X

കൊള്ളപ്പണം കൊണ്ട് സര്‍ക്കാറിനെ മറിച്ചിടാന്‍ ശ്രമം നടക്കുന്നതായി കുമാരസ്വാമി

ബംഗളൂരു: കര്‍ണാടകയിലെ സഖ്യ സര്‍ക്കാരിനെ മറിച്ചിടാന്‍ ബി.ജെ.പി ശ്രമംനടത്തുന്നതായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി.കൊള്ളപ്പണം കൊണ്ട് സഖ്യ സര്‍ക്കാരിലെ കോണ്‍ഗ്രസ്, ജനതാദള്‍ (എസ്) അംഗങ്ങളെ വിലയ്‌ക്കെടക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. മന്ത്രിസഭയെ വീഴ്ത്താന്‍ ശ്രമിക്കുന്ന സൂത്രധാരന്മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ്, ജനതാദള്‍ (എസ്) എം.എല്‍.എമാരെ വിലക്കെടുക്കാന്‍ ശ്രമം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങളുടെ എം.എല്‍.എ.മാരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത് ആരുടെ സഹായത്തോടെയാണെന്നും ഏതു പണം ഉപയോഗിച്ചാണെന്നും എനിക്കറിയാണ്. നിങ്ങള്‍ കരുതുന്നുണ്ടെ ഒന്നും ഞാന്‍ അറിയുന്നില്ലെന്ന്. അതില്‍ ആരോക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അഡ്വാന്‍സ് പേയ്‌മെന്റുകള്‍ നടക്കുന്നതും അടക്കം എല്ലാ കാര്യങ്ങളും എനിക്കറിയാം. എന്റെ ഗവണ്‍മെന്റിനെ സംരക്ഷിക്കുന്നതിനുള്ള ആവശ്യമായ എല്ലാ നടപടികളും ഞാന്‍ സ്വീകരിച്ചിട്ടുണ്ട്. എല്ലാം വഴിയെ കാണാം, കുമാര സ്വാമി പറഞ്ഞു.

സര്‍ക്കാരിനായി ഏതു വെല്ലുവിളിയും അഭിമുഖീകരിക്കാന്‍ ഒരുക്കമാണ്. റിസോര്‍ട്ടുകളോ കുടിലുകളോ എന്തു വേണമെങ്കിലും അവര്‍ ഒരുക്കട്ടെ, നേരിടാന്‍ ഞങ്ങള്‍ ഒരുക്കമാണെന്നും കുമാരസ്വാമി പറഞ്ഞു.

അട്ടിമറിക്കു ശ്രമിക്കുന്നവരില്‍ ഭാര്യയെയും മകനെയും കൊല്ലാന്‍ ഒരു കോഫി പ്ലാന്ററെ സഹായിച്ചവരും ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ബെംഗളൂരു മുനിസിപ്പല്‍ ഓഫിസിന് തീവച്ചവരുമുണ്ടെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് ഇവര്‍ക്കെതിരെ നടപടിയുണ്ടാകാത്തതെന്ന ചോദ്യത്തിന് ഒരിക്കലും വിജയ സാധ്യതയില്ലാത്ത നീക്കങ്ങള്‍ ആസ്വദിക്കുകയാണെന്നായിരുന്നു കുമാരസ്വാമിയുടെ മറുപടി.

അതേസമയം, സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിക്കുന്നതായുള്ള ആരോപണങ്ങള്‍ ബിജെപി നിഷേധിച്ചു.

chandrika: