X

ചൗഹാന്റെ ഉപവാസക്കഥ പൊളിയുന്നു; 24 മണിക്കൂറിനിടെ ആത്മഹത്യ ചെയ്തത് മൂന്നു കര്‍ഷകര്‍

മാന്‍സോര്‍: കര്‍ഷകപ്രക്ഷോഭം ആളിപ്പടരുന്ന മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ ആത്മഹത്യ ചെയ്തത് മൂന്നു കര്‍ഷകര്‍. ഹൊസങ്കബാദിലും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജന്മനാടായ സിയോഹറിലുമാണ് കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനിടെ മന്‍സോറിലെ കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനെത്തിയ ഗുജറാത്തിലെ പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മന്‍സോറിലേക്ക് തിരിച്ച കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെയും സംഘത്തെയും പൊലീസ് തടഞ്ഞു. കര്‍ഷകരെ സഹായിക്കാന്‍ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് ജ്യോതിരാദിത്യ സിന്ധ്യയുടെ 72 മണിക്കൂര്‍ സത്യാഗ്രഹം ബുധനാഴ്ചയാണ് തുടങ്ങുന്നത്. അതേസമയം, മന്‍സോറില്‍ പ്രതിഷേധങ്ങള്‍ക്കിടെ വെടിയേറ്റു മരിച്ച കര്‍ഷകരുടെ കുടുംബാംഗങ്ങളെ ശിവരാജ് സിങ് ചൗഹാന്‍ ബുധവാഴ്ച കാണും.

അഞ്ചു കര്‍ഷകര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കര്‍ഷക സമരം അക്രമാസക്തമായത്. പ്രക്ഷോഭം പടര്‍ന്നതോടെ സമാധാനം തിരികെ കൊണ്ടുവരുന്നതിനായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നിരാഹാരം നടത്തുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് സമാധാനം പുന:സ്ഥാപിക്കപ്പെട്ടുവെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിരാഹാരം അവസാനിപ്പിച്ചെങ്കിലും ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണത്തില്‍ കുറവൊന്നും ഉണ്ടായിട്ടില്ല.

കാര്‍ഷിക വായ്പ എഴിതിത്തള്ളണമെന്നും വിളകള്‍ക്ക് കൂടുതല്‍ വില ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ജൂണ്‍ 1 മുതല്‍ പട്ടേല്‍ വിഭാഗക്കാരായ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചത്. കരിഞ്ചന്തയില്‍ നിന്ന് വലിയ വിലക്കു വളം വാങ്ങേണ്ടിവരികയും വൈദ്യുതി കിട്ടാത്തതിനാല്‍ കര്‍ഷകര്‍ ഡീസല്‍ പമ്പ് സെറ്റുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നതു മൂലം കൃഷിച്ചെലവ് കൂടിയെന്നും അതോടെ കൃഷി ലാഭകരമല്ലാതായെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിളകള്‍ സംഭരിക്കുമ്പോള്‍ പണമായി നല്‍കുന്നതിന് പകരം ബാങ്ക് അക്കൗണ്ടിലേക്കു തുക വകവച്ചുനല്‍കിയതും കര്‍ഷകരെ കഷ്ടത്തിലാക്കി.

chandrika: