X
    Categories: keralaNews

‘എല്ലാം വലിച്ചൂരി എറിയുന്നതല്ല തട്ടവും മതവും വിശ്വാസവും മുറുകെപ്പിടിച്ചു നിലനിര്‍ത്തുന്നതാണ് ധീരത’- തട്ടമഴിക്കാന്‍ പറഞ്ഞയാള്‍ക്ക് മജീസിയ ബാനുവിന്റെ മറുപടി

കോഴിക്കോട്: മുസ്‌ലിം പെണ്‍കുട്ടികള്‍ തലമറക്കുന്നത് അവരുടെ ഇസ്‌ലാമികമായ വസ്ത്രധാരണവും പലര്‍ക്കും പ്രത്യേക താല്‍പര്യമുള്ള വിവാദ വിഷയമാണ്. തട്ടമിടാത്തവരോട് തട്ടമിടാന്‍ ആരെങ്കിലും പറഞ്ഞാല്‍ വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നു എന്ന വാദവുമായി പലരും രംഗത്ത് വരാറുണ്ട്. എന്നാല്‍ ഇസ്‌ലാമിക വസ്ത്രധാരണത്തോടെ തന്നെ പൊതുമേഖലയിലേക്ക് കടന്നുവരുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് വര്‍ധിച്ചു വരികയാണ്. എന്നാല്‍ അവരെ അപരിഷ്‌കൃതരായി മുദ്ര കുത്താനാണ് പലര്‍ക്കും താല്‍പര്യം. അത്തരത്തില്‍ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് പവര്‍ ലിഫ്റ്റിങ്ങിലെ ലോക ചാമ്പ്യനും അറിയപ്പെടുന്ന ബോക്സിങ് പഞ്ച ഗുസ്തി താരവുമായ മജീസിയ ബാനു.

ധൈര്യശാലിയാണെങ്കില്‍ തട്ടമഴിച്ചു വെക്കാന്‍ ഇന്‍ബോക്സില്‍ വന്ന് ഉപദേശിച്ചയാള്‍ക്കുള്ള മറിപടിയാണ് അവര്‍ പങ്കുവെച്ചിരിക്കുന്നത്.

‘ധീരത തെളിയിക്കാന്‍ തലയിലെ തട്ടം അഴിച്ചു സ്വന്തം മതത്തെയും വിശ്വാസത്തേയും ഉപേക്ഷിച്ചു സമൂഹത്തില്‍ ഇറങ്ങാന്‍ വെല്ലുവിളിക്കുന്ന സഹോദരാ..

നിങ്ങള്‍ക്ക് തെറ്റി, അവസരം കിട്ടിയാല്‍ എല്ലാം വലിച്ചൂരി എറിയുന്ന ഇന്നത്തെ ഈ സമൂഹത്തില്‍ അഭിമാനത്തോടെ എന്റെ തട്ടവും, മതവും, വിശ്വാസവും മുറുകെപ്പിടിച്ചു നിലനിര്‍തുന്നതാണ് യഥാര്‍ത്ഥ ധീരത’- ഇന്‍ബോക്സിലെ സന്ദേശത്തോടൊപ്പം മജീസിയ ഫേസ്ബുക്കില്‍ കുറിക്കുന്നു.

നീ ശരിക്കും മോഡേണും ധൈര്യശാലിയുമാണെങ്കില്‍ ആദ്യം നീ നിന്റെ തട്ടമുപേക്ഷിക്കുകയാണ് ചെയ്യേണ്ടത്. നീ നിന്റെ മതത്തെ ഭയപ്പെടുന്നുണ്ടെങ്കില്‍ നീ നീകരുതും പോലെ മോഡേണും ധൈര്യവതിയുമല്ല എന്നാണ് അര്‍ത്ഥം- ഇതായിരുന്നു ഇന്‍ബോക്സിലെ സന്ദേശം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: