X

തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ പുണ്യനഗരികള്‍ സജ്ജമെന്ന് മക്ക ഗവര്‍ണര്‍

കോവിഡ് മഹാമാരി മൂലമുണ്ടായ രണ്ട് വര്‍ഷത്തെ നിയന്ത്രണങ്ങള്‍ക്കു ശേഷം വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തുന്ന തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ പുണ്യ നഗരികള്‍ സര്‍വസജ്ജമാണെന്ന് മക്ക ഗവര്‍ണറും രാജാവിന്റെ ഉപദേഷ്ടാവുമായ അമീര്‍ ഖാലിദ് ഫൈസല്‍ പ്രഖ്യാപിച്ചു. ഹജ്ജിന്റെ കര്‍മങ്ങള്‍ നടക്കുന്ന പുണ്യ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. വിദേശങ്ങളില്‍ നിന്ന് എട്ടര ലക്ഷം പേര്‍ക്കും ഒന്നര ലക്ഷം ആഭ്യന്തര തീര്‍ത്ഥാടകക്കുമാണ് ഇക്കൊല്ലത്തെ പുണ്യകര്‍മത്തിന് അനുമതി നല്‍കിയത്.

300 കോടിയിലധികം റിയാല്‍ ചെലവഴിച്ച് ജല, വൈദ്യുതി പദ്ധതികള്‍, 3700 കിടക്കകളുള്ള വിപുലമായ സൗകര്യങ്ങളോടു കൂടിയ 18 ആശുപത്രികള്‍, ജിദ്ദ മക്ക റൂട്ടില്‍ ദിനം പ്രതി മുപ്പത്തി അഞ്ച് ട്രെയിന്‍ സര്‍വീസുകള്‍ എന്നിവ ഹജ്ജ് കര്‍മത്തിന്റെ ഭാഗമായുള്ള പ്രത്യേക സംവിധാനങ്ങളാണ്. രണ്ട് ലക്ഷം ചതുരശ്ര മീറ്ററില്‍ ജബലുറബ്ഹ്മ മലയുടെ തെരഞ്ഞെടുത്ത ഭാഗങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ആദ്യ ഘട്ട നിര്‍മ്മാണം പുരോഗതിയിലാണ്.

അഞ്ച് ലക്ഷം ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ മിന ക്യാമ്പ് വികസനവും ഊര്‍ജ്ജിതമായി നടന്നു വരികയാണ്. പ്രതിദിനം 30 ട്രിപ്പുകള്‍ ഓടുന്ന വിധത്തില്‍ മക്കക്കും ജിദ്ദക്കും ഇടയില്‍ 35 ട്രെയിനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 171 പ്രാഥമിക ആരോഗ്യ സേവന കേന്ദ്രങ്ങളും ആരോഗ്യമന്ത്രാലയം സജ്ജമാക്കിയിട്ടുണ്ടെന്ന് അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ വിശദീകരിച്ചു.മിനായില്‍ ഹൈടെക് സൗകര്യങ്ങളാണ് ഹാജിമാരെ കാത്തിരിക്കുന്നത്. ഭക്ഷണം പാകം ചെയ്യാന്‍ പ്രത്യേക കെട്ടിടങ്ങള്‍ തന്നെ നിര്‍മിച്ചിട്ടുണ്ട്. മിനായിലെ കെട്ടിടങ്ങളിലും കിദാന കമ്പനിയുടെ സ്‌പെഷ്യല്‍ തമ്പുകള്‍, സാധാരണ തമ്പുകള്‍ എന്നിങ്ങനെയാണ് ഇത്തവണ ഹാജിമാര്‍ക്കുള്ള താമസ കേന്ദ്രങ്ങള്‍. ഇതില്‍ കിദാന ക്യാമ്പുകളില്‍ വിപുലമായ സൗകര്യങ്ങളാണുള്ളത്. കേരളത്തില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ മുഴുവന്‍ ഹാജിമാരും വിശുദ്ധ മക്കയില്‍ എത്തിച്ചേര്‍ന്നു.

Chandrika Web: