രോഷാകുലരായി. വീ വാണ്ട്് ടിക്കറ്റ് എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു കാണികളുടെ പ്രതിഷേധം. ബോക്‌സ് ഓഫീസ് ടിക്കറ്റ് വില്‍പ്പനയില്ലെങ്കില്‍ ഇക്കാര്യം നേരത്തേ അറിയിക്കാമായിരുന്നുവെന്ന് ആരാധകര്‍ പറഞ്ഞു. ലീഗിലെ മറ്റു മറ്റു ടീമുകള്‍ പ്രീസീസണ്‍ മത്സരത്തിന്റെ അറിയിപ്പും ഫലങ്ങളും കൃത്യമായി സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചിരുന്നു. ഇക്കാര്യത്തിലും പല നിലപാടായിരുന്നു ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്. ടീമുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഊഹാപോഹങ്ങള്‍ വിശ്വസിക്കേണ്ട ഗതികേടാണ് ഫാന്‍സിനിപ്പോള്‍. ഐ.എസ്.എല്‍ ടീമുകളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ആരാധകര്‍ പിന്തുടരുന്ന ടീമാണ് ബ്ലാസ്റ്റേഴ്‌സ്. സ്വന്തമായി വെബ്‌സൈറ്റ് ഉണ്ടെങ്കിലും ഇതിന്റെ സ്ഥിതി ദയനീയമാണ്. പുതിയ ടീമിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലും വെബ്‌സൈറ്റില്‍ ലഭ്യമല്ല.

chandrika: