X
    Categories: CultureNewsViews

തുളുനാടന്‍ കളരിയില്‍ അങ്കം മുറുക്കി ഉണ്ണിത്താന്‍


അബ്ദുല്ലക്കുഞ്ഞി ഉദുമ

സി.പി.എമ്മിന്റെ കുത്തക മണ്ഡലമെന്ന ഖ്യാതിയില്‍ ഇത്തവണ മാറ്റം വരുമെന്നാണ് കാസര്‍കോട് മനസ്സ് പറയുന്നത്. മുപ്പത് വര്‍ഷമായി ഇടതിന്റെ കോട്ടയായ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പിടിക്കാന്‍ രാജ് മോഹന്‍ ഉണ്ണിത്താനെ തുളുനാടന്‍ കളരിയില്‍ ഇറക്കിയതോടെ യു.ഡി.എഫ് അണികള്‍ ആവേശഭരിതരായി. ഇത്തവണ മത്സരം കടുത്തതെന്ന് സി.പി.എമ്മും ഇടതുമുന്നണിയും സമ്മതിച്ചു കഴിഞ്ഞു. നാടിനെ നടുക്കിയ പെരിയ കല്ല്യോട്ടെ ഇരട്ടക്കൊലപാതകം മുഖ്യ ചര്‍ച്ച വിഷയമാക്കിയാണ് യു.ഡി എഫിന്റെ പ്രചാരണം.
പതിനഞ്ച് വര്‍ഷം എം.പിയായിരുന്ന പി.കരുണാകരന്‍ എന്‍ഡോസള്‍ഫാന്‍, റെയില്‍വേ, ആരോഗ്യമേഖല തുടങ്ങിയവയില്‍ ക്രിയാത്മകമായി ഇടപെട്ടിട്ടില്ലെന്നും യു.ഡി എഫ് വോട്ടര്‍മാരോട് പറയുന്നു. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പിനിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷത്തിലുണ്ടായ ഇടിവ് മാറ്റത്തിന്റെ സൂചനയായും കാണുന്നു. കഴിഞ്ഞ തവണത്തെ ഇടതു സ്ഥാനാര്‍ത്ഥി കരുണാകരന്റെ ഭൂരിപക്ഷത്തില്‍ നിന്നാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങുന്നത്. ഒന്നാം തവണ ഇടതു സ്ഥാനാര്‍ത്ഥിയായി ഇറങ്ങിയ പി.കരുണാകരന്‍ 2004ല്‍ നേടിയത് 1,08, 256 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. 2009 ല്‍ 64, 427 ആയി കുറഞ്ഞു. 2014ല്‍ ടി.സിദ്ദീഖ് എതിരാളിയായി എത്തിയപ്പോള്‍ 6921 എന്ന നാലക്കത്തിലേക്ക് ചുരുങ്ങി. മണ്ഡലം യു.ഡി.എഫിന് ബാലികേറാമലയല്ല.
1957ലെ ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ മണ്ഡലം ശ്രദ്ധാകേന്ദ്രമായി. അന്ന് കണ്ണൂര്‍ മണ്ഡലം ഇല്ലാതിരുന്നതിനാല്‍ കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലന് കാസര്‍കോട്ടെക്ക് മാറേണ്ടി വന്നു. കോണ്‍ഗ്രസിന് പുറമെ പി.എസ് പി, ആര്‍.എസ് പി , കര്‍ണാടക സമിതി എന്നിവയുടെയെല്ലാം പിന്തുണ എതിര്‍ സ്ഥാനാര്‍ത്ഥി ബി. അച്ചുത ഷേണായിക്കായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ എ.കെ.ജി 5145 വോട്ടിന് വിജയിച്ചു. 1962 ല്‍ ഭൂരിപക്ഷം 83 ,363 ആയി ഉയര്‍ത്തിയ എ.കെ.ജി 67ല്‍ മണ്ഡലത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ (1,18,510) വിജയിച്ചു. എന്നാല്‍ 71 ല്‍ പരാജയം മണത്തറിഞ്ഞ എ.കെ.ജി പാലക്കാട്ടേക്ക് മാറി. അന്നത്തെ പാലക്കാട് സിറ്റിംഗ് എം.പി. ഇകെ. നായനാര്‍ക്ക് കാസര്‍കോട്ട് മത്സരിക്കാന്‍ നറുക്കു വീണു. നായനാരെ മലര്‍ത്തിയടിച്ച് കോണ്‍ഗ്രസിന്റെ യുവതുര്‍ക്കി രാമചന്ദ്രന്‍ കടന്നപള്ളി വിജയക്കൊടി പാറിച്ചു. 1977 ലും കടന്ന പള്ളി വിജയം ആവര്‍ത്തിച്ചു. 1980 ല്‍ സി.പി.എം എം. രാമണ്ണറൈയിലൂടെ സീറ്റ് തിരിച്ചുപിടിച്ചു. ജനസംഘം കൂടി ഉള്‍പ്പെട്ട ജനതാ പാര്‍ട്ടിയുടെ ഒ.രാജഗോപാലിനെയാണ് പരാജയപ്പെടുത്തിയത്. ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്നുണ്ടായ അനുകൂല തരംഗം 1984 ല്‍ യു.ഡി.എഫിന്റെ വിജയത്തില്‍ നിര്‍ണായക ഘടകമായി. കോണ്‍ഗ്രസിലെ ഐ. രാമറൈ സി.പി.എമ്മിലെ ഇ .ബാലാനന്ദനെ 11,369 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. തുടര്‍ന്ന് ഇന്നു വരെ സി.പി.എമ്മാണ് വിജയിച്ചത് . എം.രാമണ്ണ റൈ (1989 91), ടി.ഗോവിന്ദന്‍ (1996, 98,99) എ.കെ.ജിയുടെ മരുമകന്‍ കൂടിയായ പി. കരുണാകരന്‍ (2004, 2009, 2014) എന്നിവര്‍ എംപിമാരായി.
മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യശ്ശേരി എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് കാസര്‍കോട്. മഞ്ചേശ്വരവും കാസര്‍കോടും മുസ് ലിം ലീഗിന്റെ ശക്തി ദുര്‍ഗങ്ങളാണ്. ബി.ജെ.പിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്യശ്ശേരി, കാസര്‍കോടിന്റെ തെക്കേയറ്റമായ തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലങ്ങള്‍ എല്‍.ഡി.എഫിനൊപ്പമാണ് .ബി.ജെ.പി. ഇവിടെ യു.ഡി.എഫിനു പിന്നിലാണ് . കാഞ്ഞങ്ങാടും ഉദുമയും ഇടതിനൊപ്പമാണെങ്കിലും യു.ഡി.എഫ് ഇവിടെ വോട്ട് പ്രതീക്ഷിക്കുന്നു. പെരിയ ഇരട്ട കൊലപാതകത്തെ തുടര്‍ന്നു രാഷ്ട്രീയ അന്തരീക്ഷത്തിലുണ്ടായ മാറ്റം യു.ഡി.എഫിന് അനുകൂലമാക്കാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വാഗ് വിലാസത്തിന് കഴിയുന്നുണ്ട്. തലശ്ശേരിയില്‍ 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോടിയേരി ബാലകൃഷ്ണനെതിരെ മികച്ച പോരാട്ടം നടത്തിയ ചരിത്രവുമായാണ് വീണ്ടും മലബാറിന്റെ രാഷ്ട്രീയ ഭൂമിയിലേക്ക് രാജ് മോഹന്‍ ഉണ്ണിത്താന്‍ വീറോടെ എത്തിയത്. 40, 000 വോട്ടിന് മുകളില്‍ സി.പി.എമ്മിന് ലീഡ് ഉണ്ടായിരുന്ന തലശ്ശേരിയില്‍ അത് പതിനായിരത്തിലേക്ക് കൊണ്ടുവരാന്‍ സാധിച്ച ഉണ്ണിത്താനെ സംബന്ധിച്ച് കാസര്‍കോട്ടെ മത്സരം കടുത്തതല്ല. സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താക്കി കാസര്‍കോട്ടെ പോരാട്ടത്തെ മാറ്റാന്‍ ഏറ്റവും ഉചിതനായ സ്ഥാനാര്‍ത്ഥി ഉണ്ണിത്താന്‍ തന്നെയാണ്. കെ.പി.സി.സി വക്താവായ രാജ് മോഹന്‍ ഉണ്ണിത്താന്‍ ഉജ്ജ്വല വാഗ്മി മാത്രമല്ല സിനിമാ അഭിനയ മേഖലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
പതിനഞ്ച് വര്‍ഷം മണ്ഡലത്തെ പാടെ അവഗണിച്ച സിറ്റിങ് എം.പി പി. കരുണാകരനെ തഴഞ്ഞ് മുന്‍ വി.എസ് പക്ഷക്കാരായനായ കെ.പി സതീഷ് ചന്ദ്രനെ യാണ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയാക്കിയത്. മൂന്നു തവണ സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയും രണ്ടു തവണ തൃക്കരിപ്പൂര്‍ എം.എല്‍.എയുമായ സതീഷ് ചന്ദ്രന്‍ നിലവില്‍ എല്‍.ഡി.എഫ് ജില്ലാ കണ്‍വീനറാണ്. തീവ്രഹിന്ദുത്വത്തെ മുറുകെ പിടിച്ചുള്ള പ്രസംഗങ്ങളിലൂടെ സാന്നിധ്യമറിയിക്കുന്ന രവീശ തന്ത്രി കുണ്ടാറാണ് എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി. കാസര്‍കോട്ടെയും കര്‍ണാടകയിലെയും ഒട്ടേറെ ക്ഷേത്രങ്ങളില്‍ തന്ത്രിയാണ്. ബി.ജെ.പി. സംസ്ഥാന സമിതി അംഗവും മഞ്ചേശ്വരം നിയമസഭാ മണ്ഡലം പ്രഭാരിയുമാണ്. 2016ല്‍ കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: