X

‘വിമാനത്താവളവികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യം’; തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് എംഎ യൂസഫലി

ദുബായ്: വിമാനത്താവളങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. വിമാനത്താവളത്തിന്റെ വികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്നും എന്നാല്‍ തിരുവനന്തപുരം വിമാനത്താവള വിവാദത്തില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും യൂസഫലി പറഞ്ഞു.

തിരുവനന്തപുരത്തിന്റെ വികസനത്തിന് വിമാനത്താവളത്തിന്റെ വളര്‍ച്ച അത്യാവശ്യമാണ്. എയര്‍പോര്‍ട് അതോറിറ്റിയുടെ ചുമതലയിലായിരുന്നപ്പോള്‍ വികസിപ്പിക്കാത്ത വിമാനത്താവളങ്ങള്‍ പലതും സ്വകാര്യ പങ്കാളിത്തം വന്ന ശേഷമാണ് മെച്ചപ്പെട്ടത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് 27 രാജ്യങ്ങളില്‍ നിന്നുള്ള 19,600 ഓഹരിയുടമകളാണുള്ളത്. കണ്ണൂരില്‍ 8,313 ഓഹരിയുടമകളുണ്ട്. അവരില്‍ ഒരാള്‍ മാത്രമാണു യൂസഫലി.

പ്രശ്‌നങ്ങളുണ്ടെങ്കില്‍ കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണം. അദാനി സുഹൃത്താണ്. എന്നാല്‍, തിരുവനന്തപുരം വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലൊന്നും താന്‍ പങ്കെടുത്തിട്ടില്ല. വിവാദങ്ങളുണ്ടായി വികസനം മുടങ്ങുന്നതു കേരളത്തിനു നല്ലതല്ല. വികസനമുണ്ടെങ്കിലേ നിക്ഷേപം ആകര്‍ഷിക്കാനാകൂ. ലുലു ഗ്രൂപ്പ് തിരുവനന്തപുരത്ത് 1,100 കോടിയുടെ നിക്ഷേപമാണു നടത്തുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മാള്‍ ആണ് മാര്‍ച്ചില്‍ തുറക്കുന്നതെന്നും യൂസഫലി പറഞ്ഞു.

 

chandrika: