X
    Categories: keralaNews

സര്‍ക്കാറിനെ ന്യായീകരിക്കാന്‍ ഒന്നുമില്ല; ദേശീയ രാഷ്ട്രീയം പറഞ്ഞ് സഭയില്‍ പരിഹാസ്യനായി എം.സ്വരാജ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെതിരായ അവിശ്വാസപ്രമേയത്തില്‍ സര്‍ക്കാറിനെ ന്യായീകരിക്കാതെ ദേശീയ രാഷ്ട്രീയം പറഞ്ഞ് എം. സ്വരാജ്. സംസ്ഥാന സര്‍ക്കാറിന്റെ അഴിമതിക്കഥകള്‍ യുഡിഎഫ് അംഗങ്ങള്‍ തുറന്നു കാണിച്ചതോടെ സ്വരാജ് ദേശീയ രാഷ്ട്രീയത്തിലേക്ക് വിടുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തെക്കുറിച്ച് അതിശയോക്തിപരമായ സ്വന്തം കഥകളുണ്ടാക്കി അവതരിപ്പിക്കുകയാണ് സ്വരാജ് ചെയ്തത്. നാലരവര്‍ഷക്കാലം ഭരിച്ചിട്ടും ഇതുവരെ ഒരു തെളിവും കണ്ടെത്താനാവാത്ത സോളാര്‍ അഴിമതിക്കഥകള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ് പിന്നീട് സ്വരാജ് ചെയ്തത്. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഉന്നയിച്ച അഴിമതിയാരോപണങ്ങളില്‍ ഒന്നിലും ഇതുവരെ നിയമനടപടികള്‍ സ്വീകരിക്കാനായിട്ടില്ലെന്നിരിക്കെയാണ് സ്വരാജ് പഴയ ആരോപണങ്ങള്‍ വീണ്ടുമുന്നയിച്ച് സ്വയം പരിഹാസ്യനായത്.

പിഎസ്‌സി പരീക്ഷയില്‍ തട്ടിപ്പ് നടത്തി യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ട് എസ്എഫ്‌ഐ നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടത് പൂര്‍ണമായും മറന്നുകൊണ്ട് പിഎസ്‌സിയുടെ വിശ്വാസ്യത യുഡിഎഫ് തകര്‍ക്കുന്നുവെന്ന സ്വരാജിന്റെ ആരോപണം കണ്ണടച്ച് ഇരുട്ടാക്കലായിരുന്നു. പിഎസ്‌സി തട്ടിപ്പ് നടത്തിയ എസ്എഫ്‌ഐ ഗുണ്ടാനേതാക്കള്‍ക്കെതിരായ കുറ്റപത്രം വൈകിപ്പിച്ച് അവരെ രക്ഷിക്കാന്‍ അവസരമൊരുക്കുന്ന സര്‍ക്കാറിനെ ന്യായീകരിച്ച് സ്വരാജ് പിഎസ്‌സിക്ക് സത്യസന്ധതയുടെ സര്‍ട്ടിഫിക്കറ്റ് കൊടുത്തത് ആടിനെ പട്ടിയാക്കലായിരുന്നു. പിഎസ്‌സി നിയമനം അട്ടിമറിച്ചതിനെതിരെ കോവിഡ് കാലത്ത് പിപിഇ കിറ്റ് ധരിച്ച് ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിനിറങ്ങുന്ന കാലത്ത് പിഎസ് സി ഏറ്റവും കൂടുതല്‍ നിയമനം നടത്തിയെന്ന പച്ചക്കള്ളവും സ്വരാജ് പറഞ്ഞു. സര്‍ക്കാറിനെതിരെ ഉന്നയിക്കപ്പെട്ട ഒരു ആരോപണത്തിനും മറുപടി പറയാതെ ദേശീയ രാഷ്ട്രീയം പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച സ്വരാജ് യഥാര്‍ത്ഥത്തില്‍ സഭയില്‍ പരിഹാസ്യനാവുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: