X

സബ്സിഡി ഒഴിവാക്കുക ലക്ഷ്യം; 16 മാസത്തിനിടെ പാചകവാതകത്തിന് വിലകൂട്ടിയത് 19 തവണ

ന്യൂഡല്‍ഹി: പാചകവാതകത്തിന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും വിലകൂട്ടിയതോടെ സബ്സിഡിയുള്ള പാചകവാതകത്തിന് 4.50 രൂപ വര്‍ധിച്ചു.
പാചക വാതകത്തിലെ സബ്സിഡി ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് ശേഷം 19 തവണയാണ് പാചകവാതകത്തിന് വിലകൂട്ടിയതെന്ന് റിപ്പോര്‍ട്ട്.

2016 ജൂലായ് മുതല്‍ ഇതുവരെ 19 തവണയാണ് പാചകവാതകത്തിന് വിലകൂട്ടിയതെന്ന് മുബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാന ഇന്ധനത്തിന് കഴിഞ്ഞ ദിവസം രണ്ട് ശതമാനം വിലകൂട്ടിയതോടെ ആഗസ്റ്റിന് ശേഷം മാത്രം നാല് തവണയാണ് വില കൂടിയത്.
വില കുത്തനെ കൂട്ടിയതോടെ സബ്‌സിഡി ഇല്ലാത്ത പാചകവാതകത്തിന്റെ ഗാര്‍ഹിക സിലിണ്ടറിന് 94 രൂപയും വ്യവസായാവശ്യത്തിനുള്ള സിലിണ്ടറിനു 146 രൂപയുമായാണ് ഒറ്റയടിക്കു വര്‍ധിച്ചത്.

സബ്സിഡി ഒഴിവാക്കാനുള്ള കേന്ദ്രത്തിന്റെ നയതീരുമാനത്തിന്റെ ഭാഗമായാണ് എല്ലാ മാസവും വില കൂട്ടിക്കൊണ്ടിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചോടെ സബ്സിഡി പൂര്‍ണമായും ഒഴിവാക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

സബ്‌സിഡി ഉപേക്ഷിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഇരുട്ടടിയാവുകയാണ്. കഴിഞ്ഞ മാസം ഗാര്‍ഹിക സിലിണ്ടറിന് 49 രൂപ വര്‍ധിപ്പിച്ചിരുന്നു.

കേരളത്തില്‍ 4.5 ലക്ഷം പേരാണു സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക പാചകവാതകം വാങ്ങുന്നത്. സബ്‌സിഡിയുള്ള സിലിണ്ടറിന് നാലര രൂപ കൂടും. സബ്‌സിഡിയുള്ള ഉപയോക്താക്കളും വര്‍ഷം 12 സിലിണ്ടറില്‍ കൂടുതല്‍ വാങ്ങിയാല്‍ അധികവില നല്‍കണം.

chandrika: