X
    Categories: keralaNews

ഭാഷാസമരത്തിലെ രക്തസാക്ഷി മജീദിന്റെ മകന്‍ മലപ്പുറത്ത് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി

മലപ്പുറം: ഭാഷാസമര പോരാട്ടത്തിലെ രക്തസാക്ഷി മജീദിന്റെ മകന്‍ മഹമൂദ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി. മലപ്പുറം മുന്‍സിപ്പാലിറ്റിയിലേക്ക് രണ്ടാം ഡിവിഷനായ മൈലപ്പുറത്ത് നിന്നാണ് മഹ്മൂദ് ജനവിധി തേടുന്നത്. 1980 ല്‍ ഭാഷാസമരത്തില്‍ മജീദ് രക്തസാക്ഷിയാവുമ്പോള്‍ വെറും ആറ് മാസം പ്രായമുള്ള കുഞ്ഞായിരുന്നു മഹ്മൂദ്.

40 വര്‍ഷങ്ങള്‍ക്കിപ്പുറം ബാപ്പ ജീവന്‍ നല്‍കിയ പ്രസ്ഥാനത്തിന്റെ പ്രതിനിധിയായി ജനവിധി തേടുകയാണ് മഹ്മൂദ്. മനസ്സ് നനയിക്കുന്ന ഒരു വൈകാരികതയാണ് മഹ്മൂദിന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. താന്‍ ജീവന്‍ നല്‍കിയ പ്രസ്ഥാനത്തിന്റെയും സമൂഹത്തിന്റേയും സാരഥിയായി ആ പുത്രനെത്തുന്ന ഈ വേളയില്‍ തീര്‍ച്ചയായും ആ പിതാവിന്റെ മനസ്സ് സന്തോഷിക്കുന്നുണ്ടാകുമെന്നും മുനവ്വറലി തങ്ങള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മുനവ്വറലി തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇത് മഹ്മൂദ്;
ഭാഷ സമര പോരാട്ടത്തിൽ രക്തസാക്ഷികളായ മജീദ് റഹ്മാൻ കുഞ്ഞിപ്പമാരിലെ മജീദിന്റെ മകൻ.
പിതാവ് മജീദ് പോലീസിന്റെ വെടിയേറ്റ് മരിക്കുമ്പോൾ ആറ് മാസം മാത്രം പ്രായമായ കുട്ടിയായിരുന്നു മഹ്മൂദ്.40 വർഷങ്ങൾക്കിപ്പുറം ഒരു നിയോഗം പോലെ ബാപ്പ ജീവൻ നൽകിയ പ്രസ്ഥാനത്തിന്റെ പ്രതിനിധിയായി മലപ്പുറം മുനിസിപ്പാലിറ്റിയിലേക്ക്, ഇരുപത്തി ഇരുപത്തിരണ്ടാം ഡിവിഷനായ മൈലപ്പുറത്ത് നിന്നും ജനവിധി തേടുകയാണ് അദ്ദേഹം.
മനസ്സ് നനയിക്കുന്നൊരു വൈകാരികതയാണ് മഹ്മൂദിന്റെ സ്ഥാനാർത്ഥിത്വം നൽകുന്നത്.വിശുദ്ധമായ ഒരു ലക്ഷ്യത്തിൽ,സ്വന്തം ജീവൻ ത്യജിച്ചു ഈ ലോകത്തോട് യാത്ര പറയുമ്പോൾ മജീദെന്ന ധീര രക്ത സാക്ഷി അവസാനമായി ഓർത്തത് തന്റെ പിഞ്ചു കുഞ്ഞിന്റെ മുഖമായിരിക്കാം.തന്റെ വഴികളിൽ സഞ്ചരിച്ച് ,താൻ ജീവൻ നൽകിയ പ്രസ്ഥാനത്തിന്റെയും സമൂഹത്തിന്റേയും സാരഥിയായി ആ പുത്രനെത്തുന്ന ഈ വേളയിൽ തീർച്ചയായും ആ പിതാവിന്റെ മനസ്സ് സന്തോഷിക്കുന്നുണ്ടാകും.
സർവശക്തൻ നന്മകൾ നൽകി അനുഗ്രഹിക്കുമാറാവട്ടെ..

ചന്ദ്രിക വെബ് ഡെസ്‌ക്‌: