X
    Categories: indiaNews

ട്രംപിനെതിരെ പോലെ ഇന്ത്യയിലെ വിദ്വേഷ പ്രചരങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് എപ്പോള്‍ നടപടിയെടുക്കും; മഹുവ മൊയ്ത്ര

കൊല്‍ക്കത്ത: ഇന്ത്യയില്‍ വിദ്വേഷ പ്രചരണങ്ങളും വ്യാജവാര്‍ത്തകളും പടച്ചുവിടുന്നവര്‍ക്കെതിരെ എന്നായിരിക്കും ഫേസ്ബുക്ക് നടപടിയെടുക്കുകയെന്ന് തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര. ട്രംപിന് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിനും അനിശ്ചിത കാല വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയായിരുന്നു മഹുവയുടെ പ്രതികരണം.

‘സോഷ്യല്‍ മീഡിയയിലൂടെ കലാപാഹ്വാനം നടത്തുമെന്നുള്ളതുകൊണ്ടാണ് ട്രംപിന് ഫേസ്ബുക്കില്‍ നിന്നും ഇന്‍സ്റ്റഗ്രാമില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയത്.

ഇന്ത്യയില്‍ വിദ്വേഷ/വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഇതേ മാനദണ്ഡങ്ങളും നിയമനടപടികളും എപ്പോഴാണ് നിങ്ങള്‍ സ്വീകരിക്കുക മിസ്റ്റര്‍ സുക്കര്‍ബര്‍ഗ്? അതോ നിങ്ങളുടെ ബിസിനസിനെ ബാധിക്കുമെന്ന പേടിയാണോ?,’ മഹുവ മൊയിത്ര ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍ ഫേസ്ബുക്കിലൂടെയുള്ള കലാപാഹ്വാനങ്ങളില്‍ ഫേസ്ബുക്ക് ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നിരവധി ബി.ജെ.പി എം.എല്‍.എമാരുടെയും നേതാക്കളുടെയും വിദ്വേഷ പ്രസംഗങ്ങളും കലാപാഹ്വാനങ്ങളും ഫേസ്ബുക്കില്‍ നിന്നും ട്വിറ്ററില്‍ നിന്നും നീക്കം ചെയ്യാത്തതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ബിജെപി നേതാവ് ടി രാജ സിംഗിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങള്‍ തിരുത്തിയതായും കണ്ടെത്തിയിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസമാണ് അനിശ്ചിത കാലത്തേക്ക് ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചത്.

പ്രസിഡന്റ് പദവി കൈമാറ്റം പൂര്‍ത്തിയാക്കുന്നത് വരെയാണ് ട്രംപിന് നിരോധനം ഏര്‍പ്പെടുത്തിയത്.

web desk 3: