X
    Categories: Newsworld

ന്യൂസിലാന്റ് ക്രൈസ്റ്റ് ചര്‍ച്ച് കൂട്ടക്കൊല: പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം ശിക്ഷ

ന്യൂസിലാന്റില്‍ 51 മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതി ബ്രെന്റണ്‍ ടെറന്റിന് കോടതി ശിക്ഷ വിധിച്ചു. പരോള്‍ ഇല്ലാതെ ജീവപര്യന്തം തടവ് ശിക്ഷയാണ് പ്രതിക്ക് വിധിച്ചിരിക്കുന്നത്. ന്യൂസിലാന്റിന്റെ ചരിത്രത്തില്‍ ഈ ശിക്ഷ ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് പ്രതി ബ്രെന്റന്‍ ടെറന്റ്.

മനുഷ്യത്വമില്ലാത്തവന്‍ എന്നാണ് കോടതി പ്രതിയെ വിശേഷിപ്പിച്ചത്. നിരപരാധികളായ സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും ആക്രമിച്ച ടെറന്റിന്റെ വിദ്വേഷ പ്രത്യയശാസ്ത്രത്തെയും ജഡ്ജി കാമറൂണ്‍ മാണ്ടെര്‍ വിമര്‍ശിച്ചു. ക്രൂരവും നിഷ്ഠൂരവുമായ കുറ്റകൃത്യങ്ങളെ നിരാകരിക്കുന്ന രീതിയില്‍ പ്രതികരിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്ന് ജഡ്ജി നിരീക്ഷിച്ചു. ഓസ്‌ട്രേലിയക്കാരനായ വംശീയവാദിയായ 29കാരന്‍ 2019 മാര്‍ച്ച് 15നാണ് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ െ്രെകസ്റ്റ്ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ ആക്രമണം നടത്തിയത്. ന്യൂസിലാന്റില്‍ നടന്ന കുറ്റകൃത്യങ്ങളില്‍ സമാനതകളില്ലാത്ത ആക്രമണമാണ് പ്രതി നടത്തിയതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. വധശിക്ഷ നിര്‍ത്തലാക്കിയ രാജ്യമാണ് ന്യൂസിലാന്റ്. അതുകൊണ്ടുതന്നെ നിലവിലെ ഏറ്റവും കഠിനമായ ശിക്ഷയായ പരോള്‍ ഇല്ലാത്ത ആജീവനാന്ത തടവ് ശിക്ഷയാണ് പ്രതിക്ക് കോടതി വിധിച്ചത്.

ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായുള്ള നാല് ദിവസത്തെ വിചാരണ തിങ്കളാഴ്ചയാണ് കോടതിയില്‍ തുടങ്ങിയത്. കോവിഡ് പശ്ചാത്തലത്തില്‍ കോടതി മുറിയില്‍ വളരെ കുറച്ചുപേരെ മാത്രമാണ് പ്രവേശിപ്പിച്ചത്. ഇരകളും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും അടക്കമുള്ളവര്‍ക്ക് കോടതി നടപടികള്‍ വീക്ഷിക്കാന്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി അവസരമൊരുക്കിയിരുന്നു. ടെറന്റ് അഭിഭാഷകരെ ഒഴിവാക്കി സ്വയം വാദിച്ചു. ആക്രമണത്തിന്റെ ഇരകള്‍ക്ക് പറയാനുള്ളത് മുഴുവന്‍ ജഡ്ജി കേട്ടു. ഭര്‍ത്താവിനെ, ഭാര്യയെ, സഹോദരങ്ങളെ, മാതാപിതാക്കളെ നഷ്ടമായവര്‍ സംസാരിച്ചപ്പോള്‍ ഒരു ഭാവമാറ്റവും കൂടാതെ അവരെ നോക്കിക്കൊണ്ടിരുന്നു 29കാരനായ അക്രമി.

പരമാവധി മുസ്‌ലിംകളെ കൊല്ലാനും പള്ളി തീയിടാനുമായിരുന്നു ടെറന്റിന്റെ പദ്ധതിയെന്ന് പ്രോസിക്യൂഷന്‍ ബര്‍ണബി ഹാവെസ് കോടതിയെ അറിയിച്ചു. 2017-ലാണ് ഇയാള്‍ ന്യൂസിലന്റിലെത്തിയത്. മാരകായുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ക്ക് മുന്‍പേ പള്ളി ആക്രമിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തു. അതിനായി ന്യൂസിലാന്റിലെ മുസ്‌ലിം പള്ളികളെ കുറിച്ച് വിശദമായി തന്നെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പ്രോസിക്യൂഷന്റെ വാദവും ഇരകളുടെ മൊഴിയും കണക്കിലെടുത്ത കോടതി അക്രമിക്ക് പരമാവധി കഠിന ശിക്ഷ വിധിക്കുകയായിരുന്നു.

chandrika: