X

കൊച്ചിയില്‍ ഷൂട്ടിങ്ങിനിടെ നടന്‍ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: നടനും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായ പ്രബീഷ് ചക്കാലക്കല്‍(44) ഷൂട്ടിങ്ങിനിടെ കുഴഞ്ഞ് വീണു മരിച്ചു. ഞായറാഴ്ച കുണ്ടന്നൂര്‍ ബണ്ട് റോഡില്‍ ഷൂട്ടിങ്ങ് നടക്കുന്നതിനിടെയായിരുന്നു സംഭവം. സുഹൃത്തുക്കള്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. ഇരുപത്തിരണ്ട് വര്‍ഷത്തോളമായി മരടിലെ കലാരംഗത്തും പൊതു പ്രവര്‍ത്തന രംഗത്തും നിറഞ്ഞു നിന്ന സാന്നിദ്ധ്യമായിരുന്നു പ്രബീഷ്.

‘കുണ്ടന്നൂര്‍ക്കാരന്‍’ എന്ന കൂട്ടായ്മയ്ക്കും പ്രബീഷ് നേതൃത്വം വഹിച്ചിരുന്നു. കൊച്ചിന്‍ കൊളാഷ് എന്ന മരടിലെ അമേച്വര്‍ നാടക ക്ലബ്ബിന്റെ മുഖ്യ അവതാരകനുമായിരുന്നു അദ്ദേഹം. ഇവരുടെ തന്നെ കൊച്ചിന്‍ കൊളാഷ് എന്ന യൂട്യൂബ് ചാനലിനായി മാലിന്യങ്ങള്‍ പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുന്ന വിഷയത്തെക്കുറിച്ച് കുണ്ടന്നൂര്‍ ബണ്ട് റോഡില്‍ വെച്ച് ഇന്നലെ ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. ഓണക്കാലത്ത് കൊച്ചിന്‍ കൊളാഷിനായി മാവേലിയുടെ വേഷമണിഞ്ഞെത്തി മാവേലി ഓണ്‍ലൈന്‍ പരിപാടിയും പ്രബീഷ് അവതരിപ്പിച്ചിരുന്നു.

ഷൂട്ടിംഗിനിടെ നാക്ക് ഉണങ്ങിയെന്നും, കുറച്ച് വെള്ളം വേണമെന്നും കൂടെയുണ്ടായിരുന്ന വീഡിയോ ഗ്രാഫര്‍ സുജിത്തിനോട് പ്രഭീഷ് ആവശ്യപ്പെടുകയായിരുന്നു. വെള്ളം കൊടുത്തയുടന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഇതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ റോഡിലിറങ്ങി പല വാഹനങ്ങള്‍ക്കും കൈ കാണിച്ചിട്ട് നിര്‍ത്തിയില്ല. തുടര്‍ന്ന് പ്രബീഷിന്റെ കൈവശമുള്ള താക്കോല്‍ തപ്പിയെടുത്ത് പ്രബീഷിന്റെ വാഹനത്തില്‍ തന്നെയാണ് വൈറ്റില വെല്‍കെയര്‍ ആശുപത്രിയിലെത്തിച്ചത്. പക്ഷേ അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത കുംഫു മാസ്റ്റര്‍ എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രത്തിന് ശബ്ദം നല്‍കിയരുന്നത് പ്രബീഷായിരുന്നു. കൂടാതെ നിരവധി ടെലിഫിലിമുകളില്‍ അഭിനയിക്കുകയും സിനിമകള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട്. ജെഎസ്ഡബ്ലിയു സിമന്റ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനുമായിരുന്നു. സിഎസ്എസ് സംസ്ഥാന സമിതി അംഗവുമാണ്. ഭാര്യ: ജാന്‍സി, മകള്‍: ടാനിയ. സംസ്‌കാരം തിങ്കളാഴ്ച 5 മണിക്ക് മരട് മൂത്തേടം പള്ളിയില്‍ നടക്കും.

 

chandrika: