X

പ്രവാസികളുടെ വിവാഹത്തിനും ആധാര്‍ നിര്‍ബന്ധം; ശുപാര്‍ശ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: പ്രവാസി വിവാഹങ്ങള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനാണ് ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. യുവതികള്‍ ഭര്‍ത്താവ് ഉപേക്ഷിക്കുന്ന സാഹചര്യവും ഗാര്‍ഹിക പീഡനവും അടക്കമുള്ളവ നേരിടേണ്ടിവരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനാണിത്.

വിവിധ മന്ത്രാലയങ്ങളിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്നസമിതിയാണ് വിദേശകാര്യ മന്ത്രാലയത്തിനു ഇക്കാര്യം ശുപാര്‍ശ ചെയ്തു റിപ്പോര്‍ട്ട് നല്‍കിയത്. ഓഗസ്റ്റ് 30ന് റിപ്പോര്‍ട്ട് വിദേശകാര്യമന്ത്രാലയത്തിനു സമര്‍പ്പിച്ചിരുന്നു. അതിനിടെ, പ്രവാസികളുടെ ആധാര്‍ എന്റോള്‍മെന്റ് നടപടികളുമായി യുഐഡിഎഐ മുന്നോട്ടുപോകുകയാണ്. എന്‍ആര്‍ഐ, ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ, പഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ എന്നിവര്‍ക്കെല്ലാം ഇന്ത്യയില്‍ വച്ചു നടത്തുന്ന വിവാഹങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കും. നിലവില്‍, ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കും, വീസയുള്ള വിദേശികള്‍ക്കും ആധാര്‍ നമ്പര്‍ ലഭിക്കാന്‍ എന്റോള്‍ ചെയ്യാന്‍ സൗകര്യമുണ്ട്.

പ്രവാസി വിവാഹങ്ങളുമായി ബന്ധപ്പെട്ട ഗാര്‍ഹിക പീഡനക്കേസുകളില്‍ ഇടപെടാന്‍ നിലവില്‍ ബുദ്ധിമുട്ടാണെന്നാണ് കേന്ദ്ര വനിതാ – ശുശുക്ഷേമ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. പലപ്പോഴും നോട്ടീസ് നല്‍കാന്‍പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇത്തരം കേസുകളില്‍ അന്വേഷണം നടത്തണമെന്നും സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. 2005 നും 12 നും ഇടെ പ്രവാസി വിവാഹങ്ങളുമായി ബന്ധപ്പെട്ട 1300 കേസുകള്‍ എന്‍.ആര്‍.ഐ സെല്ലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ദേശീയ വനിതാ കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

chandrika: