X
    Categories: indiaNews

‘സുശാന്തിന്റെ മുറിയുടെ പൂട്ട് പൊളിച്ച് ഞാനങ്ങോട്ട് കടന്നു; അവിടെ നാലുപേര്‍ ഉണ്ടായിരുന്നു’; ജൂണ്‍ 14ന് സംഭവിച്ചത് വെളിപ്പെടുത്തി ആശാരി രംഗത്ത്

ന്യൂഡല്‍ഹി: സുശാന്ത് സിംഗ് മരിച്ച ദിവസം സംഭവിച്ചതെന്താണെന്ന് വെളിപ്പെടുത്തി മുറിയുടെ വാതില്‍ കുത്തിത്തുറന്ന ആശാരി രംഗത്ത്. മുഹമ്മദ് റാഫി ഷെയ്ഖ് എന്ന പേരിലുള്ള ആശാരിയാണ് ജൂണ്‍ 14ന് മുറി തുറന്നപ്പോള്‍ കണ്ട കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഹമ്മദ്് റാഫിയുടെ വെളിപ്പെടുത്തല്‍.

സുശാന്ത് മരിച്ച ജൂണ്‍ 14ന് മുറിയുടെ വാതിലിന്റെ ലോക് തുറക്കാനാണ് തന്നെ വിളിച്ചത്. സുശാന്തിന്റെ ബെഡ്‌റൂമിന്റെ ലോക്കാണ് തന്നോട് തുറക്കാന്‍ ആവശ്യപ്പെട്ടതെന്ന് മുഹമ്മദ് റാഫി പറയുന്നു. വാതിലിന്റെ പൂട്ട് കംപ്യൂട്ടറൈസ്ഡ് ലോക്കായിരുന്നു. കത്തിയും ചുറ്റികയും ഉപയോഗിച്ച് ലോക് തുറന്നതോടെ മുറി തുറന്നു. എന്നാല്‍ അവിടെ അപ്പോഴൊന്നും കണ്ടില്ലായിരുന്നുവെന്നും തന്നോട് പുറത്തേക്ക് പോകാനും അവിടെയുള്ളവര്‍ ആവശ്യപ്പെട്ടുവെന്നും മുഹമ്മദ് റാഫി പറഞ്ഞു.

ആ മുറിയില്‍ അപ്പോള്‍ മൂന്നോ നാലോ പേരുണ്ടായിരുന്നു. എന്നാല്‍ അവരുടെ പേരൊന്നും തനിക്കറിയില്ലായിരുന്നു. കംപ്യൂട്ടറൈസ്ഡ്് ലോക്കായതു കൊണ്ട് തന്നെ തുറക്കാന്‍ വളരെയേറെ കഷ്ടപ്പെട്ടിരുന്നു. അതിനാല്‍ 2000 രൂപ നല്‍കണമെന്ന് താന്‍ അവരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പണം ഒരു പ്രശ്‌നമല്ലെന്നായിരുന്നു അവരുടെ മറുപടി.

ആറാം നിലയിലായിരുന്നു സുശാന്തിന്റെ ഫഌറ്റ്. മുറിയുടെ പൂട്ട് പൊളിച്ച് അകത്തു കടന്ന താനൊന്നും കണ്ടിരുന്നില്ല. കൂടാതെ തന്നോട് പുറത്തുപോകാനും അവിടെയുള്ളവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മുറിയുടെ ഉള്ളിലുള്ളത് എന്താണെന്ന് എനിക്കറിയില്ലായിരുന്നു. അവരുടെ മുഖത്ത് യാതൊരു തരത്തിലുള്ള ഭയപ്പാടുകളും ഉണ്ടായിരുന്നില്ല. ഉച്ചക്ക് ഒന്നേ മുക്കാലോടുകൂടിയാണ് തന്നെ വിളിച്ചത്. പിന്നീട് ഒരു മണിക്കൂറിനു ശേഷം പൊലീസ് വിളിച്ചിട്ടാണ് താനങ്ങോട്ട് പോകുന്നതെന്നും മുഹമ്മദ് റാഫി പറയുന്നു.

കഴിഞ്ഞ ദിവസമാണ് കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചത്. മുംബൈയില്‍ എത്തിയ സിബിഐ സംഘം പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീഴ്ച പറ്റിയോ എന്നറിയാനുള്ള ശ്രമമാണ് ആദ്യം ആരംഭിച്ചത്. ഇതുവരെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിസിപി അഭിഷേക് ത്രിമുഖേയില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞ സംഘം സുശാന്തിന്റെ പരിചാരകനില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു. സുശാന്തിന്റെ മരണം ചലച്ചിത്ര മേഖല കടന്ന് രാഷ്ട്രീയ സംവാദമായ സാഹചര്യത്തില്‍ കരുതലോടെയും രഹസ്യ സ്വഭാവം നിലനിര്‍ത്തിയും കേസ് അന്വേഷിക്കാനാണ് സിബിഐയുടെ തീരുമാനം.

chandrika: