X
    Categories: MoreViews

ആരോഗ്യമേഖല സ്തംഭിക്കും; മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ഐ.എം.എ രാജ്യവ്യാപക പ്രക്ഷോഭത്തിന്

കൊച്ചി: നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍.എം.സി) ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും. ഇന്ത്യയിലെ ആധുനിക വൈദ്യശാസ്ത്ര ചികിത്സാ പഠന ഗവേഷണ മേഖലകളുടെ തകര്‍ച്ചക്ക് വഴിയൊരുക്കുന്ന നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍.എം.സി) ബില്ല് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഇരിക്കെയാണ് ഡോക്ടര്‍മാര്‍ സമരം ശക്തമാക്കുന്നത്. എന്‍.എം.സി ബില്ലില്‍ അടങ്ങിയിട്ടുള്ള പൊതുജനാരോഗ്യ വിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്നും ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാര്‍ക്ക് പിന്‍വാതില്‍ വഴി അലോപ്പതി മരുന്നുകള്‍ ഉപയോഗിക്കാന്‍ ലൈസന്‍സ് നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. സാധാരണക്കാര്‍ക്കു മെഡിക്കല്‍ പഠനം അപ്രാപ്യമാക്കാനുള്ള നീക്കമാണ് നടക്കുന്നത്.

എം.ബി.ബിഎസ് ബിരുദധാരികള്‍ക്ക് എക്‌സിറ്റ് പരീക്ഷ നടത്താനുള്ള നീക്കം ഉപേക്ഷിക്കുക, ഡോക്ടര്‍മാരെ സമാധാനമായി ജോലി ചെയ്യാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധത്തില്‍ ഉന്നയിക്കും. ഐ.എം.എ മെഡിക്കല്‍ സ്റ്റുഡന്റ്‌സ് നെറ്റ്‌വര്‍ക്ക്, കെ.ജി.എം.ഒ.എ, കെ.ജി.എം.സി.ടി.എ തുടങ്ങിയ സംഘടനകളും പ്രതിഷേധത്തില്‍ പങ്കാളികളാകും. പൊതുജനങ്ങള്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ എന്താണെന്ന് മനസ്സിലാക്കണമെന്നും ജനങ്ങളുടെ ജീവനു തന്നെ അപകടം വരുത്തുന്ന വിധം കുറുക്കുവഴികളിലൂടെ ബ്രിഡ്ജ് കോഴ്‌സുകള്‍ നടത്തി മുറിവൈദ്യന്‍മാരെ സൃഷ്ടിച്ച് യോഗ്യതയില്ലാത്തവരെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ വക്താക്കളാക്കാനുള്ള ശ്രമം തടയണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ കടയ്ക്കല്‍ കത്തി വെക്കുന്ന നയം ജന വിരുദ്ധമാണെന്ന് തിരിച്ചറിഞ്ഞ് എല്ലാ രാഷ്ട്രീയ സംഘടനകളും യോജിച്ച് ബില്ലിനെ ശക്തമായി എതിര്‍ക്കണമെന്ന് ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. വര്‍ഗീസ് ചെറിയാന്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ ഇന്ന് മെഡിക്കല്‍ ബന്ദ് 

ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബന്ദ് നടത്തും. ഐ.എം.എയുടെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തെ ഡോക്ടര്‍മാരും രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ പണിമുടക്കുന്നത്. കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ ഒ.പിയും ബഹിഷ്‌കരിക്കും. ഒ.പി വിഭാഗത്തിലേക്ക് രോഗികള്‍ ഏറ്റവും കൂടുതല്‍ എത്തിച്ചേരുന്ന രാവിലെ ഒന്‍പത് മുതല്‍ പത്തുവരെയാണ് ബഹിഷ്‌കരണം.

സമരം കാരണം സര്‍ക്കാര്‍, സ്വകാര്യ ആസ്പത്രികളുടെ ഒ.പികള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല. അത്യാഹിത വിഭാഗം, കിടത്തിചികിത്സാ വിഭാഗം എന്നിവയെ സമരത്തില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ടെന്ന് ഐ.എം.എ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാവപ്പെട്ടര്‍ക്കെതിരായ ജനവിരുദ്ധ, ജനാധിപത്യവിരുദ്ധ, ഫെഡറല്‍ സംവിധാന വിരുദ്ധ സ്വഭാവമുള്ള ബില്‍ പിന്‍വലിക്കണമെന്നാണ് ഐ.എം.എ ആവശ്യപ്പെടുന്നത്.

കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരെ അലോപ്പതി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്നലെ രാജ്ഭവനു മുന്നില്‍ ആരംഭിച്ചിരുന്നു. നൂറുകണക്കിനു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ രാജ്ഭവനു മുന്നിലേക്ക് എത്തിയതോടെ സമരം ശക്തമായി. രാപ്പകല്‍ സമരമാണ് വിദ്യാര്‍ത്ഥികള്‍ നടത്തുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നും നാളെയും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠിപ്പു മുടക്കും. വിദ്യാര്‍ത്ഥികള്‍ ഇന്ന് നിരാഹാര സമരം അനുഷ്ഠിക്കുമെന്ന് ഐ. എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.കെ ഉമ്മറും സെക്രട്ടറി ഡോ.എന്‍ സുല്‍ഫിയും ഐ. എം.എ വിദ്യാര്‍ത്ഥി വിഭാഗം ദേശീയ കോ ഓര്‍ഡിനേറ്റര്‍ ഡോ.ശ്രീജിത്ത് എന്‍.കുമാറും വ്യക്തമാക്കി. സമരത്തിന്റെ ഭാഗമായി ഐ.എം.എ ഇന്ന് രാവിലെ 11ന് രാജ്ഭവനിലേക്ക് മാര്‍ച്ചും നടത്തും.കേരളത്തില്‍ ഇന്ന് മെഡിക്കല്‍ ബന്ദ്

ബില്‍ ഇന്ന് പാര്‍ലമെന്റില്‍

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എം.സി. ഐ)ക്ക് പകരമായി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍(എന്‍. എം.സി) രൂപകരിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള വിവാദ ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. ആരോഗ്യ മേഖലയിലെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് ബില്ലുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ആരോഗ്യ മേഖലയില്‍ രാജ്യം ഇതുവരെ കൈവരിച്ച പുരോഗതി തകിടം മറിക്കുന്നതാണ് ബില്ലിലെ പല നിര്‍ദേശങ്ങളുമെന്ന ആരോപണവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.

ബില്ലും വിവാദങ്ങളും ഇങ്ങനെ:-

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ 2017 എന്ന പേരിലാണ് പുതിയ ബില്‍ അവതരിപ്പിക്കുന്നത്. വോട്ടിങിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഡോക്ടര്‍മാരാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. എന്നാല്‍ പുതുതായി രൂപീകരിക്കുന്ന എന്‍.എം.സിയില്‍ അലോപതി ഡോക്ടര്‍മാര്‍ക്ക് നാമമാത്ര പ്രാതിനിധ്യം മാത്രമേ ഉണ്ടാകൂ.

പുതുതായി രൂപീകരിക്കുന്ന എന്‍.എം.സിയില്‍ 25 അംഗങ്ങളാണുണ്ടാവുക. കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി തലവനായ സെലക്ഷന്‍ ബോര്‍ഡ് നിര്‍ദേശിക്കുന്ന പേരുകളില്‍നിന്ന് 25 പേരെ കേന്ദ്ര മന്ത്രിസഭയാണ് നോമിനേറ്റ് ചെയ്യുക. ഫലത്തില്‍ മെഡിക്കല്‍ രംഗം രാഷ്ട്രീയ വല്‍ക്കരിക്കാന്‍ തീരുമാനം വഴിയൊരുക്കും.
ആയുര്‍വേദ, ഹോമിയോ, യൂനാനി, മൃഗ ചികിത്സാ മേഖലയിലുള്ളവര്‍ക്ക് ഹ്രസ്വകാല ബ്രിഡ്ജ് കോഴ്‌സിലൂടെ അലോപതി മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സ നടത്താന്‍ അനുമതി നല്‍കുന്നതാണ് ബില്ലിലെ ഏറ്റവും വിവാദമുയരുന്ന വ്യവസ്ഥ. ഇത് മുറി വൈദ്യന്മാരെ സൃഷ്ടിക്കാന്‍ മാത്രമേ ഉപ്കരിക്കൂവെന്നും പാവനമായ ആരോഗ്യരക്ഷാ മേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നുമാണ് വിമര്‍ശനം.

എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഡോക്ടറായി പ്രാക്ടിസ് ചെയ്യണമെങ്കില്‍ ലൈസന്‍ഷിയേറ്റ് പരീക്ഷ കൂടി പാസ്സാകണമെന്നതാണ് മറ്റൊരു വ്യവസ്ഥ. അഞ്ചര വര്‍ഷത്തെ പഠനവും പരീക്ഷയും വിജയകരമായി പൂര്‍ത്തിയാക്കിവര്‍ വീണ്ടും പരീക്ഷ എഴുതണമെന്ന വ്യവസ്ഥ ക്രൂരതയാണെന്നാണ് ആരോപണം.
റഷ്യ, ചൈന, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ പണം നല്‍കി മെഡിക്കല്‍ ബിരുദം നേടി വരുന്നവര്‍ക്ക് നേരത്തെ മെഡിക്കല്‍ കൗണ്‍സില്‍ നടത്തിയിരുന്ന ക്വാളിഫയിങ് പരീക്ഷ എടുത്തുകളയും എന്നതാണ് മറ്റൊരു നിര്‍ദേശം. ഇതും മുറി വൈദ്യന്മാരെ സൃഷ്ടിക്കുമെന്നാണ് ഐ.എം.എ ആരോപണം.

chandrika: