X

അന്ധത മാറ്റാന്‍ പുതിയ മരുന്ന്; വില അഞ്ചുകോടി

 

ന്യൂയോര്‍ക്ക്: കണ്ണിന്റെ റെറ്റിന നശിച്ച് അന്ധതയിലേക്ക് എത്തുന്ന രോഗം പൂര്‍ണമായും ഭേദമാക്കാന്‍ പുതിയ മരുന്നുമായി അമേരിക്കന്‍ കമ്പനി. ഒറ്റ ഡോസ് കൊണ്ട് അന്ധത പൂര്‍ണമായും മാറുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഏറെ ഫലപ്രദാമാകുന്ന മരുന്നിന്റെ ഒറ്റ ഡോസിന് അഞ്ചു കോടി രൂപയാണ് വില. ലക്ഷ്വര്‍ന എന്നാണ് ഈ മരുന്നിന്റെ പേര്. റെറ്റിന നശിച്ചുണ്ടാകുന്ന പാരമ്പര്യ അന്ധതയെ സുഖപ്പെടുത്താന്‍ ഈ മരുന്നിന് സാധിക്കുമെന്ന് കമ്പനി അധികൃതര്‍ പറയുന്നു.

ഫിലാഡല്‍ഫിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പാര്‍ക്ക് റെറാപ്യൂട്ടിക്‌സ് ആണ് നിര്‍മാതാക്കള്‍. ലോകത്ത് ഏറ്റവും വില കൂടിയ മരുന്നുകളുടെ പട്ടികയിലാണ് ലക്ഷ്വര്‍ന. ജീന്‍ തെറാപ്പി വഴിയാണ് മരുന്ന് വികസിപ്പിച്ചിരിക്കുന്നത്. നശിച്ച ജീനുകളെ പുനര്‍നിര്‍മിക്കാന്‍ മരുന്നിന് സാധിക്കും. ചികിത്സ ഫലിച്ചില്ലെങ്കില്‍ പണം തിരികെ നല്‍കുമെന്ന ഓഫറും കമ്പനി മുന്നോട്ടുവെക്കുന്നുണ്ട്. അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി മരുന്നിന് ലഭിച്ചുകഴിഞ്ഞു. അമേരിക്കയില്‍ തന്നെ ആയിരത്തോളം ആളുകള്‍ക്ക് റെറ്റിനക്കുണ്ടായ തകരാര്‍ മൂലം കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. പ്രതിവര്‍ഷം ഇത്തരം കേസുകള്‍ പത്തോ ഇരുപതോ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നു.
എന്നാല്‍ ഇത്രയും കൂടിയ വിലയില്‍ മരുന്ന് വില്‍പ്പന നടത്തുന്നതിനെതിരെ വിമര്‍ശനവും ശക്തമാണ്. പാരമ്പര്യമായി റെറ്റിന നശിക്കുന്നത് അപൂര്‍വ രോഗമാണ്. ഇത്തരം രോഗികള്‍ക്ക് 18 വയസിനു മുമ്പ് തന്നെ കാഴ്ച നഷ്ടപ്പെട്ടു തുടങ്ങും. 50 പേരില്‍ മാത്രമാണ് മരുന്ന് പരീക്ഷിച്ചത്. ജീന്‍ തെറാപ്പി വഴി നിര്‍മിച്ച ആദ്യ അമേരിക്കന്‍ മരുന്നാണ് ലക്ഷ്വര്‍ന.

chandrika: