X

ഹര്‍ത്താല്‍: കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും; ബസ്സുകള്‍ നിരത്തിലിറങ്ങിയാല്‍ കത്തിക്കുമെന്ന് എം ഗീതാനന്ദന്‍

തിരുവനന്തപുരം: ദളിത് സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും. സാധാരണ നിലയില്‍ സര്‍വീസ് നടത്താന്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി നിര്‍ദേശം നല്‍കി.

ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ പോലീസ് സംരക്ഷണം തേടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ്.സി, എസ്.ടി അതിക്രമം തടയല്‍ നിയമം ദുല്‍ബലപ്പെടുത്താനുള്ള നീക്കത്തിനെതിരേയാണ് ദളിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

എന്നാല്‍ നാളെ ബസ്സുകള്‍ നിരത്തില്‍ ഇറക്കിയാല്‍ കത്തിക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന്‍ പറഞ്ഞു. അത്തരം സാഹചര്യങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിക്കാതിരിക്കാന്‍ ബസ് ഉടമകള്‍ ശ്രമിക്കണമെന്നും അദ്ദേഹം കോട്ടയത്ത് നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ ബസുടമകള്‍ സഹകരിക്കാറുണ്ടെന്നും, അവരുടെ ഹര്‍ത്താല്‍ പരാജയപ്പെടുത്തുമെന്നുളള പ്രതികരണങ്ങള്‍ ഇവരില്‍ നിന്നും ഉണ്ടാകാറില്ല. ദളിത് സംഘടനകളുടെ ശക്തിയെ വെല്ലുവിളിക്കുന്നത് ആര്‍ക്കും ഗുണകരമാകില്ലെന്നും ഗീതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

chandrika: